ടിവിഎസ് എന്‍ടോര്‍ക്ക് 125 രണ്ട് പുതിയ നിറങ്ങളില്‍

ടിവിഎസ് എന്‍ടോര്‍ക്ക് 125 രണ്ട് പുതിയ നിറങ്ങളില്‍

മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നിവയാണ് പുതിയ കളര്‍ സ്‌കീമുകള്‍

ന്യൂഡെല്‍ഹി : എന്‍ടോര്‍ക്ക് 125 സ്‌കൂട്ടറിന് ടിവിഎസ് മോട്ടോര്‍ കമ്പനി രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ കൂടി നല്‍കി. മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നിവയാണ് പുതിയ കളര്‍ സ്‌കീമുകള്‍. ടിവിഎസ് നിരയിലെ ഏറ്റവും പവര്‍ഫുള്‍ സ്‌കൂട്ടറായ എന്‍ടോര്‍ക്ക് 125 ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്. 58,750 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ് എന്നീ നാല് കളര്‍ സ്‌കീമുകളിലാണ് നിലവില്‍ സ്‌കൂട്ടര്‍ ലഭിക്കുന്നത്. രണ്ട് മാസങ്ങള്‍ക്കുശേഷം 125 സിസി സ്‌കൂട്ടറിന് രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ കൂടി ലഭിച്ചതോടെ കളര്‍ ഓപ്ഷനുകളുടെ എണ്ണം ആറായി. നിര്‍മ്മാണ മേന്‍മയിലും പെര്‍ഫോമന്‍സിലും ഇഷ്ടം പിടിച്ചുപറ്റിയ സ്‌കൂട്ടറിന് രണ്ട് പുതിയ ഷേഡുകള്‍ നല്‍കിയത് ആകര്‍ഷകത്വം വര്‍ധിപ്പിക്കും.

സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. അതേ അണ്ടര്‍പിന്നിംഗ്‌സ് തന്നെ. 125 സിസി, 3 വാല്‍വ് എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 9.3 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മണിക്കൂറില്‍ 95 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്വന്തം സെഗ്‌മെന്റിലെ മികച്ച ആക്‌സെലറേഷന്‍. ഫീച്ചറുകള്‍ക്ക് പഞ്ഞമില്ല.

മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ് എന്നീ നാല് കളര്‍ സ്‌കീമുകളിലാണ് നിലവില്‍ സ്‌കൂട്ടര്‍ ലഭിക്കുന്നത്

ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 ലഭിക്കുന്നത്. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നിവ സെഗ്‌മെന്റില്‍ ഇതാദ്യമാണ്. ഹോണ്ട ഗ്രാസിയ, സുസുകി ആക്‌സസ് 125, അപ്രീലിയ എസ്ആര്‍ 125 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto