സമുദ്രങ്ങളിലെ മലിനീകരണ തോത് നിയന്ത്രിക്കാന്‍ ഉടമ്പടി

സമുദ്രങ്ങളിലെ മലിനീകരണ തോത് നിയന്ത്രിക്കാന്‍ ഉടമ്പടി

ലണ്ടന്‍: ചരിത്രപരമെന്നും, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതെന്നും വിശേഷിപ്പിക്കാവുന്നൊരു ഉടമ്പടിയില്‍ 173 രാജ്യങ്ങള്‍ ഒപ്പുവച്ചു. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനത്തിന്റെ തോത് നിയന്ത്രിക്കുമെന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് വ്യവസായം സമ്മതിക്കുന്നതാണ് ഉടമ്പടി.

ഈ മാസം 13ന് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ എന്ന യുഎന്‍ സംഘടനയില്‍ അംഗങ്ങളായ 173 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍, ഉദ്വമനത്തിന്റെ (emission) തോത്, 2008-ലെ നിലയില്‍നിന്നും 2050-എത്തുമ്പോള്‍ പകുതിയെത്തിക്കണമെന്നു നിര്‍ദേശിക്കുന്ന മാര്‍ഗരേഖ തയാറാക്കി.

സമുദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഉപയോഗിക്കുന്നതു ഫോസില്‍ ഇന്ധനമാണ്. ഈ ഇന്ധനം കത്തുമ്പോള്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡാണ്. ഇതിനു പുറമേ ബ്ലാക്ക് കാര്‍ബണ്‍ അഥവാ കരിയും പുറന്തള്ളുന്നു. കരിയും, കാര്‍ബണ്‍ ഡയോക്‌സൈഡും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളാണ്. അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, മീതൈന്‍ ഉള്‍പ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ തോത് രണ്ട് മുതല്‍ മൂന്നു ശതമാനം വരെ ഷിപ്പിംഗില്‍നിന്നാണുണ്ടാവുന്നത്. ഇത് മറ്റ് രംഗങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ അളവായിട്ടാണു കാണുന്നതെങ്കിലും, ചില പ്രത്യേക സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത് ആശങ്കയ്ക്കു വക നല്‍കുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ഇപ്പോള്‍ മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.

മാര്‍ഷല്‍ ഐലന്‍ഡ്‌സ് പോലുള്ള പസഫിക് സമുദ്ര തീരത്തുള്ള രാജ്യങ്ങള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണി നേരിടുന്നവയാണ്. കാലാവസ്ഥ വ്യതിയാനമാണു മാര്‍ഷല്‍ ഐലന്‍ഡ്‌സ് നേരിടുന്ന ഭീഷണി. ഈ രാജ്യം സമുദ്രനിരപ്പിലും താഴെയാണു സ്ഥിതി ചെയ്യുന്നത്. ഇത്തരം രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത് ഉദ്വമനത്തിന്റെ തോത് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന 50 ശതമാനത്തില്‍നിന്നും 70 ശതമാനമായി പുതുക്കി നിശ്ചയിക്കണമെന്നാണ്. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം നിയന്ത്രിക്കുന്നതു സംബന്ധിച്ച മാര്‍ഗരേഖ യുഎന്‍ കാലാവസ്ഥ കരാറില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അവ ഷിപ്പിംഗ്, വ്യോമയാന മേഖലയ്ക്കു ബാധകമല്ല. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ പുതിയ മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. ഇതിനെ പ്രകീര്‍ത്തിച്ചു നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും തീരുമാനം നടപ്പിലാക്കുവാന്‍ വന്‍ വെല്ലുവിളികള്‍ തന്നെ നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

കാരണം ഇന്നു ഭൂരിഭാഗം കപ്പലുകളിലും ഉപയോഗിക്കുന്നതു ഫോസില്‍ ഇന്ധനങ്ങളാണ്. പുതിയ തീരുമാനം പ്രാവര്‍ത്തികമാകണമെങ്കില്‍ കപ്പലുകളില്‍ ഉയര്‍ന്ന ക്ഷമതയുള്ളതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഇന്ധനം ഉപയോഗിക്കേണ്ടി വരും. അതോടൊപ്പം പുതിയ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജികളും അനുവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ന് ആഗോളതലത്തില്‍ നടക്കുന്ന വ്യാപാരത്തിന്റെ 90 ശതമാനവും സമുദ്രമാര്‍ഗമാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ ഷിപ്പിംഗ് രംഗം ഉള്‍പ്പെടാത്തതിനാല്‍ ഈ മേഖലയില്‍നിന്നുള്ള മലിനീകരണം ഉയര്‍ന്ന തോതിലേക്കെത്തുമെന്ന ഭയമുണ്ട്. ഇപ്പോള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ പാരസ്ഥിതികമായി സംഭവിച്ചേക്കാവുന്ന ദുരന്തം വലുതായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇത്തരം ഘടകങ്ങളാണു പുതിയ ഉടമ്പടിയിലെത്താന്‍ അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനെ പ്രേരിപ്പിച്ചത്.

Comments

comments

Categories: FK Special, Slider