യൂറോപ്പിലെ നിയമം ടെക്‌നോളജിയെ മാറ്റിമറിക്കും

യൂറോപ്പിലെ നിയമം ടെക്‌നോളജിയെ മാറ്റിമറിക്കും

ഒരു ആഗോള ടെക് ഭൂകമ്പമാണു മേയ് മാസം 25നു വരാന്‍ പോകുന്നത്. ഇതിന്റെ പ്രഭവ കേന്ദ്രമെന്നു പറയുന്നത്, സിലിക്കണ്‍വാലിയില്‍നിന്നും ആയിരക്കണക്കിനു മൈല്‍ അകലെ യൂറോപ്പിലായിരിക്കും. എങ്കിലും ഇതിന്റെ പ്രഹരശേഷി സിലിക്കണ്‍വാലിയെ പിടിച്ചുലയ്ക്കാന്‍ പര്യാപ്തമായിരിക്കുമെന്നാണു നിഗമനം.

ടെക് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുന്ന ഡാറ്റ പരിരക്ഷാ നിയമം നടപ്പിലാക്കുവാന്‍ തയാറെടുക്കുകയാണു യൂറോപ്യന്‍ യൂണിയന്‍. ഡാറ്റാ ദുരുപയോഗം, വിവര ചോര്‍ച്ച, സൈബര്‍ ആക്രമണം തുടങ്ങിയവ വ്യാപകമായി അരങ്ങേറുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താവിനെ സംരക്ഷിക്കാന്‍ പുതിയ നിയമം ആവശ്യമാണെന്ന അഭിപ്രായമാണ് റെഗുലേറ്റര്‍മാര്‍ക്കുള്ളത്. ഇതിന്റെ ഭാഗമായിട്ടാണു ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) മേയ് മാസം 25 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുവാന്‍ തയാറെടുക്കുന്നത്.

എന്താണ് ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) ?

ഉപഭോക്താക്കള്‍ക്കു വ്യക്തിപരമായ വിവരങ്ങള്‍ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാം. അക്കാര്യം ഉറപ്പു വരുത്തുന്നതാണു ജിഡിപിആര്‍.
ഇപ്പോള്‍ യൂറോപ്പ് പിന്തുടരുന്നത് 1995 മുതലുള്ള ഡാറ്റ നിയമമാണ്. അതു പരിഷ്‌കരിക്കാനും, വിപുലപ്പെടുത്തുവാനും കൂടി ഉദ്ദേശിക്കുന്നതാണു ജിഡിപിആര്‍. ഹാക്കിംഗും, സുരക്ഷാ വീഴ്ചയും, വിവരങ്ങള്‍ ചോര്‍ത്തുന്നതിനുമൊക്കെ മുന്‍പു ആവിഷ്‌കരിച്ചിട്ടുള്ളതാണ് ഇപ്പോഴുള്ള ഡാറ്റ നിയമം. എന്നാല്‍ ഈ നിയമത്തെ ജിഡിപിആറിലൂടെ പരിഷ്‌കരിക്കുന്നതോടെ യൂറോപ്പില്‍ എല്ലാ പൗരന്മാര്‍ക്കും അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഉറപ്പാവുകയാണ്. ടെക് കമ്പനികളില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു യൂറോപ്യന്‍ കമ്മീഷന്‍ വക്താക്കള്‍ പറയുന്നു.

ജിഡിപിആര്‍ നടപ്പിലാവുന്നതോടെ, ടെക് കമ്പനികള്‍ പ്രത്യേകിച്ചു സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്, ഇപ്പോള്‍ പിന്തുടരുന്ന ബിസിനസ് സമ്പ്രദായങ്ങള്‍ മാറ്റേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഫേസ്ബുക്കിനും ഗൂഗിളിനും യൂറോപ്പില്‍ മാത്രം ലക്ഷക്കണക്കിനു യൂസര്‍മാരുണ്ട്. ജിഡിപിആര്‍ നിലവില്‍ വരുന്നതോടെ ഈ കമ്പനികള്‍ക്കു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും.

ജിഡിപിആര്‍ കൊണ്ട് കമ്പനികള്‍ എന്താണ് അര്‍ഥമാക്കേണ്ടത് ?

