ജനസൗഹൃദമാകണം കൊച്ചിയിലെ പൊതുഗതാഗതം

ജനസൗഹൃദമാകണം കൊച്ചിയിലെ പൊതുഗതാഗതം

ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുകയാണിപ്പോള്‍ കൊച്ചി നഗരം. തിരക്കേറിയ ഇടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചാല്‍ ഗതാഗതക്കുരുക്കിനും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ഒരു പരിധിവരെ പരിഹാരമാകും. സിപിപിആര്‍ നടത്തിയ സര്‍വേ പ്രകാരം സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഈ സംവിധാനം കൂടുതല്‍ സ്ത്രീസൗഹാര്‍ദമാകേണ്ടിയിരിക്കുന്നു

ഒരു നാടിന്റെ, ജനതയുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നവയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാണ് പൊതുഗതാഗത സംവിധാനം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം എത്രത്തോളം വര്‍ധിച്ചാലും ബസ്, ഓട്ടോ, ടാക്‌സി, മെട്രോ, ബോട്ട് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗമാളുകളും യാത്രചെയ്യുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ വാഹനപ്പെരുപ്പം വര്‍ധിച്ചുവരികയാണ്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം റോഡുകളില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പൊതുഗതാഗത സംവിധാനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവരും കുറവല്ല. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഇവ സുരക്ഷിതമാണോ? ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള സര്‍വീസുകള്‍ നിലവിലുണ്ടോ തുടങ്ങിയ വിഷയങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങളാണ്.

കൊച്ചിയില്‍ പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഒരു വര്‍ഷം നീളുന്ന പൊതുഗതാഗത ദിനാചരണ കാംപെയ്‌നു തുടക്കമിട്ടത്. ജനുവരി 28ന് ആരംഭിച്ച ദിനാചരണം പിന്നിട്ട രണ്ടു മാസങ്ങളിലും നിര്‍ദിഷ്ട തീയതികളില്‍ പൊതുഗതാഗതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളുമായി ശ്രദ്ധേയമായി. ഓരോ മാസവും വ്യത്യസ്ത പ്രമേയങ്ങളുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) ആണ് കൊച്ചി പൊതുഗതാഗത ദിനം എന്ന ആശയം അവതരിപ്പിച്ചത്. പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ച് കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളിലെ പാളിച്ചകളും വസ്തുതകളും വിലയിരുത്താന്‍ ലക്ഷ്യമിട്ടു സിപിപിആര്‍ നടത്തിയ സര്‍വേയില്‍ കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളില്‍ പുരുഷന്‍മാരുടേയും സ്ത്രീകളുടേയും വ്യത്യസ്ത രീതികള്‍, ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി, യാത്രാ സ്വഭാവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.

കൊച്ചിയെ പോലെ തിരക്കേറിയ നഗരങ്ങളില്‍ റോഡിന് വീതി കൂടാത്ത സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനഫീസ് ഏര്‍പ്പെടുത്തി പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ നടപ്പാക്കണം.

ഡിജോ കാപ്പന്‍

ചെയര്‍മാന്‍

പൊതുഗതാഗത സംരക്ഷണ സമിതി

പൊതുഗതാഗതം കൂടുതലാശ്രയിക്കുന്നത് സ്ത്രീകള്‍

പൊതുഗതാഗത സംവിധാനം പുരുഷന്‍മാരേക്കാള്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നു സര്‍വേ. മെട്രോ, ബസ്, ഫെറി, കാര്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവയിലെല്ലാം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും സാന്നിധ്യമുണ്ടെങ്കിലും ബസിനെയാണ് കൂടുതല്‍പ്പേരും യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. 60 ശതമാനത്തോളം സ്ത്രീകള്‍ ബസിനെ ആശ്രയിക്കുമ്പോള്‍ 40 ശതമാനത്തില്‍ താഴെ പുരുഷന്‍മാര്‍ മാത്രമാണ് പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുന്നത്. പത്തു ശതമാനത്തിലധികം പുരുഷന്‍മാര്‍ മെട്രോയെ ആശ്രയിക്കുന്നു. സമാന സംവിധാനത്തില്‍ പുരുഷന്‍മാരൊടൊപ്പം സ്ത്രീകളും സ്ഥാനം പിടിച്ചിരിക്കുന്നു. തൊഴില്‍, ഷോപ്പിംഗ്, വിനോദം എന്നിവയ്‌ക്കെല്ലാം സ്ത്രീകള്‍ കൂടുതലായും ബസിനെയാണ് ആശ്രയിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിയെ ആനവണ്ടി എന്നു സ്‌നേഹത്തോടെ വിളിച്ച് നെഞ്ചേറ്റുന്നവരും കുറവല്ല. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാരും എന്റെ പണം സര്‍ക്കാരിനു മാത്രമെന്നു ചിന്തിക്കുന്നവരുമാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മനോഭാവം മാറണമെന്നു ചിലരെങ്കിലും പറയുമ്പോഴും അവര്‍ക്ക് സ്ത്രീകളോടുള്ള പെരുമാറ്റവും പരിഗണനയും യാത്രക്കാരികളില്‍ ചിലരെങ്കിലും എടുത്തുപറയുന്നു.

