ലംബോര്‍ഗിനി പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കും

ലംബോര്‍ഗിനി പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ പുറത്തിറക്കും

ഒരു മൗണ്ടെയ്ന്‍ ബൈക്കും ഒരു റോഡ് ബൈക്കുമാണ് ഓട്ടോമൊബിലി ലംബോര്‍ഗിനിക്കുവേണ്ടി ഇറ്റല്‍ ടെക്‌നോളജി നിര്‍മ്മിക്കുന്നത്

ബൊളോണ (ഇറ്റലി) : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി മറ്റൊരു ഇറ്റാലിയന്‍ കമ്പനിയായ ഇറ്റല്‍ ടെക്‌നോളജിയുമായി സഹകരിച്ച് പുതിയ ബിസിനസ് ആരംഭിച്ചു. ലംബോര്‍ഗിനി പേരും ലോഗോയും വഹിക്കുന്ന ഇലക്ട്രിക് ബൈസൈക്കിളുകള്‍ പുറത്തിറക്കുന്നതിനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. സെയിന്റ് അഗത ബൊളോണീസിലെ ലംബോര്‍ഗിനി മ്യൂസിയത്തില്‍ ഇരു കമ്പനികളും ചേര്‍ന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. റേസിംഗ് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിന് ലംബോര്‍ഗിനി നേരത്തെ വിവിധ ബൈസൈക്കിള്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചിരുന്നു.

ഒരു മൗണ്ടെയ്ന്‍ ബൈക്കും ഒരു റോഡ് ബൈക്കുമാണ് ഓട്ടോമൊബിലി ലംബോര്‍ഗിനിക്കുവേണ്ടി ഇറ്റല്‍ ടെക്‌നോളജി നിര്‍മ്മിക്കുന്നത്. ലംബോര്‍ഗിനിയുടെ പേരിലും ലോഗോയിലും പുറത്തിറക്കുന്ന ഇലക്ട്രിക് ബൈസൈക്കിളുകള്‍ ലംബോര്‍ഗിനിയുടെ ആഡ് പേഴ്‌സോണം പ്രോഗ്രാമിലൂടെ കസ്റ്റമൈസ് ചെയ്യാം. ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമന്റെയുടെയും മറ്റ് ലംബോര്‍ഗിനി കാറുകളുടെയും അതേ നിറത്തില്‍ ഇലക്ട്രിക് ബൈസൈക്കിള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

മൗണ്ടെയ്ന്‍ ഇലക്ട്രിക് സൈക്കിളിനും റോഡ് ഇലക്ട്രിക് സൈക്കിളിനും ലംബോര്‍ഗിനി 8 സ്പീഡാണ് നല്‍കിയിരിക്കുന്നത്. ആന്റി തെഫ്റ്റ് പിന്‍ മറ്റൊരു സവിശേഷതയാണ്. പെഡല്‍ ചവിട്ടാന്‍ കഴിയാത്തവിധം ഈ പിന്‍ റിയര്‍ ഹബ് ലോക്ക് ചെയ്യും. ലിഥിയം അയണ്‍ ബാറ്ററി ഫ്രെയിമിനോട് ചേര്‍ത്തുവെച്ചിരിക്കുന്നു. ബാറ്ററി ശേഷിയുടെ കാര്യമെടുത്താല്‍, ഇക്കോ റൈഡിംഗ് മോഡ് ഉപയോഗിച്ചാല്‍ 145 കിലോമീറ്റര്‍ സഞ്ചരിക്കാം. ലംബോ ഇ-ബൈക്കുകളുടെ മറ്റ് സ്‌പെസിഫിക്കേഷനുകള്‍ ലഭ്യമായിട്ടില്ല. അതേസമയം, റോഡില്‍ മികച്ച പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് രൂപകല്‍പ്പന ചെയ്തതാണ് സൈക്കിളുകളെന്ന് ലംബോര്‍ഗിനി അവകാശപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി വേഗത്തിലെത്താന്‍ ഇലക്ട്രിക് സൈക്കിളിന് കഴിയും.

ലംബോര്‍ഗിനിയുടെ ആഡ് പേഴ്‌സോണം പ്രോഗ്രാമിലൂടെ സൈക്കിളുകള്‍ കസ്റ്റമൈസ് ചെയ്യാം. ഇക്കോ മോഡില്‍ 145 കിലോമീറ്റര്‍ സഞ്ചരിക്കാം. സൈക്കിളുകള്‍ അടുത്ത മാസം വിപണിയിലെത്തും

ഇലക്ട്രിക് ബൈസൈക്കിളുകള്‍ അടുത്ത മാസം വിപണിയിലെത്തും. വില കൂടുതലായിരിക്കും. അഞ്ച് വര്‍ഷത്തിലധികം നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് ഇ-ബൈക്കുകള്‍ യാഥാര്‍ത്ഥ്യമായത്. നാല് പേറ്റന്റുകള്‍ ലംബോര്‍ഗിനി ഇലക്ട്രിക് ബൈസൈക്കിളുകളുടെ സവിശേഷതയാണ്.

Comments

comments

Categories: Auto