ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് പുറത്തിറക്കി

ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.10 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. 6.10 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം പോളോ പേസ്, വെന്റോ സ്‌പോര്‍ട് എഡിഷനുകള്‍ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പുറത്തിറക്കിയിരുന്നു. സബ്‌കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റില്‍ ഫോഡ് ആസ്പയര്‍, മാരുതി സുസുകി ഡിസയര്‍, ടാറ്റ ടിഗോര്‍, പുറത്തിറക്കാനിരിക്കുന്ന രണ്ടാം തലമുറ ഹോണ്ട അമേസ് എന്നിവയാണ് ഫോക്‌സ്‌വാഗണ്‍ അമിയോയുടെ എതിരാളികള്‍.

കാറിന്റെ അകത്തും പുറത്തും ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് അമിയോ പേസ് എഡിഷന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ച റിയര്‍ സ്‌പോയ്‌ലര്‍, ഗ്ലോസ് ബ്ലാക്ക് നിറം നല്‍കിയ ഔട്ട്‌സെഡ് റിയര്‍ വ്യൂ മിററുകള്‍ (ഒആര്‍വിഎം), പുതിയ അലോയ് വീല്‍ ഡിസൈന്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍.

അതേസമയം ഗ്രില്ലിലും ബംപറിലും ക്രോം അലങ്കാരങ്ങള്‍ കാണാനില്ല. മിറര്‍ ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് പകരം ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി, ഓക്‌സ്-ഇന്‍ എന്നിവയുള്ള ഓഡിയോ സിസ്റ്റം നല്‍കിയിരിക്കുന്നു. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, മഴ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ എന്നിവയും ഇല്ല. എന്നാല്‍ രണ്ട് എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്.

ഈയിടെ പോളോയില്‍ അരങ്ങേറ്റം കുറിച്ച പുതിയ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ അമിയോയില്‍ നല്‍കി എന്നതാണ് ഏറ്റവും വലിയ സവിശേഷത

നിലവിലെ അതേ 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ അമിയോ പേസ് എഡിഷന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 108 ബിഎച്ച്പിയും 250 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഈയിടെ ഫോക്‌സ്‌വാഗണ്‍ പോളോയില്‍ അരങ്ങേറ്റം കുറിച്ച പുതിയ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ അമിയോയില്‍ നല്‍കി എന്നതാണ് ഏറ്റവും വലിയ സവിശേഷത. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് പകരമാണ് 75 ബിഎച്ച്പി കരുത്തും 95 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ എന്‍ജിന്‍ അമിയോ സ്വീകരിച്ചത്. 5 സ്പീഡ് മാന്വല്‍ മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Comments

comments

Categories: Auto