‘ഇമാറും അല്‍ദാറും തമ്മില്‍ ഇപ്പോള്‍ ലയന സാധ്യതകളില്ല’

‘ഇമാറും അല്‍ദാറും തമ്മില്‍ ഇപ്പോള്‍ ലയന സാധ്യതകളില്ല’

ഗള്‍ഫ് മേഖലയിലെ റിയല്‍ എസ്റ്റേറ്റ് ഭീമന്മാരായ അല്‍ദാറും ഇമാറും തമ്മിലുള്ള ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മൊഹമ്മദ് ഖലീഫ അല്‍ മുബാറക്ക്

ദുബായ്: യുഎഇയിലെ പ്രോപ്പര്‍ട്ടി ഭീമന്മാരായ അല്‍ദാറും ഇമാറും ഇപ്പോള്‍ ലയിക്കാന്‍ ഉദ്ദേശിക്കുന്നതില്ല. അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ഖലീഫ അല്‍ മുബാറക്കാണ് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് വ്യക്തമാക്കിയത്.

അബുദാബിയിലും ദുബായിലുമായി എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന വമ്പന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്. ഈ സംയുക്ത സംരംഭത്തിന്റെ അടിത്തറ ശക്തമാക്കുകയെന്നതാണ് ആദ്യ ലക്ഷ്യം. ഉന്നത ഗുണനിലവാരത്തില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രഖ്യാപിച്ച കാലപരിധിയില്‍ തന്നെ. അതിന് ശേഷം ബാക്കി കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം-ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു.

പ്രാദേശികമായും അന്തര്‍ദേശീയമായും പ്രോജക്ടുകള്‍ വികസിപ്പിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു ഡീലിനോട് അനുബന്ധിച്ച് കഴിഞ്ഞ മാസം പുറത്തുവന്ന വാര്‍ത്തകള്‍. പുതുസഖ്യത്തെക്കുറിച്ച് അബുദാബി കിരീടാവകാശി ഷേഖ് മൊഹമ്മദ് ബിന്‍ സയിദ് ആണ് അന്ന് ട്വീറ്റ് ചെയ്തത്. എന്റെ സഹോദരന്‍ മൊഹമ്മദ് ബിന്‍ റഷീദിനും എനിക്കും വളരെയധികം സന്തോഷമുണ്ട് ഇത് നിങ്ങളെ അറിയിക്കാന്‍. അല്‍ദാറും ഇമാറും തമ്മില്‍ തന്ത്രപരമായ സഖ്യം തുടങ്ങുകയാണ്. നമ്മുടെ കമ്പനികള്‍ക്ക് ആഗോള തലത്തില്‍ കൂടുതല്‍ മത്സക്ഷമത കൈവരിക്കാന്‍ ഇതോടെ സാധിക്കും-ഷേഖ് മൊഹമ്മദ് ബിന്‍ സയിദ് പറഞ്ഞു.

അബുദാബിയിലും ദുബായിലുമായി എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന വമ്പന്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദും സഖ്യത്തെക്കുറിച്ച് വാചാലനായിരുന്നു. എട്ട് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന പദ്ധതികള്‍ ആഗോളതലത്തിലും പ്രാദേശിക തലത്തിലും പ്ലാന്‍ ചെയ്യും-ഷേഖ് മൊഹമ്മദ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ അല്‍ദാറും ഇമാറും ചേര്‍ന്ന് രണ്ട് പദ്ധതികളാണ് വികസിപ്പിക്കുന്നത്. അബുദാബിയിലെ സാദിയത്ത് ഐലന്‍ഡില്‍ ഉയരുന്ന സാദിയത്ത് ഗ്രോവും ഇമാര്‍ ബീച്ച് ഫ്രണ്ട് പ്രൊജക്റ്റും. ഈ പദ്ധതിയില്‍ പൂര്‍ണ ശ്രദ്ധ നല്‍കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ അല്‍ദാര്‍ തലവന്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം 2017 റിയല്‍ എസ്‌റ്റേറ്റ് മേഖലയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ വര്‍ഷമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിസന്ധികള്‍ക്കിടയിലും കമ്പനിയുടെ മൊത്തത്തിലുള്ള ലാഭം 3.7 ബില്ല്യണ്‍ ഡോളറായിരുന്നു-മൊഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു.

Comments

comments

Categories: Arabia