കൃഷിയും സൗരോര്‍ജ ഉല്‍പ്പാദനവും കൈകോര്‍ത്തു നീങ്ങുമ്പോള്‍

കൃഷിയും സൗരോര്‍ജ ഉല്‍പ്പാദനവും കൈകോര്‍ത്തു നീങ്ങുമ്പോള്‍

കൃഷിഭൂമി ചുരുങ്ങുകയും കാര്‍ഷികാദായം കുറയുകയും ചെയ്യുന്ന ഇന്ത്യയില്‍ വിവിധ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നത് വലിയ എതിര്‍പ്പുകളിലേക്ക് നയിക്കുന്നതാണ് സമീപകാല സാഹചര്യം. സൗരോര്‍ജ പദ്ധതികളില്‍ വന്‍ നിക്ഷേപം നടത്താനുള്ള സാഹചര്യം ചിലയിടങ്ങളിലെങ്കിലും കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൃഷിയും സൗരോര്‍ജ ഉല്‍പ്പാദനവും ഒരുമിച്ചു കൊണ്ടുപോകാവുന്ന പോളിഹൗസുകളുടെ സാധ്യത വിലയിരുത്തുകയാണ് ലേഖകന്‍.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചും ആഗോള സമ്പദ് വ്യവസ്ഥയെ പറ്റിയും കഴിഞ്ഞ മാസം നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം ഏതാനും ഞെട്ടിക്കുന്ന വസ്തുതകള്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലാണ് രാജ്യത്തെ 73 ശതമാനം സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഓക്‌സ്ഫാം സര്‍വേ ചൂണ്ടിക്കാട്ടി. വരുമാന അസമത്വത്തിന്റെ ആശങ്കപ്പെടുത്തുന്ന പ്രവണതയാണ് ഇത് വെളിവാക്കുന്നത്. കാര്‍ഷിക മേഖലയിലെ നിക്ഷേപവും തൊഴിലാളികള്‍ ഏറെ ആവശ്യമുള്ള മേഖലകളും (നിര്‍മാണ, ഉല്‍പ്പാദന മേഖലകള്‍) പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പഹിഹാരമായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗങ്ങളിലൊന്ന്.

മറുവശത്ത്, 2021-22 ആകുമ്പോള്‍ 100 ജിഗാവാട്ട് സൗരോര്‍ജ വൈദ്യുതോല്‍പാദന ശേഷി നേടുകയെന്ന ലക്ഷ്യത്തോടെ ഉല്‍സാഹത്തോടെ പ്രവര്‍ത്തിക്കുകയാണ് ഇന്ത്യ. 2017ല്‍ ഇന്ത്യയുടെ സ്ഥാപിത സൗരോര്‍ജ ഉല്‍പാദന ശേഷി 20 ജിഗാവാട്ട് കടന്നിരുന്നു. ഇതില്‍ 18.4 ജിഗാവാട്ട് ഉല്‍പാദനം നിലത്ത് സജ്ജീകരിച്ച സൗരോര്‍ജ പാനലുകളില്‍ നിന്നും ശേഷിക്കുന്ന 1.6 ജിഗാവാട്ട് വൈദ്യുതി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ച പദ്ധതികളില്‍ നിന്നുമായിരുന്നു. കൂടുതല്‍ തൊഴില്‍ശക്തി ആവശ്യമുള്ള കാര്‍ഷിക മേഖലയെ സൗരോര്‍ജവുമായി ബന്ധിപ്പിക്കാനും സംവിധാനത്തെയാകെ നവീകരിക്കാനുമുള്ള അവസരമാണ് ഇത് നല്‍കിയിരിക്കുന്നത്.

250 മെഗാവാട്ടിലുമധികം ഉല്‍പാദന ശേഷിയുള്ള വമ്പന്‍ സോളാര്‍ പാര്‍ക്കുകളുടെ പ്രോല്‍സാഹനമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന പ്രവണത. ഔദ്യോഗികമായി തന്നെ സോളാര്‍ പാര്‍ക്കുകളുടെ കുറഞ്ഞ ശേഷി 40 ജിഗാവാട്ട് വൈദ്യുതിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം പാര്‍ക്കുകള്‍ സ്ഥാപിക്കാനായി അടുത്തിടെ നടന്ന ലേലങ്ങള്‍ വൈദ്യുതി വില യൂണിറ്റിന് 2.50 രൂപയിലും താഴേക്കെത്തിച്ചു. ഇതോടെ സൗരോര്‍ജത്തിന് കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതിയേക്കാള്‍ വില കുറഞ്ഞിരിക്കുകയാണ്. അതേസമയം കെട്ടിടങ്ങള്‍ക്ക് മുകൡ സ്ഥാപിക്കുന്ന 40 ജിഗാവാട്ട് ഉല്‍പാദന ശേഷിയുള്ള റൂഫ് ടോപ്പ് ഫോട്ടോവോള്‍ട്ടേക് (ആര്‍ടിപിവി) സംവിധാനത്തിന് ഇന്ത്യയില്‍ കാര്യമായ പ്രാധാന്യം ലഭിച്ചിട്ടില്ല. ഈ മേഖലയില്‍ മതിയായ ഉത്തേജനം ആവശ്യമാണ്.

