കത്വ മാനഭംഗക്കേസില്‍ ഈ മാസം 28 ന് വിചാരണ ആരംഭിക്കും

കത്വ മാനഭംഗക്കേസില്‍ ഈ മാസം 28 ന് വിചാരണ ആരംഭിക്കും

ജമ്മുകാശ്മീര്‍: കത്വ മാനഭംഗക്കേസില്‍ വിചാരണ ആരംഭിക്കുന്നത് ഈ മാസം 28 ലേക്കു മാറ്റി. കേസ് പരിഗണിക്കുന്നത് കത്വയില്‍നിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും കേസില്‍ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

ജമ്മുവിലെ കത്വയില്‍ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണയാണ് ഇന്ന് ആരംഭിക്കേണ്ടിയിരുന്നത്. പ്രതിപ്പട്ടികയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്ളതിനാല്‍ അയാള്‍ക്കായി പ്രത്യേകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികള്‍ക്കും എതിരായ വിചാരണ സെഷന്‍സ് കോടതിയില്‍ നടക്കും. കേസ് നടപടികള്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രണ്ട് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. കേസില്‍ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ബഖര്‍വാല നാടോടിഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തില്‍ പറയുന്നു. എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിനായിരുന്നു. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ക്ഷേത്രത്തിലേക്കു കൊണ്ടുപോയത്. ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു. ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെണ്‍കുട്ടിക്കു വേണ്ടി തിരച്ചില്‍ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്തു വന്നതും വിവാദമായിരുന്നു.

 

Comments

comments

Categories: Slider