എയര്‍ബാഗുകളോടുകൂടിയ ചൈല്‍ഡ് കാര്‍ സീറ്റുമായി മാക്‌സി-കോസി

എയര്‍ബാഗുകളോടുകൂടിയ ചൈല്‍ഡ് കാര്‍ സീറ്റുമായി മാക്‌സി-കോസി

അപകടം സംഭവിക്കുമ്പോള്‍ 0.05 സെക്കന്‍ഡിനുള്ളില്‍ എയര്‍ബാഗുകള്‍ വിടരും

ലണ്ടന്‍ : എയര്‍ബാഗുകളോടുകൂടിയ ലോകത്തെ ആദ്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കാര്‍ സീറ്റ് സ്‌പെഷലിസ്റ്റുകളായ മാക്‌സി-കോസിയാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായി എയര്‍ബാഗുകളോടുകൂടിയ സീറ്റ് പുറത്തിറക്കിയത്. ചൈല്‍ഡ് കാര്‍ സീറ്റുകളില്‍ ഇന്‍-ബില്‍റ്റായി രണ്ട് എയര്‍ബാഗുകള്‍ നല്‍കുന്നതിലൂടെ കാറുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് മാക്‌സി-കോസി ചെയ്യുന്നത്. യുകെയില്‍ സീറ്റുകള്‍ വാങ്ങാന്‍ കഴിയും. ചൈല്‍ഡ് കാര്‍ സീറ്റിന്റെ ഷോള്‍ഡര്‍ പാഡുകളിലാണ് രണ്ട് ബില്‍റ്റ്-ഇന്‍ എയര്‍ബാഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അപകട സമയങ്ങളില്‍ ഈ എയര്‍ബാഗുകള്‍ വിടര്‍ന്ന് കുട്ടിക്ക് സുരക്ഷയൊരുക്കും.

മാക്‌സി-കോസിയുടെ ആക്‌സിസ്ഫിക്‌സ് എയര്‍ എന്ന മോഡലിലാണ് എയര്‍ബാഗ് ചൈല്‍ഡ് സീറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. മൊബീല്‍ ഫോണ്‍ എയര്‍ബാഗ് കമ്പനിയായ ഹിലൈറ്റുമായി സഹകരിച്ചാണ് എയര്‍ബാഗ് ചൈല്‍ഡ് കാര്‍ സീറ്റ് വികസിപ്പിച്ചത്.

61 നും 105 നും സെന്റീ മീറ്ററിനിടയില്‍ ഉയരമുള്ള കുട്ടികള്‍ക്ക് അനുയോജ്യമാണ് എയര്‍ബാഗ് ചൈല്‍ഡ് കാര്‍ സീറ്റ്. 360 ഡിഗ്രി റൊട്ടേറ്റിംഗ് ബേസ്, ഐസോഫിക്‌സ് ടെതറിംഗ് ഹുക്കുകള്‍ എന്നിവ ഫീച്ചറുകളാണ്. സീറ്റില്‍ സ്ഥാപിച്ച സെന്‍സറാണ് യഥാസമയം എയര്‍ബാഗുകള്‍ വിടരുന്നതിന് സഹായിക്കുന്നത്. അപകടം സംഭവിക്കുമ്പോള്‍ 0.05 സെക്കന്‍ഡിനുള്ളില്‍ എയര്‍ബാഗുകള്‍ വിടരും. സ്റ്റാന്‍ഡേഡ് വേര്‍ഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍, എയര്‍ബാഗുകള്‍ കുട്ടിയുടെ തലയിലും കഴുത്തിലും 55 ശതമാനം കുറവ് ശക്തിയോടെ മാത്രമാണ് ഇടിക്കുന്നതെന്ന് മാക്‌സി-കോസി അറിയിച്ചു.

ഏകദേശം 51,000 ഇന്ത്യന്‍ രൂപയാണ് മാക്‌സി-കോസി ആക്‌സിസ്ഫിക്‌സ് എയര്‍ ചൈല്‍ഡ് കാര്‍ സീറ്റിന്റെ വില

എയര്‍ബാഗുകള്‍ ഘടിപ്പിച്ച ചൈല്‍ഡ് കാര്‍ സീറ്റുകള്‍ക്ക് വരും നാളുകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാക്‌സി-കോസിക്കുപിന്നാലെ മറ്റ് കമ്പനികളും സമാനമായ ചൈല്‍ഡ് സീറ്റുകള്‍ പുറത്തിറക്കിയേക്കും. 783 യുഎസ് ഡോളറാണ് (ഏകദേശം 51,000 ഇന്ത്യന്‍ രൂപ) മാക്‌സി-കോസി ആക്‌സിസ്ഫിക്‌സ് എയര്‍ ചൈല്‍ഡ് കാര്‍ സീറ്റിന്റെ വില.

Comments

comments

Categories: Auto