2018 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് ബുക്കിംഗ് ആരംഭിച്ചു

2018 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് ബുക്കിംഗ് ആരംഭിച്ചു

മുമ്പത്തേക്കാള്‍ ആഡംബര പൂര്‍ണ്ണമാണ് പുതിയ റേഞ്ച് റോവര്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ റേഞ്ച് റോവറിന്റെയും റേഞ്ച് റോവര്‍ സ്‌പോര്‍ട് ഫേസ്‌ലിഫ്റ്റിന്റെയും ബുക്കിംഗ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആരംഭിച്ചു. 2018-19 സാമ്പത്തിക വര്‍ഷം പത്ത് പുതിയ ലോഞ്ചുകള്‍ നടത്തുമെന്ന് ജെഎല്‍ആര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പരിഷ്‌കരിച്ച ഈ രണ്ട് മോഡലുകളും ഇതിന്റെ ഭാഗമാണ്. രാജ്യത്തെ 27 ജെഎല്‍ആര്‍ ഔട്ട്‌ലെറ്റുകളില്‍ 2018 മോഡല്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ബുക്ക് ചെയ്യാം. രണ്ട് വാഹനങ്ങളും എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയില്ല. അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമായിരിക്കും. നിലവില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ടിന് 99.48 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില. റേഞ്ച് റോവര്‍ ലക്ഷ്വറി എസ്‌യുവിയുടെ ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 1.74 കോടി രൂപയിലാണ്.

സാങ്കേതികവിദ്യകളും ഫീച്ചറുകളും നല്‍കി 2018 മോഡല്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ പരിഷ്‌കരിച്ചതായി ജെഎല്‍ആര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രോഹിത് സൂരി പറഞ്ഞു. യാത്രാ സുഖം, സാങ്കേതികവിദ്യകള്‍, ഡ്രൈവിംഗ് സുഖം എന്നീ കാര്യങ്ങളില്‍ ഈ വിഭാഗത്തിലെ മികച്ച വാഹനങ്ങളാണ് രണ്ടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

മുമ്പത്തേക്കാള്‍ ആഡംബര പൂര്‍ണ്ണമാണ് പുതിയ റേഞ്ച് റോവര്‍. പിക്‌സല്‍ ലേസര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ അറ്റ്‌ലസ് മെഷ് ഗ്രില്ല് ഡിസൈന്‍, ടച്ച് പ്രോ ഡുവോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ എസ്‌യുവികളിലെ പുതിയ ഫീച്ചറുകളാണ്. പുതിയ എക്‌സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, ഹീറ്റഡ് സീറ്റുകള്‍, ‘ഹോട്ട്-സ്‌റ്റോണ്‍’ മസ്സാജ് ഫംഗ്ഷന്‍, അംഗവിക്ഷേപങ്ങളാല്‍ നിയന്ത്രിക്കാവുന്ന സണ്‍ബ്ലൈന്‍ഡ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

യാത്രാ സുഖം, സാങ്കേതികവിദ്യകള്‍, ഡ്രൈവിംഗ് സുഖം എന്നീ കാര്യങ്ങളില്‍ ഈ വിഭാഗത്തിലെ മികച്ച വാഹനങ്ങളാണ് രണ്ടുമെന്ന് രോഹിത് സൂരി

വി6, വി8 പെട്രോള്‍, ഡീസല്‍ മോട്ടോറുകളാണ് റേഞ്ച് റോവറിനും റേഞ്ച് റോവര്‍ സ്‌പോര്‍ടിനും കരുത്തേകുന്നത്. 255 ബിഎച്ച്പി കരുത്തും 600 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ വി6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍, 335 ബിഎച്ച്പി കരുത്തും 740 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി8 ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഡീസല്‍ മോഡലുകളുടെ ഓപ്ഷന്‍. 335 ബിഎച്ച്പി കരുത്തും 450 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 എന്‍ജിന്‍, 518 ബിഎച്ച്പി കരുത്തും 625 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിന്‍ എന്നിവയാണ് പെട്രോള്‍ മോഡലുകളുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. എല്ലാ എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നു.

Comments

comments

Categories: Auto