രാത്രി എട്ടുമുതല്‍ ഒമ്പതുമണിവരെ ആയാല്‍പ്പോലും ഇന്ന് സ്ത്രീകള്‍ക്ക് റിസര്‍വ് ചെയ്ത സീറ്റുകളില്‍ ഇരിക്കാന്‍ സ്ത്രീകളുണ്ടെന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നു പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡിജോ കാപ്പന്‍ പറയുന്നു. സ്വാഭാവികമായും എട്ടു മണിക്കൂറോളം ജോലി ചെയ്ത് ക്ഷീണിച്ചു വരുന്ന സ്ത്രീകള്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടോയെന്നതും ചോദ്യമാണ്. വൈകുന്നേരം പാസഞ്ചര്‍ ട്രെയിനുകളില്‍ ലേഡീസ് കോച്ചുകളിലെ വാതിലില്‍പോലും സ്ത്രീകളുടെ തിരക്ക് ദൃശ്യമാകുന്നുണ്ട്. ജോലിക്കാരായ സ്ത്രീകള്‍ക്കും അമ്മയ്ക്കു കുഞ്ഞിനും പലപ്പോഴും ബസുകളില്‍ പുരുഷന്‍മാര്‍ എഴുന്നേറ്റ് കൊടുക്കാറുണ്ടെങ്കിലും പ്രായമായ പുരുഷനുവേണ്ടി സീറ്റൊഴിയുന്ന സ്ത്രീയെ കാണാറില്ല- ഡിജോ കാപ്പന്‍ അഭിപ്രായപ്പെടുന്നു.

സ്ത്രീകള്‍ക്ക് പൊതുവെ ബസ് യാത്രയാണിഷ്ടം. തനിച്ചല്ലായെന്ന തോന്നല്‍ തന്നെയാണ് ഇതിനു പ്രധാന കാരണമായി ആലുവ ടെക്‌നിക്കല്‍ സ്‌കൂളിലെ ഗസ്റ്റ് ലക്ചറായ വിദ്യ ചൂണ്ടിക്കാട്ടുുന്നത്. കോട്ടപ്പുറം- ബാങ്ക് ജംഗ്ഷന്‍ റൂട്ടില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യക്ക് സര്‍വീസുകള്‍ കുറവാണെന്നതു മാത്രമാണു പരാതി. രാവിലെ എട്ടു മുതല്‍ 9.30 വരെ തിരക്ക് കൂടുതലാണ്. ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം കൂട്ടിയാല്‍ പ്രയോജനപ്രദമാകും- വിദ്യ പറയുന്നു. തിരക്കുകള്‍ക്കിടയിലും ഇരുചക്ര വാഹനങ്ങളേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് പൊതുഗതാഗത സംവിധാനങ്ങള്‍ക്കാണെന്നും വിദ്യ തറപ്പിച്ചു പറയുന്നു.