നിലത്ത് പാനലുകള്‍ഡ നിരത്തുന്ന തരത്തിലുള്ള സൗരോര്‍ജ പദ്ധതികളില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നാല് മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമി ആവശ്യമാണ്. ഈ അനുപാതത്തില്‍ 40 ജിഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കെന്ന ലക്ഷ്യം കൈവരിക്കാന്‍ 1,20,000 മുതല്‍ 2,00,000 ഏക്കര്‍ വരെ ഭൂമി ആവശ്യമായി വരും. ഭൂമി കണ്ടെത്തലും ഏറ്റെടുക്കലും സംബന്ധിച്ച് മിക്കവാറും സൗരോര്‍ജ പാര്‍ക്കുകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കാര്‍ഷികാദായം കുറഞ്ഞ നിലം കണ്ടെത്തി ഏക്കറിന് 20,000 മുതല്‍ 30,000 വരെ രൂപ നിരക്കില്‍ 25-30 വര്‍ഷത്തേക്ക് കര്‍ഷകരില്‍ നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയാണ് ഇപ്പോള്‍ പൊതുവെ ചെയ്തു വരുന്നത്.

സോളാര്‍ പാനലുകള്‍ക്ക് കീഴിലായി 1,60,000 മുതല്‍ 2,00,000 ഏക്കര്‍ വരെ ഭൂമി ദീര്‍ഘകാലത്തേക്ക് ഉപയോഗശൂന്യമാക്കപ്പെടുന്നതാണ് 40 ജിഗാവാട്ടിന്റെ സൗരോര്‍ജ പാര്‍ക്കുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നം. മാത്രമല്ല, കര്‍ഷകര്‍ക്ക് ചെറിയ വരുമാന വര്‍ധന മാത്രമേ ലഭിക്കുന്നുമുള്ളൂ. ഭൂമി കൂടുതല്‍ മികച്ചരീതിയിലും കാര്യക്ഷമമായും ഉപയോഗിക്കാനും കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കാനുമുള്ള വഴി എന്തെങ്കിലുമുണ്ടോ?

ഒരേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പോളിഹൗസുകള്‍ 10-12 തൊഴിലുകളും സൃഷ്ടിക്കുന്നു. താഴെയുള്ള ഭൂമിയില്‍ നവീനമായ കൃഷിയും മുകളില്‍ വൈദ്യുതോല്‍പ്പാദനവും സാധ്യമാകുന്ന സോളാര്‍ പോളിഹൗസുകളാക്കി സോളാര്‍ പാര്‍ക്കുകളെ മാറ്റുന്നത് സാധ്യമാണോ?

ഇവിടെയാണ് പോളിഹൗസുകളുടെ പ്രസക്തി. താപനില, ഈര്‍പ്പം, വായുവിന്റെ ഗതി, വെളിച്ചം എന്നിവയെല്ലാം ആവശ്യമായ രീതിയില്‍ നിയന്ത്രിച്ച് പല വിധത്തിലുള്ള സസ്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് വളര്‍ത്താവുന്ന കെട്ടിയടച്ച കൂടാരമാണ് പോളിഹൗസ്. അഞ്ചിരട്ടി കാര്‍ഷിക വിളവും ആനുപാതികമായ വരുമാനവും സംരംഭകരായ കര്‍ഷകര്‍ക്ക് ലഭിച്ചതിലൂടെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തെളിയിക്കപ്പെട്ടിട്ടുള്ള ആശയമാണ് പോളിഹൗസ്. കര്‍ഷകരുടെ പോളിഹൗസ് നിക്ഷേപങ്ങളില്‍ 40-60 ശതമാനം വരെ മൂലധന സബ്‌സിഡികള്‍ നല്‍കിക്കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. തുള്ളി നനയും തുഷാര നനയും പോലെ നവീനമായ ജലസേചന രീതികള്‍ പോളീഹൗസുകളിലെ പ്രത്യേക വിളകള്‍ക്കുള്ള ജലത്തിന്റെ ആവശ്യകത ഏക്കറിന് 60 ശതമാനത്തിലധികം എന്ന തോതില്‍ കുറച്ചു. ഒരേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പോളിഹൗസുകള്‍ 10-12 തൊഴിലുകളും സൃഷ്ടിക്കുന്നു. താഴെയുള്ള ഭൂമിയില്‍ നവീനമായ കൃഷിയും മുകളില്‍ വൈദ്യുതോല്‍പ്പാദനവും സാധ്യമാകുന്ന സോളാര്‍ പോളിഹൗസുകളാക്കി സോളാര്‍ പാര്‍ക്കുകളെ മാറ്റുന്നത് സാധ്യമാണോ?

