തുഷാരരശ്മിയില്‍ തിളങ്ങുന്ന ബിസിനസുകള്‍

തുഷാരരശ്മിയില്‍ തിളങ്ങുന്ന ബിസിനസുകള്‍

തീവ്രകാലാവസ്ഥാമാറ്റത്തെ അതിജീവിക്കുന്ന ഉത്തരധ്രുവ ജനതയുടെ ജീവിതചര്യയും വിനോദങ്ങളും

മഞ്ഞു കൊഴിയുന്ന, മരംകോച്ചുന്ന തണുപ്പുള്ള ക്രിസ്മസ് രാവുകള്‍. മനുഷ്യനെ മോഹിപ്പിക്കുന്ന ആഘോഷരാവുകള്‍. പുതുവര്‍ഷത്തെ പ്രത്യാശകളുമായി കാത്തുനില്‍ക്കുന്ന നനുത്ത ആ അന്തരീക്ഷം വര്‍ഷം മുഴുവന്‍ പ്രദാനം ചെയ്യുന്ന അവസ്ഥയുണ്ടെങ്കിലോ. ഉത്തരധ്രുവത്തിലെ ലാപ്‌ലാന്‍ഡ് എന്ന പ്രദേശത്ത് എല്ലാ ദിവസവും മോഹിപ്പിക്കുന്ന ഈ മനോഹര കാലാവസ്ഥയാണ്. വടക്കന്‍ നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ലാപ്‌ലാന്‍ഡ്.

വിചിത്രമായ ഋതുഭേദങ്ങളുള്ള പ്രദേശമാണിത്. വര്‍ഷത്തില്‍ ഏറിയ പങ്കും മരവിപ്പിക്കുന്ന തണുപ്പാണെങ്കിലും വസന്തകാലത്തും വേനല്‍ക്കാലത്തും 24 മണിക്കൂര്‍ സൂര്യന്‍ പ്രകാശിക്കും. അതായത്, ആഗോള താപനത്തിന്റെ കാലത്ത് ആശ്വാസമരുളിക്കൊണ്ട് വര്‍ഷം മുഴുവന്‍ തണുപ്പ്. വര്‍ഷത്തില്‍ ഏറിയ പങ്കും മരവിപ്പിക്കുന്ന തണുപ്പാണെങ്കിലും വസന്തകാലത്തും വേനല്‍ക്കാലത്തും ഇതിന് അല്‍പ്പം ശമനമുണ്ടാകും. ദീര്‍ഘസമയത്തേക്ക് സൂര്യപ്രകാശവും താപനിലയിലെ ഉയര്‍ച്ചയും (അതായത് പരമാവധി 30 ഡിഗ്രി സെല്‍ഷ്യസ് വരെ) ഈ സമയത്താണ് കാണാന്‍ കഴിയുക.

തീവ്രമായ കാലാവസ്ഥാവ്യതിയാനമാണ് ഈ പ്രദേശത്ത് അനുഭവപ്പെടാറുള്ളത്. ഇവിടത്തെ ആളുകളുടെ ജീവിതരീതിയും വേറിട്ടതാണ്. പ്രദേശത്തിന് അനുയോജ്യമായ ഉപജീവനമാര്‍ഗം ഇവര്‍ പിന്തുടരുന്നു. ഉദാഹരണത്തിന് സ്വീഡിഷ് ലാപ്‌ലാന്‍ഡില്‍ സൂര്യപ്രകാശം മുഴുദിവസവും (24 മണിക്കൂര്‍) ലഭിക്കുന്ന വേനല്‍ക്കാലത്താണ് ജോലികള്‍ ചെയ്യാന്‍ ഉചിതം. വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കേണ്ടി വരുന്ന ശീതകാലത്തിനു മുമ്പായി അവര്‍ ജോലികള്‍ തീര്‍ത്തുവെക്കുന്നു. തണുപ്പുകാലമാണ് അവരുടെ വിശ്രമസമയം. ജനജീവിതത്തില്‍ വലിയ പങ്കു വഹിക്കുന്ന കാലമാണിത്.

