എഐ ഉപയോഗം മനസിലാക്കണമെന്ന് മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി

എഐ ഉപയോഗം മനസിലാക്കണമെന്ന് മന്ത്രാലയങ്ങളോട് പ്രധാനമന്ത്രി

എഐ സംബന്ധിച്ച ദേശീയ നയം മേയ് അവസാനത്തോടെ നിതി ആയോഗ് രൂപീകരിക്കും

ന്യൂഡെല്‍ഹി: എല്ലാ മന്ത്രാലയങ്ങള്‍ക്കും അതി നൂതന സാങ്കേതിക വിദ്യയെ പരിചയപ്പെടുത്തുകയും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ അവ ഉപയോഗിച്ച് എങ്ങിനെ അഭിമുഖീകരിക്കാന്‍ സാധിക്കുമെന്ന് പഠിപ്പിക്കുകയും വേണമെന്ന് നിതി ആയോഗിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) മേഖലയില്‍ ഒരു മുന്‍നിര രാജ്യമായി മാറുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
എല്ലാ മന്ത്രാലയങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനായി പ്രത്യേക സെല്ലുകള്‍ രൂപീകരുക്കും. ക്രമേണ ഇവയെല്ലാം സംയോജിപ്പിച്ച് എല്ലാ സാമൂഹിക സൂചകങ്ങളുടെയും പ്രകടനം മെച്ചപ്പടുത്തുന്നതിനായി ശ്രമിക്കും പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ മന്ത്രാലയങ്ങളിലും എഐ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിതി ആയോഗ് കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യും.

ആരോഗ്യം,വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം എഐ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള രീക്ഷണ പദ്ധതികള്‍ ഇതിനകം നിതി ആയോഗ് ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിലെ ഗവേഷണം, സ്വീകാര്യത വര്‍ധിപ്പിക്കല്‍, വാണിജ്യവല്‍ക്കരണം തുടങ്ങിയവ ഉള്‍പ്പെടുത്തി എഐ സംബന്ധിച്ച ദേശീയ നയം മേയ് അവസാനത്തോടെ നിതി ആയോഗ് രൂപീകരിക്കും.

എഐയിലുള്ള ചൈനയുടെ മുന്നേറ്റം സംബന്ധിച്ച് കേന്ദ്രത്തിന് ആശങ്കയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എഐയുടെ വാണിജ്യവല്‍ക്കരണത്തിന് ഒരു സമഗ്ര തന്ത്രം രൂപീകരിക്കണമെന്നാണ് പ്രധാനമന്ത്രി നിതി ആയോഗിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഐയില്‍ ലോകമെമ്പാടും നടക്കുന്ന എല്ലാ പരീക്ഷണങ്ങളെയും പരിക്കണമെന്നും തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളും സംസ്ഥാനങ്ങളും എഐ ഉപയോഗിക്കാന്‍ പ്രാപ്തരായിരിക്കണമെന്നുമാണ് നിതി ആയോഗിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകളും സ്റ്റാര്‍ട്ടപ്പുകളും വഴി എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യയുടെയും വികസനത്തിനും വാണിജ്യവല്‍ക്കരണത്തിനുമായി മന്ത്രാലയങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് നിതി ആയോഗ് വ്യക്തമാക്കുന്നു.

Comments

comments

Categories: More