സ്‌കോമാഡി ഇന്ത്യയിലേക്ക് ; ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്‌കൂട്ടര്‍ അവതരിപ്പിക്കും

സ്‌കോമാഡി ഇന്ത്യയിലേക്ക് ; ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്‌കൂട്ടര്‍ അവതരിപ്പിക്കും

സ്‌കോമാഡി ടിടി 125 അടുത്ത മാസം ; പുണെ എക്‌സ് ഷോറൂം വില 1.98 ലക്ഷം രൂപ !

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ സ്‌കോമാഡി ഇന്ത്യയിലെത്തുന്നു. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ ഇളക്കിമറിക്കുന്നതായിരിക്കും സ്‌കോമാഡി എന്ന ബ്രാന്‍ഡിന്റെ കടന്നുവരവ്. പുണെ ആസ്ഥാനമായ എജെ പെര്‍ഫോമന്‍സുമായി സഹകരിച്ചാണ് സ്‌കോമാഡി മഹാ ഭാരതത്തിലെത്തുന്നത്. കാറുകളും മോട്ടോര്‍സൈക്കിളുകളും കസ്റ്റമൈസ് ചെയ്യുന്നതില്‍ അഗ്രഗണ്യരാണ് എജെ പെര്‍ഫോമന്‍സ്.

ലാംബ്രെട്ട ജിപി സ്‌കൂട്ടറിന്റെ ഡിസൈനില്‍ നിര്‍മ്മിച്ച ടിഎല്‍ (ടുറിസ്‌മോ ലെഗ്ഗേര) 50, ടിഎല്‍ 125, ടിഎല്‍ 200, ടിടി 200ഐ തുടങ്ങിയ മോഡലുകളാണ് സ്‌കോമാഡിയുടെ ശേഖരത്തിലുള്ളത്. ചൈനയിലെ ചാങ്ഷുവിലാണ് സ്‌കോമാഡി തങ്ങളുടെ സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്നത്. ചൈന അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച കമ്പനി ഇനി തായ്‌ലാന്‍ഡില്‍ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കും. ചൈന, ഹോങ്കോങ്, ജപ്പാന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്ന ബ്രിട്ടീഷ് കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ബ്രിട്ടീഷ് വ്യാപാരികളുടെ സംഘടനയായിരുന്നു ചൈന അസോസിയേഷന്‍.

ഫ്രാങ്ക് സാന്‍ഡേഴ്‌സണും പോള്‍ മെലിസിയും ചേര്‍ന്ന് 2005 ലാണ് സ്‌കോമാഡി സ്ഥാപിച്ചത്. തുടക്കത്തില്‍ വിപണിയില്‍ ലഭ്യമായ സ്‌കൂട്ടറുകള്‍ മാതൃകയാക്കി ഹാന്‍ഡ്ബില്‍ഡ് ലിമിറ്റഡ് എഡിഷന്‍ കസ്റ്റം സ്‌കൂട്ടറുകള്‍ നിര്‍മ്മിച്ചു. 2013 ലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചത്. സ്‌കൂട്ടര്‍ മാനുഫാക്ച്ചറിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് സ്‌കോമാഡി. അല്ലാതെ ഇറ്റാലിയന്‍ ബന്ധം ഏഴയലത്ത് പോലുമില്ല.

പുണെ ആസ്ഥാനമായ എജെ പെര്‍ഫോമന്‍സുമായി സഹകരിച്ചാണ് ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയിലെത്തുന്നത്. അടുത്ത മാസം ആദ്യ ബാച്ച് സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കും

ഇന്ത്യയില്‍ ആദ്യം ടിടി 125 സ്‌കൂട്ടറായിരിക്കും സ്‌കോമാഡി പുറത്തിറക്കുന്നത്. മെയ് മാസത്തില്‍ ആദ്യ ബാച്ച് സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിക്കും. സിബിയു രീതിയില്‍ തായ്‌ലാന്‍ഡില്‍നിന്ന് സ്‌കൂട്ടറുകള്‍ ഇറക്കുമതി ചെയ്യുകയാണ്. കസ്റ്റമൈസ് നിറങ്ങളിലും പെയിന്റ് സ്‌കീമുകളിലും സ്‌കോമാഡി സ്‌കൂട്ടറുകള്‍ വാങ്ങാം. എന്നാല്‍ വില കുറച്ചധികം കൂടുതലായിരിക്കും. സ്‌കോമാഡി ടിടി 125 സ്‌കൂട്ടറിന് 1.98 ലക്ഷം രൂപയാണ് പുണെ എക്‌സ് ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വില കൂടിയ വെസ്പ സ്‌കൂട്ടറിലേതിനേക്കാള്‍ ഇരട്ടി ആക്‌സസറികള്‍ സ്‌കോമാഡി ടിടി 125 സ്‌കൂട്ടറില്‍ കാണും. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയിട്ടില്ല.

Comments

comments

Categories: Auto