ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിന് പൊന്‍തിളക്കം

ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിന് പൊന്‍തിളക്കം

 

ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിന് പൊന്‍തിളക്കം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസമില്‍നിന്നുള്ള വില്ലേജ് റോക്സ്റ്റാര്‍സാണ് മികച്ച ചിത്രം. സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖില്‍ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകന്‍. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകത്തിനാണ്.

ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയവുമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ നേടി. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ആളൊരുക്കം തിരഞ്ഞെടുക്കപ്പെട്ടു. ദേശീയോദ്ഗ്രഥന ചിത്രമായി ധപ്പയും തിരഞ്ഞെടുത്തു. സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഹിന്ദി നടി ദിവ്യ ദത്തയാണ്. എ.ആര്‍.റഹ്മാന്റെ കാട്രു വെളിയിടൈ എന്ന ചിത്രത്തിനാണ് മികച്ച സംഗീതത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. മികച്ച പശ്ചാത്തല സംഗീതം അവാര്‍ഡ് എ.ആര്‍.റഹ്മനാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായി ടേക്ക് ഓഫിലൂടെ സന്തോഷ് രാജന്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

Comments

comments

Categories: Movies