സാമി ജനസമൂഹമാണ് ഉത്തരധ്രുവപ്രദേശത്തെ ഒരു പ്രധാന വര്‍ഗക്കാര്‍. ധ്രുവക്കലമാന്‍, തവിട്ടു കരടി, പരുന്തുകള്‍, കൊമ്പന്‍ മലമാന്‍ എന്നിങ്ങനെ അപൂര്‍വജനുസില്‍പ്പെട്ട ജീവിവര്‍ഗത്തിന്റെ ആവാസസ്ഥാനം കൂടിയാണിത്. ഉത്തരധ്രുവത്തിനു 30 മൈല്‍ മാറിയുള്ള അടിവാരമാണ് ഹറഡ്‌സ്. തദ്ദേശീയനായ മൈക്കിള്‍ സുവൊറ ഇവിടെ ഹൈഡ് ആന്‍ഡ് സീ എന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകമ്പനി നടത്തിവരുന്നു. ഇവിടം സന്ദര്‍ശിക്കുന്ന സഞ്ചാരികളെ സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയും നയിച്ചു കൊണ്ടു പോകുകയുമാണ് ഇവരുടെ പ്രധാന ദൗത്യം.

തീവ്രമായ കാലാവസ്ഥാവ്യതിയാനമാണ് ഉത്തരധ്രുവത്തിലെ ലാപ്‌ലാന്‍ഡ് എന്ന പ്രദേശത്ത് അനുഭവപ്പെടാറുള്ളത്. വടക്കന്‍ നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, റഷ്യ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ലാപ്‌ലാന്‍ഡ്. വര്‍ഷത്തില്‍ ഏറിയ പങ്കും മരവിപ്പിക്കുന്ന തണുപ്പാണെങ്കിലും വസന്തകാലത്തും വേനല്‍ക്കാലത്തും 24 മണിക്കൂര്‍ സൂര്യന്‍ പ്രകാശിക്കും

മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് കരടികളെ കാണാന്‍ ഉചിതമെന്ന് അദ്ദേഹം പറയുന്നു. കരടികള്‍ രാത്രികാലങ്ങളിലാണ് സജീവമാകുന്നത്. എന്നാല്‍ മേയ്- ഓഗസ്റ്റ് സമയത്ത് ഇവയെ പകലും കാണാനാകും. നട്ടുച്ചയ്ക്കു പോലും ഇവ വെളിമ്പ്രദേശത്തെത്തുന്നു. ഇവിടെയുള്ള പൈന്‍ വനത്തില്‍ ആറ് ആളുകള്‍ക്ക് വരെ ഒളിച്ചിരുന്നു കരടിയെ നിരീക്ഷിക്കാന്‍ പറ്റുന്ന ഒളിയിടം സുവൊറ ഒരുക്കിയിട്ടുണ്ട്. അവിടെ നിന്ന് അവയെ ഏറ്റവും നന്നായി ക്യാമറയില്‍ ഒപ്പിയെടുക്കാനാകും. സന്ദര്‍ശകര്‍ക്ക് കരടിയെ കാണാനാകുമെന്നതിന് ഒരുറപ്പും തരാനാകില്ലെന്ന് സുവൊറ പറയുന്നു.

മനുഷ്യവാസം ശരിക്കു ചെന്നെത്തിയിട്ടില്ലാത്ത, തികഞ്ഞ ഒരു വനസ്ഥലിയാണിത്. അതിനാല്‍ത്തന്നെ അനിശ്ചിതത്വം ഈ പ്രദേശത്തിന്റെ സഹജഭാവമാണ്. വന്യതയാണ് ഏറ്റവും ആകര്‍ഷകം. അതിനാല്‍ത്തന്നെ 300 ഡോളര്‍ മുടക്കി ഇവിടെ എത്തുന്നയാള്‍ മൃഗങ്ങളെ കാണാനായില്ലെന്നതിന്റെ പേരില്‍ നിരാശപ്പെടില്ലെന്ന് അദ്ദേഹം പറയുന്നു. കാനനഭംഗിയും സ്വച്ഛതയും തേടി വരുന്നവരാണ് സന്ദര്‍ശകര്‍. ഈ ചുറ്റുപാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനാണ് അവര്‍ പ്രാധാന്യം കൊടുക്കുന്നത്. കരടിയെ കാണുന്നത് ഒരു അധികലാഭം മാത്രമാണവര്‍ക്കെന്നും അദ്ദേഹം പറയുന്നു.