കുരുക്കില്‍ കുരുങ്ങി കൊച്ചി

നഗരത്തിലെ ഗതാഗതക്കുരുക്കാണ് യാത്രക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ചാല്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരം കാണാനാകൂ. അഞ്ചു വര്‍ഷത്തോളമായി ബസിലെ സ്ഥിരം യാത്രക്കാരനാണ് കലൂര്‍ ബിസ്മി ജീവനക്കാരനായ ദിലീപ് മന്മഥന്‍. സ്വകാര്യ വാഹനങ്ങളുടെ തള്ളിക്കയറ്റമുണ്ടാക്കുന്ന ബുദ്ധിമുട്ടൊഴികെ പൊതുഗതാഗത സംവിധാനം പ്രയോജനപ്രദമാണെന്ന് ഇദ്ദേഹം പറയുന്നു. രാവിലെ 9 -11 മണി വരെയും രാത്രി 7- 9 മണി വരെയും സ്വകാര്യ വാഹനങ്ങള്‍, പ്രത്യേകിച്ച് ഒരാള്‍ മാത്രം ഓടിക്കുന്ന കാറുകളും മറ്റും തിരക്കേറിയ സ്ഥലങ്ങളില്‍ പ്രവേശിക്കരുതെന്ന നയമുണ്ടാകണം. ബസുകളില്‍ 50 പേര്‍ക്ക് സഞ്ചരിക്കാമെന്നിരിക്കെ കുറഞ്ഞത് മൂന്നു പേരെങ്കിലും യാത്ര ചെയ്യുന്ന കാറുകളെ മാത്രം കടത്തിവിട്ടാല്‍ തിരക്കിന് പരിഹാരമാകും. കൊച്ചിയില്‍ മാത്രമല്ല തിരക്കേറിയ എല്ലാ നഗരങ്ങളിലും ഈ രീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം- ദിലീപ് പറയുന്നു.

കൊച്ചിയെ പോലെ തിരക്കേറിയ നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനഫീസ് ഏര്‍പ്പെടുത്തിയും മറ്റും പൊതുഗതാഗത സംവിധാനം പ്രോല്‍സാപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ഡിജോ കാപ്പന്‍ ചൂണ്ടിക്കാണിക്കുന്നു. ബസുകളിലെയും മറ്റും യാത്രാചെലവ് സ്വകാര്യ വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനം ജനങ്ങള്‍ക്ക് അപ്രാപ്യമാക്കുന്നതിനു തുല്യമാണ്. പൊതുഗതാഗതം പ്രോല്‍സാഹിപ്പിക്കാന്‍ നിരക്കുകുറച്ച് സഞ്ചാരം ജനസൗഹാര്‍ദമാക്കണം. ഡിജോ കാപ്പന്‍ പറയുന്നു. ഇതോടൊപ്പം സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ജനറോം ബസുകള്‍ ഇവിടെ അവതരിപ്പിച്ചത്. നഗരപരിധിവിട്ട് പോകരുതെന്ന കര്‍ശന നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ ഈ ബസുകള്‍ ദീര്‍ഘദൂര ഓട്ടത്തിന് വിട്ടുനല്‍കിയിരിക്കുകയാണ്. ഇത്തരം കെടുകാര്യസ്ഥത തന്നെയാണ് പൊതു നിരത്തില്‍ സ്വകാര്യവാഹനങ്ങള്‍ കൂടാന്‍ കാരണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹന രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തുന്നത് എറണാകുളത്താണെന്നും ഡിജോ കാപ്പന്‍ പറയുന്നു.

തനിച്ചു പോകുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഒരുപാട് ആളുകള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നത്. ഇരുചക്ര വാഹനങ്ങളേക്കാള്‍ കൂടുതല്‍ പരിഗണന പൊതുഗതാഗത സംവിധാനങ്ങള്‍ക്കുതന്നെ

വിദ്യ

യാത്രക്കാരി

സുരക്ഷയ്ക്ക് പ്രാധാന്യം

ഗതാഗത സംവിധാനം തെരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ മുന്‍തൂക്കം നല്‍കുന്നത് സുരക്ഷയ്ക്കാണെന്നും സിപിപിആര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 73 ശതമാനത്തോളം സ്ത്രീകളും സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കുമ്പോള്‍ 57.7 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് ഇതിനു പ്രാധാന്യം നല്‍കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി തന്നെയാണ് സ്ത്രീകള്‍ ബസുകളെ കൂടുതലാശ്രയിക്കുന്നതും. തനിച്ചു പോകുന്നതിനേക്കാള്‍ സുരക്ഷിതമാണ് ധാരാളം ആളുകള്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്യുന്നതെന്നും വിദ്യ പറയുന്നു. ഇതോടൊപ്പം പ്രൊഫഷണല്‍ യോഗ്യതയുള്ള ഡ്രൈവര്‍മാരാണ് കെഎസ്ആര്‍ടിസി ബസുകളിലുള്ളത്. നിരവധി ആളുകളുമായി യാത്ര ചെയ്യുമ്പോള്‍ അവര്‍ യാത്രക്കാരുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ബസ് ഓടിക്കുന്നതെന്നതും സുരക്ഷിതത്വബോധം നല്‍കുന്നുണ്ട്.

