ഫോക്‌സ്‌വാഗണ്‍ സിഇഒ ഹെര്‍ബര്‍ട്ട് ഡിയെസ്സ് തന്നെ

ഫോക്‌സ്‌വാഗണ്‍ സിഇഒ ഹെര്‍ബര്‍ട്ട് ഡിയെസ്സ് തന്നെ

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ബോര്‍ഡില്‍ പോര്‍ഷെ സിഇഒ ഒളിവര്‍ ബ്ലൂമിനെ ഉള്‍പ്പെടുത്തി

വോള്‍ഫ്‌സ്ബര്‍ഗ് : ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഡോ. ഹെര്‍ബര്‍ട്ട് ഡിയെസ്സിനെ നിയമിച്ചു. ഫോക്‌സ്‌വാഗണിന്റെ മാനേജ്‌മെന്റ് ബോര്‍ഡും സൂപ്പര്‍വൈസറി ബോര്‍ഡും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ഘടന പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് താക്കോല്‍സ്ഥാനത്ത് പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചത്. മത്തിയാസ് മുള്ളര്‍ക്ക് പകരക്കാരനായാണ് മാനേജ്‌മെന്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ഹെര്‍ബര്‍ട്ട് ഡിയെസ്സ് വരുന്നത്. പരസ്പര ധാരണയോടെ മത്തിയാസ് മുള്ളര്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍നിന്ന് ഉടന്‍ പ്രാബല്യത്തോടെ പടിയിറങ്ങി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് ബോര്‍ഡില്‍ പോര്‍ഷെ സിഇഒ ഒളിവര്‍ ബ്ലൂമിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനായി മത്തിയാസ് മുള്ളര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതായി സൂപ്പര്‍വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഹാന്‍സ് ഡയറ്റര്‍ പോട്ഷ് പ്രസ്താവിച്ചു. ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് (ഡീസല്‍ഗേറ്റ് വിവാദം) 2015 ല്‍ മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍മാനായി മത്തിയാസ് മുള്ളര്‍ ചുമതലയേറ്റത്. ഗ്രൂപ്പിനെ മുള്ളര്‍ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു എന്നുമാത്രമല്ല, സ്ഥാപനം മുമ്പെന്നത്തേക്കാളും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതില്‍ നിര്‍ണ്ണായക സാന്നിധ്യമായെന്നും ഹാന്‍സ് ഡയറ്റര്‍ പോട്ഷ് ഓര്‍ത്തെടുത്തു.

ഫോക്‌സ്‌വാഗണെ ആറ് പുതിയ ബിസിനസ് മേഖലകളായി വിഭജിക്കും. ചൈനീസ് വിപണിക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. വിവിധ കാര്‍ ബ്രാന്‍ഡുകളെ വോള്യം, പ്രീമിയം, സൂപ്പര്‍ പ്രീമിയം എന്നീ ഗ്രൂപ്പുകളിലൊന്നില്‍ ഉള്‍പ്പെടുത്തും

കഴിഞ്ഞ ദിവസത്തെ യോഗ തീരുമാനങ്ങളനുസരിച്ച്, ഫോക്‌സ്‌വാഗണെ ആറ് പുതിയ ബിസിനസ് മേഖലകളായി വിഭജിക്കും. കൂടാതെ ചൈനീസ് വിപണിക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. ചുമതലകള്‍ വിഭജിച്ചുനല്‍കി കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഉദ്ദേശിക്കുന്നത്. ട്രക്ക് ആന്‍ഡ് ബസ് ഡിവിഷനെ ‘മൂലധന വിപണിയിലേക്കായി’ തയ്യാറാക്കി നിര്‍ത്തും. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ കാര്‍ ബ്രാന്‍ഡുകളെ വോള്യം, പ്രീമിയം, സൂപ്പര്‍ പ്രീമിയം എന്നീ ഗ്രൂപ്പുകളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെടുത്തും.

Comments

comments

Categories: Auto