യു.എസ് മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

യു.എസ് മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കാണാതായ നാലംഗ കുടുംബത്തിനായുള്ള തിരച്ചിലിനിടെയാണ് മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്നു സംശയിക്കുന്ന ചില വസ്തുക്കളും കിട്ടിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്. ഒറിഗോണിലെ പോര്‍ട്‌ലാന്‍ഡില്‍നിന്നുള്ള യാത്രക്കിടെ ലെഗെറ്റിന് എട്ടു കിലോമീറ്റര്‍ വടക്ക് ഡോറ ക്രീക്കില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നദിയില്‍ വീഴുകയായിരുന്നുവെന്നാണു പൊലീസ് ഭാഷ്യം.

ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിനായാണു പൊലീസ് ഹെലിക്കോപ്റ്റര്‍ സഹായത്തോടെ നദിയില്‍ തിരച്ചില്‍ നടത്തുന്നത്. വാഹനം വീണ ഈല്‍ നദിയില്‍ 12 മൈല്‍ ദൂരെ വരെ തിരച്ചില്‍ നടത്തിയതായി സ്വിഫ്റ്റ് വാട്ടര്‍ റെസ്‌ക്യു ടീംസ് അറിയിച്ചു. കാറിന്റെ ബോഡിയിലെയും ഇന്റീരിയറിലെയും ചില ഭാഗങ്ങള്‍ കണ്ടുകിട്ടിയതായാണ് കലിഫോര്‍ണിയ ഹൈവേ പട്രോള്‍ സംഘം അറിയിച്ചത്. കാണാതായ കുടുംബത്തിന്റേതെന്നു കരുതുന്ന വസ്തുക്കളാണു ഇപ്പോള്‍ കിട്ടിയതെന്നും എന്തെല്ലാമാണെന്നു വെളിപ്പെടുത്താനാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എസിലെ ബാങ്ക് വൈസ് പ്രസിഡന്റായാണു സന്ദീപ് ജോലി ചെയ്തിരുന്നത്.

Comments

comments

Categories: World