സൗദി അരാംകോ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് എന്ത്?

സൗദി അരാംകോ ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് എന്ത്?

മൂന്ന് ലക്ഷം കോടി രൂപയുടെ വമ്പന്‍ റിഫൈനറി. അതില്‍ 50 ശതമാനം ഉടമസ്ഥാവകാശം. സൗദി അരാംകോ ഇന്ത്യയില്‍ തങ്ങളുടെ കളി തുടങ്ങുകയാണ്. എണ്ണ വിപണിയുടെ മുഖച്ഛാതയ തന്നെ മാറുമെന്നുറപ്പ്. പ്രിന്‍സ് മൊഹമ്മദിലൂടെ സൗദി മാറുമ്പോള്‍ ആ രാജ്യത്തിന്റെ നട്ടെല്ലായി എണ്ണയുഗത്തില്‍ വര്‍ത്തിച്ച കമ്പനിയും മാറുകയാണ്….

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ സംബന്ധിച്ചിടത്തോളം ബുധനാഴ്ച്ച പ്രധാനപ്പെട്ട ദിവസമായിരുന്നു. പ്രധാന എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍ അവര്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഒരു വമ്പന്‍ പദ്ധതിയുടെ 50 ശതമാനം ഉടമസ്ഥാവകാശം കൈയാളുന്ന കരാറില്‍ ഒപ്പുവെച്ചു. അതെ, കാലങ്ങളോളം സൗദി അറേബ്യ എന്ന അതിശക്തമായ അറേബ്യന്‍ രാഷ്ട്രത്തിന്റെ നട്ടെല്ലായ ഒരു കമ്പനി ഇന്ത്യയിലേക്കുള്ള വരവറിയിച്ചു കഴിഞ്ഞു. അതിന് വലിയ മാനങ്ങളുണ്ട്. നിരവധി പ്രത്യാഘാതങ്ങളും.

ലോകത്തെ എണ്ണയുടെ ശക്തിയില്‍ അല്‍ഭുതപ്പെടുത്തിയ രാജ്യമായിരുന്നു സൗദി അറേബ്യ. മുന്നില്‍ നിന്ന് നയിച്ചത് സൗദി അരാംകോയും. എന്നാല്‍ എണ്ണ വിപണി തകിടം മറഞ്ഞതോടെ സൗദി കുരുക്കിലായി. അതോടെ അവര്‍ ഒരു പാഠവും പഠിച്ചു. ഏറ്റവും നന്നായി അതിനെ മനസിലാക്കിയത് സൗദി രാജാവിന്റെ മകനും ഇപ്പോഴത്തെ കിരീടാവകാശിയും സൗദിയുടെ പുതിയ നായകനുമായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനാണ്. ഇനി എണ്ണയില്‍ വഴുതി തന്റെ രാജ്യം വീഴരുതെന്ന് അദ്ദേഹം ഉറപ്പിച്ചു. പരിഷ്‌കരണങ്ങളും തുടങ്ങി. അതിന്റെ പേരായിരുന്നു വിഷന്‍ 2030.

സൗദിയുടെ പുതിയ യുഗത്തിലേക്കുള്ള യാത്രയുടെ മാസ്റ്റര്‍ പ്ലാനാണത്. അതിന്റെ പ്രധാന ഭാഗമാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയെന്ന് ഖ്യാതി നേടിയ സൗദി അരാംകോയുടെ ഓഹരി വില്‍പ്പനയും മറ്റ് രാജ്യങ്ങളിലേക്കുള്ള ബിസിനസ് വ്യാപനവുമെല്ലാം. കഴിഞ്ഞ ദിവസം സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയത് അരാംകോയുടെ ഐപിഒ (പ്രഥാമിക ഓഹരി വില്‍പ്പന) വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഉണ്ടാകുമെന്നാണ്. അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോയുടെ പദ്ധതി. അതായത്, ലോകത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇതെന്ന്. ആ പണം സൗദിയുടെ വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. എണ്ണയുടെ കാലത്തിന് അത്ര വലിയ ആയുസ്സൊന്നുമില്ലെന്ന വ്യക്തമായ ധാരണ സൗദിക്കുണ്ട്. അതുകൊണ്ടുതന്നെ എണ്ണ വിപണിയില്‍ നിന്ന് ഏറ്റവും വേഗത്തില്‍ പരമാവധി നേട്ടം കൊയ്യാനാണ് പ്രിന്‍സ് മൊഹമ്മദ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സൗദിയുടെ തന്ത്രപരമായ പദ്ധതി. നേരത്തെ പറഞ്ഞ സൗദി അരാംകോയുടെ ഇന്ത്യയിലേക്കുള്ള ‘മാസ് എന്‍ട്രി’ക്ക് പിന്നിലുള്ളതും ഇതു തന്നെയാണ്.