ശൈത്യമേറിയ കാലാവസ്ഥയുള്ള വികസിത രാജ്യങ്ങളില്‍ മുകളില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച പോളിഹൗസുകള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പോളിഹൗസുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സുഗമമായി സമന്വയിപ്പിച്ചിരിക്കുന്നു. പോളിഹൗസിനകത്ത് ചൂട് കെട്ടിനിര്‍ത്തുന്നതിനും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആന്തരികാന്തരീക്ഷമുണ്ടാക്കുന്നതിനും ഈ രൂപകല്‍പന സഹായിക്കുന്നു. പക്ഷേ ഇന്ത്യയുടെ ഉഷ്ണമേഖലാ ഭാഗങ്ങളില്‍ പോളിഹൗസുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന താഴികക്കുടത്തിന്റെ ഘടനയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മെച്ചപ്പെട്ട വായു ചംക്രമണവും, താപനില നിയന്ത്രിക്കുന്നതും ഉദ്ദേശിച്ചാണിത്. ഇത്തരം പോളിഹൗസുകളുടെ മേല്‍ക്കൂരകളില്‍ ബാഹ്യമായി നിര്‍മിച്ച ചട്ടക്കൂടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കേണ്ടി വരും. പോളിഹൗസിന്റെ ചട്ടക്കൂട് പാനലുകളുടെയും അവയുടെ ചട്ടക്കൂടിന്റെയും അധിക ഭാരം വഹിക്കാവുന്ന രീതിയില്‍ ശക്തിയുക്തമായി ഉണ്ടാക്കിയതാവണം.

പോളിഹൗസുകളള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് സാങ്കേതികമായി ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും സൂര്യപ്രകാശം കടന്നു വരുന്നതിന് ഈ രീതി തടസം സൃഷ്ടിക്കുകയും സസ്യ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ പോളിഹൗസിനകത്ത് കൃത്രിമ പ്രകാശം നല്‍കിയാല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതു വഴിയുണ്ടാകുന്ന പ്രകൃതിദത്ത സൂര്യപ്രകാശത്തിന്റെ കുറവ് പരിഹരിക്കാനാകുമെന്ന് പ്രാഥമിക പരിശോധനകള്‍ വ്യക്തമാക്കുന്നു.

ഒരു മെഗാവാട്ട് ശേഷിയുള്ള സാരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച പോളിഹൗസ് സ്ഥാപിക്കാന്‍ ഏഴ് ഏക്കറോളം ഭൂമിയാണ് ആവശ്യമായി വരിക. ഭൂതല സോളാര്‍ പാനലുകളേക്കാള്‍ ഓരോ മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിനും കൂടുതല്‍ ഭൂമി ആവശ്യമായി വരികയും ഉല്‍പാദനം കുറയുകയും ചെയ്താലും കര്‍ഷകരുടെ വരുമാനവും കാര്‍ഷിക വിളവും വര്‍ധിക്കും. സോളാര്‍ പാനലുകള്‍ ഉയരത്തില്‍ ക്രമീകരിക്കുന്ന ഘടനകള്‍ ചെലവ് വര്‍ധിപ്പിക്കുമെന്ന് ഉല്‍പ്പാദകര്‍ ഭയപ്പെടുന്നു. എങ്കിലും കൃത്യതയാര്‍ന്ന ഘടനാ നിര്‍മിതികളിലൂടെ ചട്ടക്കൂടുകളുടെ വലിപ്പം കുറച്ചു കൊണ്ട് ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും.

മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച പോളിഹൗസുകള്‍ കൃഷിയെ സൗരോര്‍ജവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സമഗ്ര വളര്‍ച്ച നേടുന്നതിന് നമ്മുടെ രാജ്യത്തിന് വഴികാട്ടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ ഘടനകകള്‍ വികസിപ്പിക്കാന്‍ ഘടനയും പ്രകാശസംവിധാനവും രൂപീകരിക്കുന്ന എന്‍ജിനീയര്‍മാര്‍ക്കൊപ്പം പോളിഹൗസ് രൂപകല്‍പനാ വിദഗ്ധരും ഒരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ആശയം പ്രോല്‍സാഹിപ്പിക്കാന്‍ ഒരു പ്രത്യേക നയം പ്രഖ്യാപിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം. ഭൂമി വിട്ടുകൊടുത്ത കര്‍ഷകര്‍ക്കും വമ്പന്‍ സൗരോര്‍ജ പദ്ധതികള്‍ക്കായി ഭൂമി തെരയുന്ന സര്‍ക്കാരിനും ഇത് ഒരിപോലെ നേട്ടമുണ്ടാക്കുന്ന സാഹചര്യമാണ്.

സപ്തക് ഘോഷ്

ബെംഗളൂരുവിലെ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്‌നോളജി ആന്‍ഡ് പോളിസിയില്‍ (സിഎസ്ടിഇപി) ഗവേഷണ ശാസ്ത്രജ്ഞനാണ് ലേഖകന്‍

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider