നോര്‍ട്ടണ്‍ കമാന്‍ഡോ 961 ബുക്കിംഗ് ആരംഭിച്ചു

നോര്‍ട്ടണ്‍ കമാന്‍ഡോ 961 ബുക്കിംഗ് ആരംഭിച്ചു

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ അരങ്ങേറുന്നു

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നു. നോര്‍ട്ടണിന്റെ ഇന്ത്യന്‍ പാര്‍ട്ണറായ കൈനറ്റിക് ഗ്രൂപ്പ് നോര്‍ട്ടണ്‍ കമാന്‍ഡോ 961 മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. കൈനറ്റിക് ഗ്രൂപ്പിന്റെ മള്‍ട്ടി ബ്രാന്‍ഡ് മോട്ടോറൊയാല്‍ ഡീലര്‍ഷിപ്പുകളില്‍ രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ മോഡല്‍ ബുക്ക് ചെയ്യാം. 23.40 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഡീലര്‍മാര്‍ വിലയുടെ അമ്പത് ശതമാനം ബുക്കിംഗ് തുകയായി ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷമാണ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍ പ്രഖ്യാപിച്ചത്. നോര്‍ട്ടണ്‍ കമാന്‍ഡോ 961 വൈകാതെ പുറത്തിറക്കും.

അന്തര്‍ദേശീയ തലത്തില്‍ സ്‌പോര്‍ട്, കഫേ റേസര്‍ എന്നീ രണ്ട് വേരിയന്റുകളില്‍ നോര്‍ട്ടണ്‍ കമാന്‍ഡോ 961 ലഭിക്കും. എന്നാല്‍ ഇന്ത്യയില്‍ സ്‌പോര്‍ട് വേരിയന്റായിരിക്കും ആദ്യം പുറത്തിറക്കുന്നത്. 1960 കളിലെ മോട്ടോര്‍സൈക്കിളുകളുടെ രൂപകല്‍പ്പനയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഡേണ്‍ ക്ലാസിക് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ എന്‍ജിന്‍ തീര്‍ച്ചയായും ആധുനികമാണ്. 270 ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് സഹിതം 961 സിസി, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് കമാന്‍ഡോ 961 മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. എന്‍ജിന്‍ 79 ബിഎച്ച്പി കരുത്തും 90 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഡൈ കാസ്റ്റ് ചെയ്ത പുതിയ കേസുകളും ഹെഡും സിലിണ്ടറും എന്‍ജിനില്‍ നല്‍കി. സിലിണ്ടറിനുള്ളില്‍ നികാസില്‍ ബോര്‍ പ്ലേറ്റിംഗ് മറ്റൊരു സവിശേഷതയാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ പ്ലാന്റില്‍ ഈ വര്‍ഷം പ്രാദേശിക അസംബ്ലിംഗ് തുടങ്ങും

സ്വീഡിഷ് കമ്പനിയായ ഓഹ്‌ലിന്‍സിന്റെ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍ മുന്നിലും ഓഹ്‌ലിന്‍സിന്റെ തന്നെ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും സസ്‌പെന്‍ഷന്‍ ജോലികള്‍ കൈകാര്യം ചെയ്യും. ഇറ്റാലിയന്‍ കമ്പനിയായ ബ്രെംബോയുടെ കാലിപറുകളാണ് ബ്രേക്കിംഗ് നടത്തുന്നത്. തുടക്കത്തില്‍ പൂര്‍ണ്ണമായും വിദേശത്ത് നിര്‍മ്മിച്ചശേഷം മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ പ്ലാന്റില്‍ ഈ വര്‍ഷം തന്നെ പ്രാദേശിക അസംബ്ലിംഗ് തുടങ്ങുമെന്ന് നോര്‍ട്ടണ്‍ അറിയിച്ചു. ജൂണ്‍ മാസത്തോടെ നോര്‍ട്ടണ്‍ കമാന്‍ഡോ 961 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിക്കും. കഫേ റേസര്‍ വേരിയന്റ് ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡുകാറ്റി മോണ്‍സ്റ്റര്‍ 1200 എസ്, ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി, എംവി അഗസ്റ്റ ബ്രൂട്ടാല്‍ 1090 ആര്‍ആര്‍, ട്രയംഫ് ത്രക്സ്റ്റണ്‍ ആര്‍ എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto