സൗദിയിലെ ആദ്യ സിനിമ ബുധനാഴ്ച റിയാദില്‍

സൗദിയിലെ ആദ്യ സിനിമ ബുധനാഴ്ച റിയാദില്‍

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ ബുധനാഴ്ച ആദ്യമായി സിനിമ തിയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

റിയാദ്: 35 വര്‍ഷത്തെ വിലക്കിന് ശേഷം സൗദി അറേബ്യയില്‍ ആദ്യമായി ബുധനാഴ്ച തിയറ്ററില്‍ സിനിമ സ്‌ക്രീന്‍ ചെയ്യും. സൗദി ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും യുഎസിലെ തിയറ്റര്‍ ഭീമന്‍ എഎംസി എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പുതുതായി പണിത സിനിമാ കോംപ്ലക്‌സില്‍ പ്രദര്‍ശനം നടത്തുന്നത്.

സ്വകാര്യ സ്‌ക്രീനിംഗ് ആണിത്. പൊതുജനങ്ങള്‍ക്ക് അടുത്ത മാസം മുതല്‍ തിയറ്ററുകള്‍ തുറന്നുകൊടുക്കും. ഈ മാസം അവസാനം മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനവും നിലവില്‍ വരും. മാര്‍വലിന്റെ വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റായ ബ്ലാക്ക് പാന്തര്‍ ആയിരിക്കും ആദ്യമായി പ്രദര്‍ശിപ്പിക്കുകയെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

620 പേര്‍ക്ക് ഇരിക്കാവുന്ന സിനിമാ തിയറ്ററിലാകും പ്രദര്‍ശനം. ജനസംഖ്യയില്‍ കൂടുതലും യുവാക്കളുള്ള സൗദിയില്‍ സിനിമാ ബിസിനസിന് വലിയ സാധ്യതയുണ്ടെന്നാണ് വന്‍കിട കമ്പനികളുടെ വിലയിരുത്തല്‍. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് സൗദിയില്‍ സിനിമയ്ക്കുള്ള വിലക്ക് നീക്കിയത്.

സൗദിയുടെ വിപ്ലവം കുറിച്ചുള്ള സിനിമാ മുന്നേറ്റത്തെ രാജ്യത്തെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണുമെന്ന ആകാംക്ഷയിലാണ് ലോകം

വിനോദ മേഖലയില്‍ 64 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപമാണ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സൗദി പദ്ധതിയിടുന്നത്. സൗദിയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ്ബാണ് വിനോദ രംഗത്ത് വമ്പന്‍ നിക്ഷേപം എത്തുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത്. പൊതുമേഖലയ്‌ക്കൊപ്പം തന്നെ സ്വകാര്യ മേഖലയും വിനോദരംഗത്തേക്ക് പണമൊഴുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2018ല്‍ മാത്രം വിനോദരംഗത്ത് 5,000 ഇവന്റുകളാണ് സൗദി പദ്ധതിയിട്ടിരിക്കുന്നത്. ആഭ്യന്തര തലത്തിലും ആഗോളതലത്തിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഞങ്ങള്‍ ഇതിനെല്ലാമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്-ഖാതിബ്ബ് പറഞ്ഞു.

2020 ആകുമ്പോഴേക്കും സൗദിയില്‍ നിങ്ങള്‍ യഥാര്‍ത്ഥമാറ്റം കാണും-ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. സൗദിയുടെ മായാ നഗരമായ നിയോം സിറ്റിയും ടൂറിസത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരിക്കും. മൊത്തത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് സൗദി ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു, പുരോഗനാത്മകമായ നിരവധി പദ്ധതികളും ഇവര്‍ ആവിഷ്‌കരിക്കുന്നുണ്ട്. സംരംഭകത്വത്തിനും ഇന്നൊവേഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു സമ്പദ് വ്യവസ്ഥയായി സൗദിയെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്. 300 സിനിമ തിയറ്ററുകള്‍ 2030 ആകുമ്പോഴേക്കും സൗദിയില്‍ തുറക്കുമെന്നാണ് കണക്കുകള്‍.

സിനിമ വീണ്ടും എത്തിയതിന്റെ ആവേശത്തിലാണ് സൗദിയിലെ യുവാക്കള്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Arabia