അമ്പലപ്പറമ്പിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കല്ലിനിടിച്ച് കൊന്നു; പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം

അമ്പലപ്പറമ്പിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കല്ലിനിടിച്ച് കൊന്നു; പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് രാജ്യം

ശ്രീനഗര്‍: ക്ഷേത്ര പരിസരത്ത് തടങ്കലിലാക്കി ദിവസങ്ങളോളം നിരവധി പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊന്ന എട്ടുവയസുകാരിയുടെ ദാരുണ മരണത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ജമ്മു കശ്മീരിലെ കത്തുവയില്‍ ജനുവരി ആദ്യവാരം കാണാതായി ഒരാഴ്ചയ്ക്കുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച കുറ്റപത്രത്തിലെ വെളിപ്പെടുത്തലുകളിലൂടെയാണ് മൃഗീയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. മയക്കുമരുന്നും മറ്റും കുത്തിവെച്ച് ദിവസങ്ങളോളം പ്രതികള്‍ മാറിമാറി പീഡിപ്പിച്ച ശേഷം തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ താമസിക്കുന്ന പ്രദേശമാണ് കത്തുവയിലെ രാസാന. ഇവിടെ ആടുമേയ്ക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ജനിവരിയില്‍ പെണ്‍കുട്ടിയെ കാണാതാവുന്നത്. തുടര്‍ന്ന് പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലിസ് ഗോത്രവര്‍ഗത്തില്‍ പെട്ട ഒരാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. പിന്നീട് ഇതേ മാസം 17ന് പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. അന്വേഷണത്തിനൊടുവില്‍ എട്ടോളം പേരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  പെണ്‍കുട്ടിയെ തടങ്കലിലാക്കി പീഡിപ്പിച്ച ഹാള്‍ സ്ഥിതിചെയ്യുന്ന ദേവസ്ഥാനം ക്ഷേത്രത്തിന്റെ ചുമതലക്കാരനും റിട്ട. റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാം, മകന്‍ വിശാല്‍ ജന്‍ഗോത്ര, പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, നാട്ടുകാരനായ പര്‍വേശ് കുമാര്‍, സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് പ്രതികള്‍.

സംഭവം വാര്‍ത്തയായതോടെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ഇന്ത്യാ ഗെയ്റ്റ് വരെ ഇന്നലെ രാത്രി വൈകി കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് അരങ്ങേറി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദാരുണമരണം വര്‍ഗീയ ചേരിതിരിവിനും കാരണമായിട്ടുണ്ട്. കുറ്റക്കാരെ പിടികൂടുന്നതിലെ അനാസ്ഥയും കേസൊതുക്കാനുള്ള നീക്കങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്നു. കുരുന്നുകളുടെ ജീവനുപോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത രാജ്യത്ത് പാര്‍ലമെന്റ് സ്തംഭനത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കി ഉപവാസമിരിക്കുന്ന പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേ സമയം കേരളത്തിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ന്നുവരികയാണ്. ഇതിനിടെ കൊലപാതകത്തെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകരായ ചിലരാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഇത്തരം പ്രചരണങ്ങള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നത്. ഇതിനിടെ വിഷ്ണു നന്ദകുമാര്‍ എന്നയാളുടെ ഫേസ്ബുക്ക് കമന്റ് സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ‘ ഇവളെ ഇപ്പോഴേ കൊന്നത് നന്നായി അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ’ എന്നാണ് ഇയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രമുഖ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി ബാങ്കിന്റെ റേറ്റിംഗ് കുത്തനെ താഴ്ത്തിയും ആളുകള്‍ പ്രതിഷേധമറിയിക്കുന്നുണ്ട്. ഇയാളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നും മറ്റുമുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബാങ്കിന്റെ ഫേസ്ബുക്ക് പേജ്. ഇയാള്‍ക്ക് പുറമെ വിഷ്ണുദത്ത്, പ്രേംദാസ് എന്നിവരും ഇത്തരത്തില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. അമ്പലപ്പറമ്പിലിട്ട് പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശേഷം തലയ്ക്ക് കല്ലിനിടിച്ച് കൊന്ന സംഭവം രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍സാക്ഷ്യമാവുകയാണ്.

Comments

comments

Categories: FK News, FK Special
Tags: kuthua