ലാപ്‌ലാന്‍ഡിന്റെ ആകര്‍ഷകമായ പ്രകൃതിസൗന്ദര്യം പ്രദേശവാസികള്‍ക്ക് മാത്രമല്ല അവസരമൊരുക്കുന്നത്. സാഹസിക മല്‍സ്യബന്ധനം അവിടത്തെ പ്രധാന വിനോദവും ഉപജീവന മാര്‍ഗവുമാണ്. വേനല്‍ക്കാലത്ത് ജേയ് ബാര്‍ട്‌ലെറ്റ് എന്ന ബ്രിട്ടീഷുകാരന്‍ താല്‍പര്യമുള്ളവര്‍ക്കായി ഫ്‌ളൈഫിഷ് അഡ്വഞ്ചര്‍ നടത്തുന്നു. 1,250 പൗണ്ട് ചുമത്തിയാണ് ഒരാഴ്ച മല്‍സ്യബന്ധനത്തിന് അവസരമൊരുക്കുന്നത്. എന്നാല്‍ ഇതൊരു ഭീമമായ സംഖ്യയല്ലെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അമേരിക്ക, ക്യാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വിനോദങ്ങള്‍ക്ക് വാങ്ങുന്ന തുക വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.

മഞ്ഞുപുതച്ച കെംഗിസ് ബര്‍ക്കിലെ തോണ്‍ നദിയില്‍ അര്‍ധരാത്രിയോടെയാണ് ജേയ് മല്‍സ്യബന്ധനത്തിറങ്ങുന്നത്. ഇതല്‍പ്പം കടന്ന കാര്യമല്ലേ എന്ന ചോദ്യത്തിന് 24 മണിക്കൂറും സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുമ്പോള്‍ എങ്ങനെയാണ് വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുകയെന്ന് അദ്ദേഹം മറുചോദ്യമുന്നയിക്കുന്നു. വേനല്‍പകലിലെ താപനില 12- 13 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇതും പാതിരാത്രിക്കു സമാനമായ അവസ്ഥയാണ് ഉളവാക്കുന്നത്. ചെമ്പല്ലി മല്‍സ്യമാണ് ഇവിടെ കൂടുതല്‍ കിട്ടുന്നത്. ജൂണ്‍ ആദ്യം മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഇവിടെ ഇതിനു ചാകരക്കാലമാണ്. ഈ സീസണ്‍ കഴിയുമ്പോള്‍ ജേയ് തന്റെ സഞ്ചാരത്തിനു കോപ്പു കൂട്ടുന്നു.

വടക്കന്‍ സ്വീഡന്റെ സമ്പദ്‌വ്യവസ്ഥയില്‍ വിനോദസഞ്ചാരം വലിയ പ്രാധാന്യം കൈവരിച്ചു വരുന്ന കാലമാണിത്. ഉത്തരധ്രുവത്തിന് 125 മൈല്‍ വടക്കോട്ടു മാറിയുള്ള ജുക്കസ്ജാര്‍വിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഐസ് ഹോട്ടല്‍ വിനോദസഞ്ചാരവ്യവസായത്തില്‍ നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുന്നു. ഡിസംബറില്‍ തോണ്‍ നദിക്കരയില്‍ വലിയ മഞ്ഞുകട്ടകള്‍ കൊണ്ട് താല്‍ക്കാലിക ഹോട്ടല്‍ പണിയുന്നു. അടുത്ത വസന്തകാലം വരെ അത് ഉരുകാതെ നിലനില്‍ക്കും. എന്നാല്‍ ഈ വര്‍ഷം പണിത രണ്ടാമത്തെ ഹോട്ടല്‍ വര്‍ഷം മുഴുവന്‍ ഉരുകാതെ നിലനിന്നത് ആശ്ചര്യജനകമാണ്. സൂര്യതാപമേറ്റ് ഹോട്ടലിന്റെ പുറംചുവരുകള്‍ ഉരുകിപ്പോയെങ്കിലും സൗരോര്‍ജപാനലിനാല്‍ പ്രവര്‍ത്തിക്കുന്ന ശീതീകരണ സംവിധാനത്തിന്റെ സഹായത്താല്‍ അകം ചുവരുകള്‍ ഉരുകാതെ നില്‍ക്കുകയായിരുന്നു.

