കൊച്ചി: നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഭാരത് ബില്പേയ്ക്കുള്ള സ്വീകാര്യത വര്‍ധിക്കുന്നു. 2018 മാര്‍ച്ചില്‍ ഭാരത് ബില്‍പേ വഴി 31.5 ദശലക്ഷം ഇടപാടുകളാണ് നടന്നത്. 2017 മാര്‍ച്ചിലിത് 18 ദശലക്ഷം മാത്രമായിരുന്നു. 75% വര്‍ധനയാണ് ഇടപാടുകളില്‍ ഉണ്ടായിരിക്കുന്നത്.
വൈദ്യുതി, ജലം, ഡിടിഎച്ച്, ടെലികോം, ഗ്യാസ് എന്നിവയുടെ ബില്‍ ഭാരത് ബില്‍പേ എകോസിസ്റ്റത്തിലൂടെ അടക്കാം. പണം അടക്കുന്നതിന് നിരവധി സംവിധാനങ്ങള്‍ ഈ എകോസിസ്റ്റത്തില് ഉണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, വെബ്സൈറ്റ്, മൊബീല്‍ ബാങ്കിംഗ്, മൊബീല്‍ ആപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഗ്രാമ, നഗര, സ്ഥലഭേദമില്ലാതെ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പണം അടക്കാം എന്നുള്ളതാണ് ഭാരത് ബില്‍പേ സംവിധാനത്തിന്റെ വിജയത്തിന് കാരണമെന്ന് ചീഫ് പ്രോജക്റ്റ് ഓഫീസര്‍ എ ആര് രമേശ് പറഞ്ഞു. ഭാരത് ബില്പേയുമായി ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബീല്‍ ബാങ്കിംഗ് എന്നിവ ബന്ധിപ്പിച്ചിരിക്കുന്നത് ഉപയോക്താക്കള്‍ക്ക് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഭാരത് ബില്‍പേ സംവിധാനത്തില്‍ 75 ബില്ലര്മാരാണ് ഉള്ളത്. 20 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഇതില്‍ 13 ബില്ലര്‍മാര്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ആകെ 1.7 ദശലക്ഷം ഏജന്റുമാരും ഈ എകോസിസ്റ്റത്തില് ഉണ്ട്.