സിംഗിള്‍ ഡിസ്ക് വേരിയന്റിന് 79,715 രൂപയും ഡുവല്‍ ഡിസ്ക് വേരിയന്റിന് 82,044 രൂപയുമാണ് വില
ന്യൂഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ അപ്പാച്ചെ ആര്ടിആര് 160 റേസ് എഡിഷന് അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭിക്കും. സിംഗിള്‍ ഡിസ്ക് ബ്രേക്ക് വേരിയന്റിന് 79,715 രൂപയും ഡുവല്‍ ഡിസ്ക് ബ്രേക്ക് വേരിയന്റിന് 82,044 രൂപയുമാണ് വില. റേസ് എഡിഷന് ആയതിനാല്‍ ഇന്ധന ടാങ്ക്, ഫ്രണ്ട് മഡ്ഗാര്‍ഡ്, ഗ്രാബ് റെയിലിന് സമീപത്തെ റിയര്‍ ബോഡി പാനല്‍ എന്നിവിടങ്ങളില്‍ വെളുത്ത പെയിന്റില്‍ റെഡ് സ്ട്രൈപ്പുകള്‍ കാണാം. ഇന്ധന ടാങ്കില്‍ പുതിയ ബാഡ്ജ് നല്കിയിരിക്കുന്നു. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 റേസ് എഡിഷന്, ലിമിറ്റഡ് എഡിഷന് മോഡല്‍ അല്ല എന്നത് ശ്രദ്ധേയമാണ്.
സ്റ്റാന്‍ഡേഡ് ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 യേക്കാള്‍ ആയിരം രൂപ മാത്രമാണ് റേസ് എഡിഷന് അധികം വില. മുന്‍ തലമുറ 160 യുടെ അതേ എന്ജിന് റേസ് എഡിഷന് ലഭിച്ചു. 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് 15 ബിഎച്ച്പി കരുത്തും 13 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.
സ്റ്റാന്‍ഡേഡ് ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 യേക്കാള്‍ ആയിരം രൂപ മാത്രമാണ് റേസ് എഡിഷന് അധികം വില
ടിവിഎസ് കഴിഞ്ഞ മാസം ഇന്ത്യയില്‍ പുതു തലമുറ ആര്ടിആര് 160 4വി പുറത്തിറക്കിയിരുന്നു. 81,490 രൂപ മുതലാണ് ഈ ബൈക്കിന്റെ വില. മൂത്ത സഹോദരനായ ആര്ടിആര് 200 4വിയുടെ അതേ ഡിസൈനും സ്റ്റൈലിംഗുമാണ് ആര്ടിആര് 160 4വി കടമെടുത്തിരിക്കുന്നത്. കൂടുതല്‍ പവറും ടോര്‍ക്കുമുള്ള പൂര്‍ണ്ണമായി പരിഷ്കരിച്ച എന്ജിന് ഉപയോഗിക്കുന്നു. ബ്രേക്കുകളും സസ്പെന്‍ഷനും ഫ്രെയിമും സമഗ്രമായി പരിഷ്കരിച്ചു. ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്, സുസുകി ജിക്സര്‍, യമഹ എഫ്ഇസഡ് എന്നിവയാണ് അപ്പാച്ചെ ആര്ടിആര് 160 യുടെ എതിരാളികള്‍.