ജി മെയ്ല്‍ നവീകരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ജി മെയ്ല്‍ നവീകരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

കാലിഫോര്‍ണിയ: ജി മെയ്‌ലിന്റെ നവീകരിച്ച പതിപ്പുമായി ഗൂഗിളെത്തുന്നു. ഇക്കാര്യം ഗൂഗിള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ജി സ്യൂട്ട് അഡ്മിനിസ്‌ട്രേഷന്‍മാര്‍ക്ക് അയച്ച ഇ-മെയ്‌ലിലാണ് ഇക്കാര്യം ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍, ഉത്പന്നം തുടങ്ങിയവയെയാണ് ജി സ്യൂട്ട് എന്നു വിശേഷിപ്പിക്കുന്നത്. ജി മെയ്ല്‍, ഗൂഗിള്‍ പ്ലസ്, ഹാങ് ഔട്ട് എന്നിവ ഉള്‍പ്പെടുന്നതാണു ജി സ്യൂട്ട്. വര്‍ഷങ്ങള്‍ക്കു ശേഷമാണു ജി മെയ്‌ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഗൂഗിള്‍ തീരുമാനിച്ചത്. കഴിഞ്ഞ മാറ്റം വരുത്തിയത് 2011-ലായിരുന്നു. പുതിയ പതിപ്പില്‍ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജി മെയ്‌ലില്‍നിന്നും ഗൂഗിള്‍ കലണ്ടറിലേക്കു യൂസര്‍മാര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം പുതിയ പതിപ്പിലുണ്ടാവും.

അല്‍ഗോരിഥത്തിന്റെ സഹായത്താല്‍ സൃഷ്ടിക്കപ്പെടുന്ന സ്മാര്‍ട്ട് മറുപടികള്‍ ജി മെയ്‌ലിന്റെ പുതിയ ഫീച്ചറായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. നിലവില്‍ ഈ സംവിധാനം ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഇത് ജി മെയ്ല്‍ വെബ് പതിപ്പില്‍ ലഭ്യമാക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ജി മെയ്‌ലിന്റെ വെബ് പതിപ്പ് ഉടച്ചു വാര്‍ക്കാനാണു ഗൂഗിള്‍ പ്രധാനമായും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘ഫ്രഷ്, ക്ലീന്‍ ലുക്ക്’ അതായിരിക്കും ഇനി ജി മെയ്‌ലെന്നും പറയപ്പെടുന്നുണ്ട്. 2004 ഏപ്രിലിലാണ് അഡ്വര്‍ടൈസിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന ഇ-മെയ്ല്‍ സംവിധാനമായ ജി മെയ്ല്‍, ഗൂഗിള്‍ ആരംഭിച്ചത്. ഇന്ന് 72 ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്.

Comments

comments

Categories: FK Special, Slider