‘ഓട്ടോമൊബിലി പിനിന്‍ഫരിന’ ബ്രാന്‍ഡ് പിറന്നു

‘ഓട്ടോമൊബിലി പിനിന്‍ഫരിന’ ബ്രാന്‍ഡ് പിറന്നു

പുതിയ ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ 2020 ല്‍ വിപണിയിലെത്തും

റോം : ഓട്ടോമൊബിലി പിനിന്‍ഫരിന എന്ന പുതിയ ആഡംബര ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് രൂപീകരിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബിലി പിനിന്‍ഫരിന, സാങ്കേതികവിദ്യകളിലും പെര്‍ഫോമന്‍സിലും മികച്ച ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കും. പുതിയ ബ്രാന്‍ഡില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ 2020 ല്‍ വിപണിയിലെത്തും.

ഇറ്റാലിയന്‍ കാര്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരിനയെ 2015 ലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ഏറ്റെടുത്തത്. പുതിയ ഹൈ പെര്‍ഫോമന്‍സ് ആഡംബര ഇലക്ട്രിക് വാഹനങ്ങളില്‍ പിനിന്‍ഫരിനയുടെ രൂപകല്‍പ്പനാ ചാതുരി പ്രകടമാകും. റോമില്‍ നടന്ന ചടങ്ങില്‍ ഓട്ടോമൊബിലി പിനിന്‍ഫരിന ബ്രാന്‍ഡിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സന്നിഹിതനായിരുന്നു.

ഓട്ടോമൊബിലി പിനിന്‍ഫരിനയുടെ ആദ്യ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ ഗ്രാന്‍ഡ് ലുസ്സോ അഥവാ ഗ്രാന്‍ഡ് ലക്ഷ്വറി ആയിരിക്കുമെന്ന് പിനിന്‍ഫരിന ചെയര്‍മാന്‍ പാവോലോ പിനിന്‍ഫരിന അറിയിച്ചു. ലെവല്‍ 3 ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനത്തോടെ ഈ കാര്‍ വിപണിയിലെത്തിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് രണ്ട് സെക്കന്‍ഡില്‍ താഴെ സമയം മതിയാകും. 0-300 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം നേടുന്നതിന് 12 സെക്കന്‍ഡ് സമയമാണ് കണക്കാക്കുന്നത്. മണിക്കൂറില്‍ 400 കിലോമീറ്ററായിരിക്കും ടോപ് സ്പീഡ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യാം. പിനിന്‍ഫരിന ബാഡ്ജില്‍ പുറത്തിറക്കുന്ന ഹൈപ്പര്‍കാറിന് രണ്ട് മില്യണ്‍ യൂറോയില്‍ താഴെയായിരിക്കും വില.

ഇറ്റാലിയന്‍ കാര്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരിനയെ 2015 ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തത്

ഇലക്ട്രിക് ഹൈപ്പര്‍കാറിന്റെ നൂറ് യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്. മൈക്കല്‍ പെര്‍ഷ്‌കെയാണ് ഓട്ടോമൊബിലി പിനിന്‍ഫരിനയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. നേരത്തെ ഇദ്ദേഹം ഔഡി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായിരുന്നു. ലോക്ക ബോര്‍ഗോഗ്നോ ഓട്ടോമൊബിലി പിനിന്‍ഫരിനയുടെ ഡിസൈന്‍ വിഭാഗത്തിന് നേതൃത്വം നല്‍കും.

Comments

comments

Categories: Auto