കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ചുമത്തണമെന്ന് ടൊയോട്ട

ഇന്ത്യയില്‍ കാര്‍ബണ്‍ ബഹിര്‍ഗമന തോത് പരിഗണിച്ചായിരിക്കണം പാസഞ്ചര്‍ കാറുകള്‍ക്ക് നികുതി ചുമത്തേണ്ടതെന്ന് ടികെഎം
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ എന്ജിന് ശേഷി അടിസ്ഥാനമാക്കിയല്ല, മറിച്ച് കാര്‍ബണ്‍ ബഹിര്‍ഗമന തോത് പരിഗണിച്ചായിരിക്കണം പാസഞ്ചര്‍ കാറുകള്‍ക്ക് നികുതി ചുമത്തേണ്ടതെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ (ടികെഎം). എന്ജിന് ശേഷി, വാഹനങ്ങളുടെ വലുപ്പം, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാകരുത് മാനദണ്ഡങ്ങളെന്ന് ടികെഎം വൈസ് ചെയര്‍മാനും മുഴുവന്‍ സമയ ഡയറക്റ്ററുമായ ശേഖര്‍ വിശ്വനാഥന് ആവശ്യപ്പെട്ടു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ഉപ കമ്പനിയാണ് ടികെഎം.
ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഇന്ത്യയില്‍ വില്‍ക്കുന്ന കാമ്റി ഹൈബ്രിഡ് കാറിന്റെ നികുതി നിരക്കില്‍ ഇളവ് വരുത്തണമെന്ന് ശേഖര്‍ വിശ്വനാഥന് ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ഇത്തരം കൂടുതല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ബണ്‍ ന്യൂട്രാലിറ്റി അനുസരിച്ചായിരിക്കണം വാഹനങ്ങള്‍ക്ക് നികുതി ചുമത്തേണ്ടത്. അതായത് ഓരോ കാറിന്റെയും കാര്‍ബണ്‍ ബഹിര്‍ഗമന തോത് പരിശോധിക്കുകയും അതനുസരിച്ച് നികുതി ഈടാക്കുകയുമാണ് വേണ്ടതെന്ന് ശേഖര്‍ വിശ്വനാഥന് നിര്‍ദ്ദേശിച്ചു.
ചരക്ക് സേവന നികുതി പ്രകാരം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. കൂടാതെ സെസ്സ് നല്‍കണം. നാല് മീറ്ററില്‍ കുറവ് നീളമുള്ള, പെട്രോള്‍ എന്ജിന് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ്സ് എങ്കില്‍ നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള വലിയ എസ്യുവികള്‍ക്ക് 22 ശതമാനമാണ് സെസ്സ്.
കാര്‍ബണ്‍ പുറന്തള്ളലിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യം ഘന വ്യവസായ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് മന്ത്രാലയം ഓട്ടോമൊബീല്‍ മേഖലയുടെ അഭിപ്രായം തേടിയതായി ശേഖര്‍ വിശ്വനാഥന് അറിയിച്ചു.
ഓരോ കാറിന്റെയും കാര്‍ബണ്‍ ബഹിര്‍ഗമന തോത് പരിശോധിക്കുകയും അതനുസരിച്ച് നികുതി ഈടാക്കുകയുമാണ് വേണ്ടതെന്ന് ശേഖര്‍ വിശ്വനാഥന്
ഹൈബ്രിഡ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് ടൊയോട്ട തുടരുമെന്നും എന്നാല്‍ ഇത്തരം വാഹനങ്ങള്‍ക്ക് ചുമത്തിയ നികുതി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ 28 ശതമാനം ജിഎസ്ടിക്ക് പുറമേ 15 ശതമാനം സെസ്സാണ് ഹൈബ്രിഡ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ടൊയോട്ട 34 ഹൈബ്രിഡ് മോഡലുകള്‍ വില്ക്കുമ്പോള് ഇന്ത്യയില്‍ ഒരേയൊരെണ്ണം മാത്രമാണ് ലഭ്യമാക്കുന്നതെന്നും നികുതിയാണ് ഇക്കാര്യത്തില്‍ വില്ലനെന്നും അദ്ദേഹം പറഞ്ഞു.