ഇന്ത്യയിലെ എണ്ണ റീട്ടെയ്ല്‍ വിപണിയിലേക്കും സൗദി അരാംകോ പ്രവേശിക്കും. എന്നാല്‍ രത്‌നഗിരി റിഫൈനറി & പെട്രോകെമിക്കല്‍സ് എന്ന വലിയ പദ്ധതി പ്രവര്‍ത്തനക്ഷമമായ ശേഷം ആയിരിക്കും അതെന്നാണ് സൗദി അരാംകോയുടെ സിഇഒ അമിന്‍ എച്ച് നാസര്‍ വ്യക്തമാക്കി

തേരോട്ടം ഇന്ത്യയിലേക്ക്

സൗദി അരാംകോയുടെ ഇന്ത്യയിലേക്കുള്ള വരവിനെ സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രി എന്ന് തന്നെ വിശേഷിപ്പിക്കാം. 44 ബില്ല്യണ്‍ ഡോളര്‍ അഥവാ മൂന്ന് ലക്ഷം കോടി രൂപയുടെ സമാനതകളില്ലാത്ത പദ്ധതിയാണ് അങ്ങ് പടിഞ്ഞാറന്‍ തീരത്ത് വരുന്നത്. ഇതിലേക്കാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക കമ്പനിയെന്ന് ഖ്യാതി നേടിയ അരാംകോ വരുന്നത്. അഥും പ്ലാന്റിന്റെ 50 ശതമാനം ഉടമസ്ഥാവകാശത്തോടെ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ മൂന്ന് ഇന്ത്യന്‍ ഓയില്‍ ഭീമന്‍മാര്‍ കൂടി പങ്കാളികളായി മഹാരാഷ്ട്രയില്‍ വരുന്ന രത്‌നഗിരി റിഫൈനറീസ് ആന്‍ഡ് പെട്രോകെമിക്കല്‍സ് എന്ന ഈ സംരംഭം ഇന്ത്യയിലെ എണ്ണ വിപണിയെ ആകെ ഇളക്കി മറിക്കുമെന്നുറപ്പാണ്.

മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ കൂടിയുണ്ടാക്കിയ സംയുക്ത സംരംഭവും സൗദി അരാംകോയും തമ്മിലാണ് പദ്ധതിക്കായി ബുധനാഴ്ച്ച ധാരണാപത്രം ഒപ്പുവെച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍ സംരംഭങ്ങളിലൊന്നായി രത്‌നഗിരി മാറും, പ്രതിദിനം ഇവിടെ കൈകാര്യം ചെയ്യുക 1.2 ദശലക്ഷം ബാരല്‍ എണ്ണയായിരിക്കുമെന്നാണ് അരാംകോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. വര്‍ഷം തോറും 18 ദശലക്ഷം ടണ്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പുതിയ സംരംഭം പുറത്തിറക്കും. റിഫൈനറിയിലേക്ക്് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 50 ശതമാനവും വിതരണം ചെയ്യുന്നത് സൗദി അരാംകോ തന്നെയായിരിക്കും. 2025 ആകുമ്പോഴേക്കും പദ്ധതി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രതിദിനം ഇവിടെ കൈകാര്യം ചെയ്യുക 1.2 ദശലക്ഷം ബാരല്‍ എണ്ണയായിരിക്കുമെന്നാണ് അരാംകോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. വര്‍ഷം തോറും 18 ദശലക്ഷം ടണ്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പുതിയ സംരംഭം പുറത്തിറക്കും. റിഫൈനറിയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 50 ശതമാനവും വിതരണം ചെയ്യുന്നത് സൗദി അരാംകോ തന്നെയായിരിക്കും