എല്ലാ വേനലിലും ഐസ്‌ഹോട്ടല്‍ ഉരുകാതെ നിലനില്‍ക്കുന്നതു കാണാന്‍ പ്രദേശവാസികള്‍ ആഗ്രഹിക്കാറുണ്ടെങ്കിലും അത് നടക്കാറില്ലെന്ന് ഹോട്ടല്‍ ഗൈഡ് എല്ലെന്‍ റൈ ഡെന്‍ജെല്‍സണ്‍ പറയുന്നു. എന്നാല്‍ ഇത്തവണ ഹോട്ടലിനുള്ളിലെ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും മൈനസ് എട്ട് ഡിഗ്രിക്കുമിടയില്‍ നിലനിര്‍ത്താനായതോടെ ആ സ്വപ്‌നം സഫലമായെന്നാണ് അദ്ദേഹം പറയുന്നത്. വേനല്‍ക്കാലത്ത് മഞ്ഞിനു നടുവില്‍ കിടന്ന് ഉറങ്ങാന്‍ പോലും ആളുകള്‍ ആഗ്രഹിക്കാറുണ്ട്. ഏറെ കൗതുകകരമായ ഒരു സ്വപ്‌നമാണത്. അങ്ങനെ നോക്കുമ്പോള്‍ ധ്രുവപ്രദേശം ഇത്തരം അല്‍ഭുതങ്ങളുടെ ലോകം തന്നെയാണെന്നു പറയാം.

സ്വീഡനെയും ഫിന്‍ലന്‍ഡിനെയും വിഭജിക്കുന്ന പെര്‍പെസ്യുലയുടെ പാടം തോണ്‍ നദിക്കരയിലുള്ള കുക്കോലയിലാണു സ്ഥിതി ചെയ്യുന്നത്. ഉത്തരധ്രുവത്തിന് ഏതാനും മൈല്‍ തെക്കുമാറി ജീവിക്കുന്ന പെര്‍സ്യുല അവകാശപ്പെടുന്നത് ഈ മേഖലയില്‍ വസിക്കുന്ന ഏക പാചകയെണ്ണ നിര്‍മാതാവാണു താനെന്നാണ്. ഇവിടെ താന്‍ കടുകും എണ്ണക്കുരുവും കൃഷി ചെയ്യുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ആളുകള്‍ അവിശ്വസനീയതയോടെയാണ് തന്നെ നോക്കിയത്. എന്നാല്‍ ധ്രുവപ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം ഇത് കൃഷിചെയ്യാന്‍ ഒരു മാസം അധികമായി ലഭിക്കും. വേനല്‍ക്കാലത്ത് 24 മണിക്കൂറും സൂര്യപ്രകാശം കിട്ടുമെന്നതിനാല്‍ എണ്ണക്കുരു ഒരു ദിവസം കൊണ്ട് രണ്ട് സെന്റിമീറ്റര്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

സാമി ജനസമൂഹമാണ് ഉത്തരധ്രുവപ്രദേശത്തെ ഒരു പ്രധാന വര്‍ഗക്കാര്‍. ധ്രുവക്കലമാന്‍, തവിട്ടു കരടി, പരുന്തുകള്‍, കൊമ്പന്‍ മലമാന്‍ എന്നിങ്ങനെ അപൂര്‍വജനുസില്‍പ്പെട്ട ജീവിവര്‍ഗത്തിന്റെ ആവാസസ്ഥാനം കൂടിയാണിത്. കരടികള്‍ രാത്രികാലങ്ങളിലാണ് സജീവമാകുന്നത്. എന്നാല്‍ മേയ്- ഓഗസ്റ്റ് സമയത്ത് ഇവയെ പകലും കാണാനാകും. നട്ടുച്ചയ്ക്കു പോലും ഇവ വെളിമ്പ്രദേശത്തെത്തുന്നു

