വാഗണുകള്‍ക്കായി 9000 കോടി രൂപ ചെലവിടുമെന്ന് റെയ്ല്‍വേ

വാഗണുകള്‍ക്കായി 9000 കോടി രൂപ ചെലവിടുമെന്ന് റെയ്ല്‍വേ

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1216 മില്യണ്‍ ടണ്‍ ചരക്ക് നീക്കമാണ് റെയ്ല്‍വേ ലക്ഷ്യമിടന്നത്

ന്യൂഡെല്‍ഹി: പുതിയ വാഗണുകള്‍ക്കായി അടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയ്ല്‍വേ 9,000 കോടി രൂപ ചെലവഴിക്കും. 2020 ഓടെ ഏകദേശം 38,000 പുതിയ വാഗണുകള്‍ വാങ്ങുന്നതിനാണ് റെയ്ല്‍വേ പദ്ധതിയിട്ടിരിക്കുന്നത്. മികച്ച ഗതാഗത സംവിധാനമൊരുക്കന്നതിന് ലക്ഷ്യമിട്ടുള്ള ഈ നീക്കം സ്വകാര്യ മേഖലയിലെ വാഗണ്‍ നിര്‍മാതാക്കള്‍ക്കും പ്രയോജനപ്രദമായതാണ്.

ബജറ്റ് ലക്ഷ്യം 12,000 ആയിരുന്നുവെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8000ത്തില്‍ താഴെ വാഗണുകളാണ് റെയ്ല്‍വേ വാങ്ങിയത്. ചരക്ക് ഗതാഗത സംവിധാനത്തെ വിപുലീകരിക്കുന്നവയാണ് ഈ വാഗണുകള്‍. ചിലവാഗണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം കൂടുതല്‍ ഉയര്‍ന്ന ശേഷിയുള്ള വാഗണുകള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് റെയ്ല്‍വേ വക്താവ് പറയുന്നു.

2017-18ല്‍ റെയ്ല്‍വേയിലൂടെയുള്ള ചരക്ക് നീക്കം 53 മില്യണ്‍ ടണ്‍ ഉയര്‍ന്ന് 1162 മില്യണ്‍ ടണ്ണായി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1216 മില്യണ്‍ ടണ്‍ ചരക്ക് നീക്കമാണ് റെയ്ല്‍വേ ലക്ഷ്യമിടന്നത്. ഇതുവഴി നടപ്പുവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന മൊത്തം വരുമാനത്തില്‍ 60 ശതമാനം നേടാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ചരക്ക് ഗതാഗതത്തില്‍ തങ്ങളുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ റെയ്ല്‍വേ ആവിഷ്‌കരിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതത്തില്‍ ഏകദേശം 30 ശതമാനം വിഹിതം മാത്രമാണ് നിലവില്‍ റെയ്ല്‍വേ സംഭാവന ചെയ്യുന്നത്. റാക്കുകളുടെ അഭാവം മൂലമാണ് ആവശ്യകതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതെന്ന് റെയ്ല്‍വേ ജീവനക്കാര്‍ വ്യക്തമാക്കുന്നു.

ടെക്‌സ്മാകോ റെയ്ല്‍ ആന്‍ഡ് എന്‍ജിനീയിറിംഗ്, ടിടഗര്‍ വാഗണ്‍സ്, ജിന്‍ഡാല്‍ റെയ്ല്‍, ജൂപിറ്റര്‍ വാഗണ്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രയോജനപ്രദമാകുന്നതാണ് റെയ്ല്‍വേയുടെ നീക്കം. റെയ്ല്‍വേയുടെ ഏറ്റവും വലിയ വാഗണ്‍ വിതരണക്കാര്‍ ഈ കമ്പനികളാണ്.

Comments

comments

Categories: More