രാവിലെ 9 -11 മണി വരെയും രാത്രി 7- 9 മണി വരെയും സ്വകാര്യ വാഹനങ്ങള്‍, പ്രത്യേകിച്ച് ഒരാള്‍ മാത്രം ഓടിക്കുന്ന കാറുകളും മറ്റും തിരക്കേറിയ സ്ഥലങ്ങളില്‍ പ്രവേശിക്കരുതെന്ന നയമുണ്ടാകണം

ദിലീപ് മന്മഥന്‍

യാത്രക്കാരന്‍

കെഎസ്ആര്‍ടിസിയേക്കാള്‍ പ്രിയം സ്വകാര്യ ബസുകള്‍

പൊതുഗതാഗത സംവിധാനങ്ങളില്‍ കെഎസ്ആര്‍ടിസിയേക്കാള്‍ സ്വകാര്യ ബസുകളെ ഇഷ്ടപ്പെടുന്ന യാത്രക്കാരുമുണ്ട്. സമയകൃത്യത പാലിക്കുന്നുവെന്നതാണ് സ്വകാര്യബസുകളോടു മമത കൂടാനുള്ള പ്രധാന കാരണം. ബസുകളിലെ വൃത്തിയാണ് മറ്റൊന്ന് ” സ്വകാര്യ ബസുകള്‍ കൃത്യസമയത്തെത്താന്‍ വേഗത കൂട്ടാറുണ്ട്. എന്നാല്‍ ആ ബസുകളില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരാരും ഡ്രൈവറെ കുറ്റപ്പെടുത്താറില്ല. കാരണം ഞങ്ങള്‍ക്കറിയാം ഡ്രൈവര്‍ എത്തേണ്ടിടത്ത് സുരക്ഷിതമായി എത്തിക്കുമെന്ന്” ദിലീപ് പറയുന്നു. സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ പെരുമാറ്റമാണ് എടുത്തുപറയുന്ന മറ്റൊരു കാര്യം. യാത്രക്കാരോട് സൗഹാര്‍ദപരമായി ഇടപെഴകാന്‍ അവര്‍ ശ്രദ്ധിക്കാറുണ്ട്. ആര്‍ക്കോ വേണ്ടി ജോലി ചെയ്യുന്ന സമീപനമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പലപ്പോഴും സ്വീകരിക്കാറുള്ളത്. മാത്രമല്ല ഹര്‍ത്താല്‍ ദിനങ്ങളില്‍ പോലും ഡിപ്പോയില്‍ വിളിച്ചാല്‍, ബസ് പുറപ്പെടുമോ ഇല്ലയോയെന്നു പറയാന്‍പോലും അവര്‍ക്കു കഴിയാറില്ല. ബസ് പുറപ്പെടാന്‍ വന്നാല്‍ പറയാം എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ പോലും ഞാന്‍ കേട്ടത്- ദിലീപ് പറയുന്നു. കെഎസ്ആര്‍ടിസി കൃത്യസമയം പാലിച്ചാല്‍ തന്നെ യാത്രക്കാര്‍ കൂടുമെന്ന വസ്തുത ഭൂരിഭാഗവും ശരിവെക്കുന്നു. വൃത്തിയുടെ കാര്യത്തിലും സ്വകാര്യബസുകള്‍ കെഎസ്ആര്‍ടിസിയേക്കാള്‍ മുന്നിലാണ്.

സിപിപിആര്‍ നടത്തിയ സര്‍വേയില്‍ പൊതുഗതാഗതം തെരഞ്ഞെടുക്കുന്നതില്‍ യാത്രക്കാര്‍ മുന്‍ഗണന നല്‍കിയതും വൃത്തിക്കാണ്. 65.5% സ്ത്രീകള്‍ ഇതിനു പ്രാധാന്യം നല്‍കിയപ്പോള്‍ 57. 7% പുരുഷന്‍മാരാണ് ഇതിനോട് യോജിച്ചത്.

കെഎസ്ആര്‍ടിസിയെ ആനവണ്ടി എന്നു സ്‌നേഹത്തോടെ വിളിച്ച് നെഞ്ചേറ്റുന്നവരും കുറവല്ല. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാരും എന്റെ പണം സര്‍ക്കാരിനു മാത്രമെന്നു ചിന്തിക്കുന്നവരുമാണ് ഇത്തരക്കാരില്‍ ഭൂരിഭാഗവും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മനോഭാവം അല്‍പ്പം മാറണമെന്നു ചിലരെങ്കിലും പറയുമ്പോഴും അവര്‍ക്ക് സ്ത്രീകളോടുള്ള പെരുമാറ്റവും പരിഗണനയും യാത്രക്കാരികളില്‍ ചിലരെങ്കിലും എടുത്തുപറയുന്നു.

Comments

comments

Categories: FK Special, Slider