പോര്‍ഷെ 911 ജിടി3 കേരളത്തില്‍ !

പോര്‍ഷെ 911 ജിടി3 കേരളത്തില്‍ !

ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ ബുക്ക് ചെയ്തിരുന്ന ആഷിക്ക് താഹിര്‍ താക്കോല്‍ ഏറ്റുവാങ്ങി

കൊച്ചി : കേരളത്തില്‍ ആദ്യ പോര്‍ഷെ 911 ജിടി3 എത്തി. കൊച്ചി പോര്‍ഷെ സെന്ററില്‍ നടന്ന ചടങ്ങില്‍, ഹൈ പെര്‍ഫോമന്‍സ് സ്‌പോര്‍ട്‌സ് കാര്‍ ബുക്ക് ചെയ്തിരുന്ന ആഷിക്ക് താഹിര്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പോര്‍ഷെ ഇന്ത്യ ഡയറക്റ്റര്‍ പവന്‍ ഷെട്ടി, കൊച്ചി പോര്‍ഷെ സെന്റര്‍ മാനേജിംഗ് ഡയറക്റ്റര്‍ സാബു ജോണി എന്നിവര്‍ ചേര്‍ന്ന് 2 ഡോര്‍ കൂപ്പെയുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വ്വഹിച്ചു.

പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാറിന്റെ ഹൈ പെര്‍ഫോമന്‍സ് വേര്‍ഷനാണ് പോര്‍ഷെ 911 ജിടി3. വാഹനത്തിലെ 500 എച്ച്പി, 4 ലിറ്റര്‍, 6 സിലിണ്ടര്‍ എന്‍ജിന്‍ 460 എന്‍എം ടോര്‍ക്കാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 911 ജിടി3 കപ്പ് റേസിംഗ് കാറില്‍ ഉപയോഗിച്ച അതേ എന്‍ജിന്‍. 1999 ലാണ് പോര്‍ഷെ 911 ജിടി3 നിര്‍മ്മിച്ചുതുടങ്ങിയത്.

പോര്‍ഷെ ഇന്ത്യ ഡയറക്റ്റര്‍ പവന്‍ ഷെട്ടി, കൊച്ചി പോര്‍ഷെ സെന്റര്‍ മാനേജിംഗ് ഡയറക്റ്റര്‍ സാബു ജോണി എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ കൈമാറി

സ്റ്റാന്‍ഡേഡ് 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (പിഡികെ) ഉപയോഗിക്കുമ്പോള്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.4 സെക്കന്‍ഡ് മതി. ട്രാക്കുകളില്‍ മിന്നല്‍ വേഗത്തില്‍ ഓരോ ലാപ്പും പൂര്‍ത്തിയാക്കും. മണിക്കൂറില്‍ 318 കിലോമീറ്ററാണ് ടോപ് സ്പീഡ്. 2,37,93,000 (2.38 കോടി) രൂപയാണ് എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto