ടെക് സംരംഭങ്ങളിലൂടെ ഫാസിസം തലപൊക്കുമ്പോള്‍

ടെക് സംരംഭങ്ങളിലൂടെ ഫാസിസം തലപൊക്കുമ്പോള്‍

ഒടുവില്‍ അത് വ്യക്തമാകുകയാണ്. ടെക് വ്യവസായത്തെ ദേശസാല്‍ക്കരിക്കാനുള്ള ചൈനയുടെ ശ്രമം പ്രകടമായി തുടങ്ങി. മുമ്പ് പലരും പ്രകടിപ്പിച്ച ആശങ്ക ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. ലോകം ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്

അമേരിക്കയില്‍ ചൈനീസ് ടെക് കമ്പനികള്‍ നടത്താന്‍ ശ്രമിച്ച ചില വമ്പന്‍ ഏറ്റെടുക്കലുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ലോകം മുഴുവന്‍ വമ്പന്‍ നിക്ഷേപം നടത്തി കുതിപ്പ് നടത്തുന്ന ചൈനീസ് ശതകോടീശ്വരന്‍ ജാക് മായുടെ ആലിബാബയ്ക്കും ഒരു പരിധിക്കപ്പുറം അമേരിക്കയിലേക്ക് കടന്നുകയറാന്‍ അവിടുത്തെ സര്‍ക്കാരും രഹസ്വാന്വേഷണ ഏജന്‍സികളും തടസ്സം നില്‍ക്കുന്നു. സമാനം തന്നെയാണ് വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹ്വാവെയുടെയും സ്ഥിതി. ഇതിനെല്ലാം കാരണമായി യുഎസ് പറഞ്ഞിരുന്നത് ടെക് അധിനിവേശത്തിന് പിറകില്‍ ചൈനീസ് സര്‍ക്കാരിന്റെ നിഗൂഢ താല്‍പ്പര്യം കൂടി ഒളിഞ്ഞിരിപ്പുണ്ട് എന്നതായിരുന്നു.

ചൈനയുടെ ടെക് അധിനിവേശത്തെക്കുറിച്ചുള്ള ആശങ്കകളും മുന്നറിയിപ്പുകളും സംബന്ധിച്ച എഡിറ്റോറിയലുകളും ലേഖനങ്ങളും ഫ്യൂച്ചര്‍ കേരളയും നിരവധി തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെയെല്ലാം ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ടെക് കമ്പനികള്‍ക്ക്, പ്രത്യേകിച്ചും മറ്റ് രാജ്യങ്ങളില്‍ വമ്പന്‍ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ളവയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് അവിടുത്തെ സര്‍ക്കാര്‍ നല്‍കുന്നത്. ആ പിന്തുണ ഇനിയും കൂടുകയേയുള്ളൂ. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്ത ടെക് വ്യവസായത്തെ ദേശസാല്‍ക്കരിക്കാനാണ് ചൈനയുടെ ശ്രമമെന്നാണ്. അങ്ങനെ വന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വമ്പന്‍ സ്വാധീനം ചെലുത്തുന്ന ചൈനീസ് കമ്പനികളുടെ നിയന്ത്രണം കമ്യൂണിസ്റ്റ് സര്‍ക്കാരിന് തന്നെയായി മാറും.

ആരും പിടിച്ചുകെട്ടാനില്ലാത്ത തരത്തിലാണ് ചൈനീസ് കമ്പനികളുടെ മുന്നേറ്റം. 2012ല്‍ 14 ബില്ല്യണ്‍ ഡോളറായിരുന്നു സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപം. ഇത് 2017ല്‍ 120 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന കണക്കുകള്‍ മാത്രം മതി അവയുടെ കുതിപ്പ് ബോധ്യമാകാന്‍. കഴിഞ്ഞ വര്‍ഷം മാത്രം ചൈനയിലെ 34 കമ്പനികളാണ് ഒരു ബില്ല്യണ്‍ ഡോളറിലധികം മൂല്യം കൈവരിച്ച് യുണികോണ്‍ പട്ടികയില്‍ കയറിയത്.

ചൈനയിലെ വമ്പന്‍ കമ്പനികളായി അറിയപ്പെടുന്ന ബയ്ഡുവും ആലിബാബയും ടെന്‍സന്റുമെല്ലാം അസാമാന്യമായ വളര്‍ച്ചാ നിരക്കാണ് പ്രകടമാക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സ്വാധീനമുള്ള വമ്പന്‍ കമ്പനികളെല്ലാം തന്നെ ചൈനീസ് സര്‍ക്കാര്‍ ശക്തമായ സ്വാധീനം ചെലുത്താനുള്ള പദ്ധതികളാണ് നടപ്പാക്കു്‌നനത്. മിക്ക ടെക് സ്ഥാപനങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റികള്‍ നിലവിലുണ്ട്. ഇവര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നിശ്ചയിച്ച ദേശീയ അജണ്ടയ്ക്ക് അനുസരിച്ച് തന്നെയല്ലേ എന്നത് തീവ്രമായി നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല ആലിബാബയും ടെന്‍സന്റും ഉള്‍പ്പടെയുള്ള ഭീമന്‍ കമ്പനികളില്‍ ന്യൂനപക്ഷ ഓഹരികള്‍ സ്വന്തമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നുണ്ട്.

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ ടെക് കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശ്യം ഒന്നുമാത്രം, ടെക് വ്യവസായം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കണം നീങ്ങേണ്ടത്. സ്റ്റേറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പോയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക സമാനതകളില്ലാത്ത പിന്തുണയായിരിക്കും. അതല്ല ഒറ്റയ്ക്ക് പോകാനാണ് ഉദ്ദേശ്യമെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വേദന നിറഞ്ഞ അനുഭവങ്ങളായിരിക്കും. ബുദ്ധിമുട്ടാകും കാര്യങ്ങള്‍-ഇതാണ് കമ്പനികള്‍ക്ക് ചൈന നല്‍കുന്ന സന്ദേശം.

ടെക് കമ്പനികളിലൂടെ, വ്യവസായത്തിലൂടെ ഫാസിസം നടപ്പാക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. ചൈനയുടെ ഗൂഢനീക്കം മുന്‍കൂട്ടിക്കണ്ട് അമേരിക്കന്‍ കമ്പനികളെ ഏറ്റെടുക്കാനുള്ള ആലിബാബമാരുടെ ശ്രമം തടഞ്ഞതിന് അവിടുത്തെ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഈ ഭീഷണി മനസിലാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ വരാനിരിക്കുന്നത് അത്ര നല്ല കാലമായിരിക്കില്ല.

Comments

comments

Categories: Editorial, Slider