താങ്ങുവില ലഭിച്ചില്ല, വെള്ളക്കടല കൃഷിക്കാര്‍ക്ക് നഷ്ടമാകുക 6170 കോടി

താങ്ങുവില ലഭിച്ചില്ല, വെള്ളക്കടല കൃഷിക്കാര്‍ക്ക് നഷ്ടമാകുക 6170 കോടി

പുനൈ: സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങു വില (എംഎസ്പി) ലഭിക്കാത്തതിനാല്‍ വെള്ളക്കടല കൃഷിക്കാര്‍ക്ക് നഷ്ടമാകുക 6,170 കോടി രൂപ. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജയ് കിസാന്‍ ആന്ദോളനെന്ന സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. വെള്ളക്കടലയുടെ പ്രതീക്ഷിത ഉല്‍പ്പാദനം 1,110 ലക്ഷം ക്വിന്റലും ക്വിന്റലിന് 4400 രൂപ എംഎസ്പിയും കണക്കാക്കിയാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയത്.
424.4 ലക്ഷം ക്വിന്റലിനുള്ള താങ്ങുവില മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ബാക്കിയുള്ള 685.6 ലക്ഷം ക്വിന്റല്‍ എംഎസ്പിയേക്കാള്‍ താഴ്ന്ന നിരക്കില്‍ തുറന്ന വിപണിയില്‍ വിറ്റഴിക്കാന്‍ ഇതോടെ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. വെള്ളക്കടല ക്വിന്റലിന് 3,300-3500 രൂപയാണ് വിപണി വിലയെന്നതിനാല്‍ ക്വിന്റലിന് 900-1,100 രൂപ വരെ കര്‍ഷകര്‍ നഷ്ടം സഹിക്കേണ്ടതായി വരും. മൊത്തത്തില്‍ ഇത് ഏകദേശം 6170 കോടി രൂപയുടെ നഷ്ടമാണെന്നും ജയ് കിസാന്‍ ആന്ദോളന്‍ പറയുന്നു.

എംഎസ്പി അലര്‍ട്ട് നല്‍കുന്നത് ഏപ്രില്‍ ആദ്യ ആഴ്ചയിലാണ് സംഘടന ആരംഭിച്ചത്. രാജ്യത്തെ വിവിധ വിപണികളില്‍, സംസ്ഥാനങ്ങളില്‍,വിളകളില്‍ കര്‍ഷകര്‍ നേരിടുന്ന നഷ്ടം സംബന്ധിച്ച് ദിവസേനയുള്ള അലര്‍ട്ടുകള്‍ എംഎസ്പി ലൂട്ട് കാല്‍ക്കുലേറ്റര്‍ വഴി അവര്‍ നല്‍കുന്നു. ഭക്ഷ്യവസ്തുക്കളുടെ വില എംഎസ്പിയില്‍ നിന്നാണ് ആരംഭിക്കുന്നതെന്നും കര്‍ഷകര്‍ക്ക് എംഎസ്പി ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് നഷ്ടം സംഭവിക്കുമെന്നും ക്രമേണ അവര്‍ കൃഷിയില്‍ നിന്ന് പിന്മാറുമെന്നും ജയ് കിസാന്‍ ആന്ദോളന്‍ ദേശീയ കണ്‍വീനര്‍ അവിക് ഷാ പറയുന്നു.

Comments

comments

Categories: More