റീട്ടെയ്ല്‍ വിപണിയിലും മാറ്റം വരും

ഇന്ത്യയിലെ എണ്ണ റീട്ടെയ്ല്‍ വിപണിയിലേക്കും സൗദി അരാംകോ പ്രവേശിക്കും. എന്നാല്‍ രത്‌നഗിരി റിഫൈനറി & പെട്രോകെമിക്കല്‍സ് എന്ന വലിയ പദ്ധതി പ്രവര്‍ത്തനക്ഷമമായ ശേഷം ആയിരിക്കും അതെന്നാണ് സൗദി അരാംകോയുടെ സിഇഒ അമിന്‍ എച്ച് നാസര്‍ ഒരു ദേശീയ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യം ഉല്‍പ്പാദന ഹബ്ബ് റെഡിയാകണം. അതിന് ശേഷം റീട്ടെയ്ല്‍ എന്നായിരുന്നു അമിന്‍ വ്യക്തമാക്കിയത്. അരാംകോ ബ്രാന്‍ഡില്‍ തന്നെയായിരിക്കും റീട്ടെയ്ല്‍ വിപണിയിലും കമ്പനി പ്രവര്‍ത്തനം തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോദിയില്‍ പ്രതീക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കരണ നയങ്ങളില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്ന തരത്തിലാണ് സൗദി അരാംകോ സിഇഒയും പ്രസിഡന്റുമായ അമിന്‍ നാസെര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങള്‍ ശരിയായ ദിശയിലാണ്. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ അത് പ്രേരകമാകുന്നു-അദ്ദേഹം വ്യക്തമാക്കി.

ലോകത്തെമ്പാടും വമ്പന്‍ നിക്ഷേപ പദ്ധതികള്‍

 

ഫ്രാന്‍സ്, യുഎസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി വമ്പന്‍ നിക്ഷേപ പദ്ധതികളാണ് സൗദി അരാംകോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗ്യമായിതന്നെയാണ് ഇന്ത്യയിലേക്കുള്ള വരവും .

എണ്ണയ്ക്കും പെട്രോകെമിക്കലുകള്‍ക്കും ആവശ്യകത കൂടുന്നത് കണക്കിലെടുത്ത് ലോകത്തെമ്പാടും വമ്പന്‍ നിക്ഷേപങ്ങളാണ് സൗദി അരാംകോ നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സിലെ എണ്ണ ഭീമന്‍ ടോട്ടലുമായി ചേര്‍ന്ന് സൗദി അറേബ്യയില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ റിഫൈനറി നിര്‍മിക്കാന്‍ അരാംകോ കരാറില്‍ ഏര്‍പ്പെട്ടത്. വലിയ തോതില്‍ ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സായാണ് ഇതിനെ വിഭാവനം ചെയ്യുന്നത്. പ്രതിവര്‍ഷം 1.5 ദശലക്ഷം സ്റ്റീം ക്രാക്കര്‍, പെട്രോകെമിക്കല്‍ യൂണിറ്റുകള്‍ നിര്‍മിക്കുന്ന കരാറിലാണ് ഒപ്പുവെച്ചതെന്ന് ടോട്ടലും അരാംകോയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതിയിലൂടെ 8,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്. എണ്ണ അധിഷ്ഠിത ബിസിനസുകള്‍ക്കൊപ്പം തന്നെ മറ്റ് മേഖലകളിലേക്കും വ്യാപനം നടത്താനുള്ള അരാംകോയുടെ തന്ത്രത്തിന്റെ കൂടി ഭാഗമാണ് പുതിയ നീക്കം. എണ്ണ ഉല്‍പ്പാദനത്തിന് അപ്പുറത്തേക്ക് എണ്ണയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാനാണ് അരാംകോയുടെ ശ്രമം. ഒരു മാസം മുമ്പ് യുഎസിലും സൗദി കമ്പനി വലിയ കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. യുഎസിലെ റിഫൈനറി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി എട്ട് ബില്ല്യണ്‍ ഡോളറിന്റെ കോണ്‍ട്രാക്റ്റുകളാണ് അരാംകോ നല്‍കിയത്. കഴിഞ്ഞ വര്‍ഷം മലേഷ്യയിലും ഇന്തോനേഷ്യയിലും ബില്ല്യണ്‍കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് അരാംകോ ഇറക്കിയത്. കമ്പനിയെ ലിസ്റ്റ് ചെയ്യുമ്പോഴേക്കും മൊത്തം മൂല്യം രണ്ട് ട്രില്ല്യണ്‍ ഡോളറിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സൗദി സര്‍ക്കാര്‍.

സൗദി അരാംകോ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനി

 

കമ്പനിയുടെ ഉടമസ്ഥാവകാശം സൗദി സര്‍ക്കാരിന്

ആസ്ഥാനം: ദഹ്‌റന്‍, സൗദി അറേബ്യ

ജീവനക്കാര്‍: 55,000ത്തില്‍ അധികം

സിഇഒ, പ്രസിഡന്റ്: അമിന്‍ നാസെര്‍

2018ലോ 2019ലോ ഐപിഒ പദ്ധതിയിടുന്നു

വിറ്റഴിക്കുന്നത് 5 ശതമാനം ഓഹരി, സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് 100 ബില്ല്യണ്‍ ഡോളര്‍

 

Comments

comments

Categories: Arabia