വിപണി മൂല്യത്തില്‍ എസ്ബിഐയെ പിന്തള്ളി കോട്ടക് മഹീന്ദ്ര

വിപണി മൂല്യത്തില്‍ എസ്ബിഐയെ പിന്തള്ളി കോട്ടക് മഹീന്ദ്ര

ഇന്ത്യയിലെ രണ്ടാമത്തെ മൂല്യമുള്ള ബാങ്കായി കൊട്ടക് മഹീന്ദ്ര മാറി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യെ വിപണി മൂല്യത്തില്‍ കടത്തിവെട്ടി കോട്ടക് മഹീന്ദ്ര ബാങ്ക്. ഇതോടെ എച്ച്ഡിഎഫ്‌സി കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ മൂല്യമുള്ള ബാങ്കായി കോട്ടക് മഹീന്ദ്ര മാറി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം തിങ്കളാഴ്ച 2.23 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. എസ്ബിഐയുടേത് 2.22 ലക്ഷം കോടി രൂപയാണ്. 5.03 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള എച്ച്ഡിഎഫ്‌സി ബാങ്കാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ വിപണി മൂല്യത്തില്‍ മുന്നിലുള്ളത്.

കോര്‍പ്പറേറ്റ് മേഖലയിലെ വായ്പാ തിരിച്ചടവ് വീഴ്ചകള്‍ വര്‍ധിക്കുന്നത്, കിട്ടാക്കടങ്ങളുടെ വര്‍ധനവ്, വന്‍ വായ്പകളുടെ വെട്ടിച്ചുരുക്കല്‍ മുതലായവ പൊതുമേഖലാ ബാങ്കുകള്‍ക്ക് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. വര്‍ഷങ്ങളായി സ്വകാര്യ ബാങ്കുകള്‍ നേട്ടം കൊയ്യുന്ന ഇടമാണ് റീട്ടെയ്ല്‍ ബാങ്കിംഗ്. ‘എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ നിഷ്‌ക്രിയാസ്തി, ഇക്വിറ്റി കുറയ്ക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ക്ക് കീഴില്‍ സമ്മര്‍ദം നേരിടുകയാണ്. സ്വകാര്യ കോര്‍പ്പറേറ്റ് വായ്പാദാതാക്കളില്‍ നിന്നും നിക്ഷേപകര്‍ സ്വകാര്യ റീട്ടെയ്ല്‍ വ്യാപാദാതാക്കളിലേക്ക് ക്രമേണ മാറുകയാണ്’, മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ എംഡിയായ രജത് രാജ്ഗരിയ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ 33 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എസ്ബിഐ ഓഹരി 15 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലാ വായ്പാദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്കും ഇന്‍ഡസ്ഇന്‍ഡും യഥാക്രമം 30 ശതമാനം വളര്‍ന്നു. 2017 ഡിസംബര്‍ 31ലെ കണക്ക്പ്രകാരം കോട്ടക് മഹീന്ദ്ര ബാങ്കിന് 1.2 കോടി നിക്ഷേപ ഉപഭോക്താക്കളാണുള്ളത്. 2017 മാര്‍ച്ചില്‍ നിന്നും 50 ശതമാനം വര്‍ധനവാണ് ബാങ്ക് ഇക്കാലയളവില്‍ നേടിയത്. സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ബാങ്ക് മാര്‍ച്ച് പാദത്തിലും ശക്തമായ പ്രകടനം തുടരുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

ആക്‌സിസ് ബാങ്കിനെ കോട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള അനുയോജ്യമായ സമയമിതാണെന്ന് കഴിഞ്ഞ ആഴ്ച നോമുറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെഗുലേറ്റര്‍ നിര്‍ദേശിച്ചിരിക്കുന്ന തലത്തിിലേക്ക് പ്രമോട്ടര്‍മാരുടെ ഓഹരി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു നീക്കമായാണ് നോമുറ ഇതിനെ വിലയിരുത്തുന്നത്. 2020 ഓടെ മഹീന്ദ്ര ബാങ്ക് സ്ഥാപകനായ ഉദയ് കോട്ടകിന് ബാങ്കിലുള്ള ഒഹരി പങ്കാളിത്തം 15 ശതമാനമായി കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഉദയ് കോട്ടകിനും കുടുംബത്തിനും നിലവില്‍ കോട്ടക് മഹീന്ദ്ര ബാങ്കില്‍ 30.06 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

Comments

comments

Categories: Banking