രണ്ടാഴ്ചയ്ക്കുള്ളില്‍ ഐഫോണ്‍ 6എസ് പ്ലസ് നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും

രണ്ടാഴ്ചയ്ക്കുള്ളില്‍ ഐഫോണ്‍ 6എസ് പ്ലസ് നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കും

ഐഫോണ്‍ 6എസ് പ്ലസിന്റെ വിലയില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ കുറവ് വരും

കൊല്‍ക്കത്ത: അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഐഫോണ്‍ 6എസ് പ്ലസിന്റെ നിര്‍മാണം ആപ്പിള്‍ ബെംഗളൂരുവില്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന ആപ്പിള്‍ ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 6എസ് പ്ലസ്. ഇത് ബെംഗളൂരുവിലെ മാനുഫാക്ച്ചറിംഗ് യൂണിറ്റില്‍ നിര്‍മിക്കുന്നതിനുള്ള പരീക്ഷണ ഘട്ടം ആരംഭിച്ചതായാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കരാര്‍ മാനുഫാക്ച്ചറിംഗ് കമ്പനിയായ വിസ്‌ട്രോണുമായി സഹകരിച്ചാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ 6എസ് പ്ലസിന്റെ നിര്‍മാണത്തിനായി പുതിയ അസംബ്ലി യൂണിറ്റും വിസ്‌ട്രോണ്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു.

തദ്ദേശീയമായി നിര്‍മാണം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ ഐഫോണ്‍ 6എസ് പ്ലസിന്റെ വിലയില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്.

ചൈനയുടെ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകളുമായും സംസംഗിന്റെ ചില പ്രീമിയം മോഡലുകളുമായും വിലയടിസ്ഥാനത്തിലുള്ള മത്സരം ശക്തമാക്കാന്‍ ബെംഗളൂരുവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളോടെ ആപ്പിളിനിത് സാധിക്കും. എന്നാല്‍, വിലക്കുറവ് ഉടന്‍ പ്രാബല്യത്തിലുണ്ടാകില്ല. കാരണം ഐഫോണ്‍ 6 എസ് പ്ലസ് ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാവശ്യമായ മുഴുവന്‍ ചെലവും വിസ്‌ട്രോണിന് തന്നെ വഹിക്കാനാകില്ലെന്നും ചൈനയില്‍ നിന്നും ഘടകങ്ങളുടെ ഇറക്കുമതി തുടരുമെന്നുമാണ് വിവരം. തുടര്‍ന്ന് ക്രമേണ തദ്ദേശീയ ഉല്‍പ്പാദനശേഷി വികസിക്കുന്നതിനൊപ്പം വിലയില്‍ മാറ്റം വരുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കമാണ് പ്രാദേശിക തലത്തില്‍ ഡിവൈസുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്

2017ല്‍ ഇന്ത്യയില്‍ നടന്ന ഐഫോണ്‍ വില്‍പ്പനയില്‍ ഏകദേശം മൂന്നിലൊന്ന് പങ്ക് വഹിക്കുന്നത് ഐഫോണ്‍ 6 സീരീസ് മോഡലുകളാണെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍പോയ്ന്റിന്റെ കണക്കുകള്‍ പറയുന്നത്. ഐഫോണ്‍ വില്‍പ്പനയില്‍ 15 ശതമാനം വിപണി വിഹിതമാണ് ഐഫോണ്‍ എസ്ഇക്കുള്ളത്. ബെംഗളൂരുവിലെ വിസ്‌ട്രോണ്‍ പ്ലാന്റില്‍ നിലവില്‍ ആപ്പിള്‍ നിര്‍മിക്കുന്ന ഏക മോഡല്‍ ഐഫോണ്‍ എസ്ഇയാണ്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഐഫോണ്‍ എസ്ഇ മോഡലുകളുടെ തദ്ദേശീയ നിര്‍മാണം ആരംഭിച്ചത്. ഇതുവഴി ഇന്ത്യയില്‍ ഈ മോഡലുകള്‍ക്ക് ആറ് മുതല്‍ 7 ശതമാനം വരെ വില നിയന്ത്രിക്കാന്‍ കമ്പനിക്കായിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കമാണ് പ്രാദേശിക തലത്തില്‍ ഡിവൈസുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചത്. മൊബീല്‍ ഡിവൈസുകള്‍ക്ക് പുറമെ പ്രിന്റഡ് സര്‍ക്യൂട്ട് ബോഡ്‌സ്, കാമറ മൊഡ്യൂള്‍സ്, കണക്‌റ്റേഴ്‌സ് എന്നിവ പോലുള്ള ഘടകങ്ങളുടെ ഇറക്കുമതിക്കും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 10 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തദ്ദേശീയമായി മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ഫ്‌ളെക്‌സ്, ഫോക്‌സ്‌കോണ്‍ തുടങ്ങിയ മാനുഫാക്ച്ചറിംഗ് കമ്പനികളുമായി കരാറിലെത്തുന്നതിനുള്ള ശ്രമങ്ങളും ആപ്പിള്‍ നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy