സൗത്ത് ആഫ്രിക്കയില്‍ അഞ്ചംഗ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു

സൗത്ത് ആഫ്രിക്കയില്‍ അഞ്ചംഗ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു

ജോനാസ്ബര്‍ഗ്: മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ ഇന്ത്യന്‍-ആഫ്രിക്കന്‍ കുടുംബം സൗത്ത് ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു. വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിലാണ് മരണം.

അസിസ് മന്‍ജ്ര, ഭാര്യയും ആഫ്രിക്കന്‍ വംശജയുമായ ഗോറി ബിബി, മക്കളായ സുബിന (18), മൈറൂനീസ (14), മുഹമ്മദ് റിസ്വാന്‍ (10) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 25 വര്‍ഷമായി സൗത്ത് ആഫ്രിക്കയില്‍ താമസമാക്കിയിരിക്കുന്നയാളാണ് അസിസ്. സംഭവ ദിവസം വീട്ടില്‍ നിന്ന് ഭയാനകമായ ശബ്ദങ്ങള്‍ കേട്ടുവെന്ന് അയല്‍വാസി മൊഴി നല്കിയിട്ടുണ്ട്. വെളുപ്പിന് രണ്ട് മണിയോടുകൂടി വീടിന്റെ റൂഫില്‍ക്കൂടി ആരോ നടക്കുന്ന ശബ്ദം കേട്ട് ഉണരുകയായിരുന്നു ഇവര്‍. അല്പസമയത്തിനകം അസീസിന്റെ വീട്ടില്‍ നിന്ന് അള്ളാ എന്ന നിലവിളിയും പുറകെ കൂട്ടക്കരച്ചിലും ഉയരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഭയം മൂലം പുറത്തിറങ്ങുകയോ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. എങ്കിലും മറ്റൊരു അയല്‍ക്കാരനെ ഫോണ്‍ വിളിച്ച് പൊലിസുമായി ബന്ധപ്പെടാന്‍ അറിയിക്കുകയായിരുന്നു. അല്പസമയത്തിനകം ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സന്നാഹങ്ങള്‍ എത്തി തീയണച്ചു. എന്നാല്‍ വീടിന്റെ ജനലും വാതിലുമെല്ലാം കട്ടിയുള്ള ഇരുമ്പ് പാളികള്‍ കൊണ്ട് അടച്ചിരിക്കുന്നതിനാല്‍ തന്നെ
ഇവര്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും കുറവായിരുന്നു.

വീട് അസിസിന് വില്ക്കുന്നതിനുള്ള അവസാനഘട്ടത്തിലായിരുന്നുവെന്നാണ് വീട്ടുടമ ഫബിന്‍ പറയുന്നത്. വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 

Comments

comments

Categories: FK News