കറന്‍സി ക്ഷാമം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

2000 രൂപയുടെ നോട്ടുകള്‍ ആളുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നതായാണ് ബാങ്കര്‍മാര്‍ വിശ്വസിക്കുന്നത്
ന്യൂഡെല്‍ഹി: കറന്‍സി ക്ഷാമം രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കറന്‍സി അപര്യാപ്തത നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കറന്‍സി ക്ഷാമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
സാധാരണ ഇടപാടുകള്‍ക്ക് മതിയായ തുക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സര്‍ക്കാര്‍ പ്രിന്റിംഗ് ഏജന്‍സികളും പുറത്തിറക്കിയിട്ടുണ്ടെങ്കിലും 2000 രൂപയുടെ നോട്ടുകള്‍ ആളുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നതായാണ് ബാങ്കര്‍മാര്‍ വിശ്വസിക്കുന്നത്. നോട്ട് അസാധുവാക്കലിന് ശേഷം ഏകദേശം 5ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 200 രൂപ നോട്ടുകളാണ് അച്ചടിച്ചത്.
ആര്‍ബിഐയുടെ ഏപ്രില്‍ 6 വരെയുള്ള കണക്കുകള്‍ പ്രകാരം വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം 18.17 ലക്ഷം കോടി രൂപയാണ്. രാജ്യത്ത് വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം നോട്ട് അസാധുവാക്കലിന് മുമ്പുണ്ടായിരുന്ന തലത്തിന്റെ അടുത്തെത്തിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. ഡിജിറ്റലൈസേഷന് വര്‍ധിച്ചതിനാല്‍ കറന്‍സി ആവശ്യകത ഗണ്യമായി കുറഞ്ഞെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.
ആന്ധ്രാപ്രദേശും, തെലങ്കാനയും കടുത്ത കറന്‍സി ക്ഷാമത്തിലാണെന്ന് മാര്‍ച്ച് അവസാനമാണ് വാര്‍ത്തകള്‍ വന്നത്. പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്ആര്‍ഡിഐ (ഫിനാല്‍ഷ്യല്‍ റെസലൂഷന്‍ ആന്‍ഡ് ഡെപോസിറ്റ് ഇന്‍ഷുറന്‍സ്) ബില്‍ സംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ മൂലം ജനങ്ങള്‍ എക്കൗണ്ടുകളില്‍ നിന്ന് പണം വ്യാപകമായി പിന്‍വലിച്ചത് മൂലമാണ് കറന്‍സി ക്ഷാമം രൂക്ഷമായത്.
വിനിമയത്തിലുള്ള കറന്‍സിയുടെ മൂല്യം തെരഞ്ഞെടുപ്പിന് മുമ്പ് ഉയര്‍ച്ചയിലെത്തുമെന്നാണ് ബാങ്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വരാനിരിക്കുന്ന ആഴ്ചകളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏക സംസ്ഥാനം കര്‍ണാടകയാണ്. നിക്ഷേപ വളര്‍ച്ചയിലെ മാന്ദ്യത്തിലും കറന്‍സിയുടെ ആവശ്യകത പ്രതിഫലിക്കുന്നുണ്ട്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഡെപോസിറ്റുകള്‍ 6.7 ശതമാനം വളര്‍ന്നിട്ടുണ്ട്. 2016-17ല്‍ 15.3 ശതമാനം വളര്‍ച്ച കൈവരിച്ച സ്ഥാനത്താണിത്. ഈ കാലയളവില്‍ ബാങ്ക് വായ്പാ വളര്‍ച്ച 10.3 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷത്തിലിത് 8.2 ശതമാനമായിരുന്നു.