ഒരു വര്‍ഷം 12,000 ലിറ്റര്‍ എണ്ണയും വന്‍തോതില്‍ കടുകും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് പെര്‍സ്യുല വ്യക്തമാക്കുന്നു. അയ്യായിരം ലിറ്റര്‍ എണ്ണവരെ ആഭ്യന്തരോപയോഗത്തിനെടുക്കുന്നു. കൃഷിയന്ത്രങ്ങള്‍ക്കും മറ്റ് ഊര്‍ജാവശ്യങ്ങള്‍ക്കുമാണിത്. ബാക്കിയുള്ളത് സന്ദര്‍ശകര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും വില്‍ക്കുകയാണു പതിവെന്ന് അദ്ദേഹം പറയുന്നു. കറ്റമെതിച്ചു കഴിഞ്ഞുള്ള അവശിഷ്ടങ്ങള്‍ കന്നുകാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ബ്രസീലില്‍ നിന്ന് കാലിത്തീറ്റയ്ക്കു വേണ്ടി ഇറക്കുമതി ചെയ്യുന്ന സോയക്കു പകരമായി ഉപയോഗിക്കുന്നതിലൂടെ പണവും ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശരത്കാലത്തും ശീതകാലത്തും പക്ഷേ, ഏതാനും മണിക്കൂറുകള്‍ മാത്രമേ സൂര്യപ്രകാശം ഇവിടെ പതിക്കാറുള്ളൂ. പകലിന്റെ ദൈര്‍ഘ്യം കുറയുന്നതോടെ ലാപ് ലാന്‍ഡിലെ ബിസിനസുകളെ ബാധിക്കും. ഈ സാഹചര്യത്തെ പ്രദേശത്തിന് അനുകൂലമാക്കിയെടുക്കുകയെന്ന കടമ്പയുമുണ്ട്. എന്നാല്‍ ഇതവര്‍ സാധ്യമാക്കുന്നു. ചില നാട്ടുകാര്‍ക്കു മാത്രമാണ് മാറ്റം ബുദ്ധിമുട്ടാകുന്നത്. അതേസമയം, ഈ കാലാവസ്ഥാ വ്യതിയാനം മനുഷ്യരില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം അനന്യസാധാരണവും ഭീകരവുമാണ്. വേനലില്‍ ദിനം മുഴുവന്‍, 24 മണിക്കൂറും, സൂര്യപ്രകാശവും മഞ്ഞുകാലത്ത് സ്ഥിരമായ ഇരുട്ടും ഉണ്ടാകുന്നത് വലിയ മാനസിക പ്രശ്‌നങ്ങളില്‍ ജനങ്ങളില്‍ ഉണ്ടാക്കാനിടയുണ്ടെന്ന് സ്‌റ്റോക്‌ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനസികാരോഗ്യവിദഗ്ധന്‍ റോയ്ന്‍ സ്റ്റാന്‍ഡ് ചൂണ്ടിക്കാട്ടുന്നു.

മിക്കവാറും ആളുകളില്‍ ഇരുട്ട് വലിയ മാനസികപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. തണുപ്പും ഇരുട്ടും കടുത്ത മാനസികസമ്മര്‍ദ്ദത്തിനും വിഷാദരോഗത്തിനും വലിയ സാധ്യത സൃഷ്ടിക്കാറുണ്ട്. ഇതിനു കടകവിരുദ്ധമായ കാര്യവും സംഭവിക്കാറുണ്ട്. ചിലരില്‍ വെളിച്ചമാണ് പ്രശ്‌നങ്ങളുണ്ടാക്കുക. തുടര്‍ച്ചയായി സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നതു കാണുന്നത് ആളുകളില്‍ സ്ഥലജലവിഭ്രമത്തിനു കാരണമാകാം. എല്ലാ ചെയ്തു തീര്‍ക്കണമെന്നു പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കിടയില്‍ പാഴായ സമയം തിരികെപ്പിടിക്കാം എന്ന സമ്മര്‍ദ്ദമാണ് ഇതുണ്ടാക്കുന്നത്. ഇതും ഉറക്കമില്ലായ്മയിലേക്കും ക്രമേണ വിഷാദരോഗത്തിനും കാരണമാകാമെന്ന് റോയ്ന്‍ സ്റ്റാന്‍ഡ് അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special, Slider