ബ്രൗസിംഗ് ഹിസ്റ്ററി ട്രാക്ക് ചെയ്തു കൊണ്ട് ഓരോരുത്തരുടെയും ഓണ്‍ലൈന്‍ സ്വഭാവങ്ങള്‍ നിരീക്ഷിച്ചിരുന്നു ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പല ടെക് കമ്പനികളുമെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. യൂറോപ്പില്‍, ജിഡിപിആര്‍ നടപ്പിലാവുന്നതോടെ, ടെക് കമ്പനികള്‍ പ്രത്യേകിച്ചു സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്, ഇപ്പോള്‍ പിന്തുടരുന്ന ബിസിനസ് സമ്പ്രദായങ്ങള്‍ മാറ്റേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഫേസ്ബുക്കിനും ഗൂഗിളിനും യൂറോപ്പില്‍ മാത്രം ലക്ഷക്കണക്കിനു യൂസര്‍മാരുണ്ട്. ജിഡിപിആര്‍ നിലവില്‍ വരുന്നതോടെ ഈ കമ്പനികള്‍ക്കു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. ജിഡിപിആര്‍ പ്രകാരം, ടെക് കമ്പനികള്‍ക്ക്, വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനും യൂസറിന്റെ സമ്മതം വാങ്ങേണ്ടതുണ്ട്. ഇക്കാര്യത്തില്‍ യൂസറിനു മുന്‍പാകെ കമ്പനികള്‍ സമര്‍പ്പിക്കേണ്ട അപേക്ഷ വ്യക്തവും, എളുപ്പം മനസിലാവുന്ന ഭാഷയിലുള്ളതുമായിരിക്കണം. കണ്‍സ്യൂമറിന്റെ അഥവാ യൂസറിന്റെ സമ്മതം ലഭിക്കുന്നതിനായി കമ്പനികള്‍ സങ്കീര്‍ണമായ ഭാഷ ഉപയോഗിക്കരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തേയ്ക്കു ഡാറ്റ കൈവശം സൂക്ഷിക്കാന്‍ ഇനിമുതല്‍ ആരെയും അനുവദിക്കില്ലെന്നു ജിഡിപിആര്‍ നിഷ്‌കര്‍ഷിക്കുന്നു. അതുപോലെ വ്യക്തിപരമായ വിവരങ്ങള്‍ കമ്പനിയുടെ സെര്‍വറില്‍നിന്നും നീക്കം ചെയ്യാന്‍, യൂസര്‍ക്ക് കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്യാം. കമ്പനികള്‍ യൂസറിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്നതു കൃത്യതയോടെയും സുതാര്യതയോടെയുമായിരിക്കണമെന്നു പുതിയ നിയമം അനുശാസിക്കുന്നുണ്ട്. ഇതിലൂടെ ഉയര്‍ന്ന തലത്തിലുള്ള നിരീക്ഷണവും, രേഖപ്പെടുത്തലും (ഡോക്യുമെന്റേഷന്‍) ഉറപ്പാക്കുകയാണു ജിഡിപിആര്‍.

ജിഡിപിആര്‍ പൊതുജനത്തിന് എപ്രകാരമായിരിക്കും ഉപകാരപ്പെടുന്നത് ?

പുതിയ നിയമം നടപ്പിലാവുന്നതോടെ ഉപഭോക്താക്കള്‍ക്ക്, അവര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികള്‍ക്കും സുരക്ഷാ മുന്നറിയിപ്പുകള്‍ കൂടുതല്‍ ലഭിച്ചു കൊണ്ടിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഇൗ നിയമത്തിലൂടെ കൂടുതല്‍ കരുത്തുള്ള അവകാശങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഉപഭോക്താവിനു സാധിക്കും, പ്രത്യേകിച്ച് ഓണ്‍ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍.

ഒരു കമ്പനി അത് ടെക്‌നോളജി കമ്പനിയാകട്ടെ, മെഡിക്കല്‍ കമ്പനിയാകട്ടെ, ഒരു ഉപഭോക്താവിന്റെ വിവരം ശേഖരിക്കുകയാണെന്നു കരുതുക, അവര്‍ അത് പിന്നീട് ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാറുമുണ്ട്. ഇങ്ങനെ ഓണ്‍ലൈനില്‍ വിവരങ്ങള്‍ എന്‍ട്രി ചെയ്തു കഴിഞ്ഞാല്‍ ആ കമ്പനി ഉപഭോക്താവിന്റെ വിവരം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരോടു സംഭവം നടന്ന് 72 മണിക്കൂറിനുള്ളില്‍ അറിയിച്ചിരിക്കണം. നിയമം ലംഘിച്ചതായി ബോദ്ധ്യപ്പെട്ടാല്‍ പിഴയായി 25 മില്യന്‍ ഡോളര്‍ കമ്പനികളില്‍നിന്നും ഈടാക്കാമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ട് ജിഡിപിആര്‍.

വ്യക്തിപരമായ വിവരങ്ങള്‍ കമ്പനിയുടെ സെര്‍വറില്‍നിന്നും നീക്കം ചെയ്യാന്‍, യൂസര്‍ക്ക് കമ്പനിയോട് ആവശ്യപ്പെടാം. കമ്പനികള്‍ യൂസറിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്നതു കൃത്യതയോടെയും സുതാര്യതയോടെയുമായിരിക്കണമെന്നു പുതിയ നിയമം അനുശാസിക്കുന്നുണ്ട്. ഇതിലൂടെ ഉയര്‍ന്ന തലത്തിലുള്ള നിരീക്ഷണവും, രേഖപ്പെടുത്തലും (ഡോക്യുമെന്റേഷന്‍) ഉറപ്പാക്കുകയാണു ജിഡിപിആര്‍.

ഡാറ്റ സംരക്ഷണം മൗലികാവകാശമായി കണക്കാക്കുന്ന യൂറോപ്പ്

യൂറോപ്പ്, ഡാറ്റ സംരക്ഷണത്തെ മൗലികാവകാശമായിട്ടാണു കണക്കാക്കുന്നത്. വ്യക്തിയുടെ സ്വകാര്യത പോലെ തന്നെയാണ് അവര്‍ ഡാറ്റയുടെ സ്വകാര്യതയെയും കണക്കാക്കുന്നത്. ഇതാണു പുതിയ നിയമം നടപ്പിലാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി യൂറോപ്പില്‍ എല്ലാ ജനുവരി 28-നും യൂറോപ്യന്‍ ഡാറ്റ സംരക്ഷണ ദിനമായി ആചരിക്കുന്നു.2016-ലാണു ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രതയും സ്വകാര്യതയും വേണമെന്ന ആവശ്യമുയര്‍ന്നത്. പിന്നീട് 2017 ജനുവരി 27ന് ഡാറ്റ പരിരക്ഷാ പരിഷ്‌കരണത്തെ യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിച്ചു. ഈ പരിഷ്‌കരണം ഒരു വര്‍ഷത്തോളം നടപ്പിലാക്കി. അതിനു ശേഷമാണ് ഈ വര്‍ഷം മേയ് 25-ന് ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.

Comments

comments

Categories: FK Special, Slider, Tech