മൊബീല്‍ ആപ്ലിക്കേഷനുകളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായി ഭാരതം മാറി
ബെംഗളുരു: ഇത് ആപ്പുകളുടെ ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ആണെങ്കിലും ആപ്പിളിന്റെ ഐഒഎസ് ആണെങ്കിലും ശരി..ഈ രണ്ട് പ്ലാറ്റ്ഫോമുകളിലേക്കും അനുയോജ്യമായ ആപ്പുകള്‍ ശരവേഗത്തിലാണ് രാജ്യത്ത് പുറത്തിറങ്ങുന്നത്. എന്തായാലും ഏറ്റവും വേഗത്തില്‍ വളരുന്ന ആപ്പ് വിപണിയെന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ് ഇന്ത്യ.
2018ലെ ആദ്യ പാദത്തില്‍ ആപ്പ് വിപണിയിലെ വരുമാനത്തില്‍ മികച്ച വര്‍ധനവുണ്ടായെന്നും മൊബീല്‍ ആപ്പ് അനലിറ്റിക്സ് കമ്പനിയായ ആപ്പ് ആനിയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐഒഎസ്, ഗൂഗിള്‍ പ്ലേസ്റ്റോര്‍ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ നടന്നതും ഇന്ത്യയിലാണെന്ന് ആപ്പ് ആനിയുടെ റിപ്പോര്‍ട്ട് പറയുന്നു. യുഎസ് രണ്ടാം സ്ഥാനത്താണ്. ചൈന (ഐഒഎസ്) മൂന്നാം സ്ഥാനത്തുണ്ട്.
കണ്ടന്റ് ആപ്പുകളോട് ഇന്ത്യന്‍ മൊബീല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള താല്പര്യം അതിവേഗം വളരുകയാണ്. വീഡിയോ സ്ട്രീമിംഗ് ആപ്പുകളാണ് ഡൗണ്‍ലോഡില്‍ ഏറ്റവും ജനപ്രിയമായവ. രാജ്യത്ത് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് ആപ്പുകളില്‍ മൂന്നെണ്ണം ഈ വിഭാഗത്തില്‍ പെടുന്നവയാണ്. അതേസമയം ചൈന, യുഎസ് എന്നിവിടങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന പത്ത് ആപ്പുകളില്‍ ഒരെണ്ണം മാത്രമാണ് വീഡിയോ സ്ട്രീമിംഗ് ആപ്പ്.
മറ്റേതൊരു വിപണിയെ അപേക്ഷിച്ചും അതിവേഗത്തില്‍ വളരുന്ന വിപണി ഇന്ത്യയാണെന്നും വാര്‍ഷികാടിസ്ഥാനത്തില്‍ ആദ്യ പാദത്തിലെ വളര്‍ച്ച 41 ശതമാനമാണെന്നും ആപ്പ് ആനി പ്രതിനിധി പറയുന്നു. 24 ശതമാനം വരുമാന വളര്‍ച്ചയുമായി ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. 23 ശതമാനം വരുമാന വളര്‍ച്ച നേടിയ അല്‍ബാനിയ മൂന്നാം സ്ഥാനത്തുണ്ട്.
വരുമാനത്തില്‍ വളര്‍ച്ച നേടിയ ഇന്ത്യയിലെ രണ്ട് ജനപ്രിയ ആപ്ലിക്കേഷനുകള്‍ കണ്ടന്റ് സ്ട്രീമിംഗ് സര്‍വീസായ നെറ്റ്ഫിക്സും, ഡേറ്റിംഗ് ആപ്പായ ടിന്ഡറുമാണ്
വരുമാനത്തില്‍ വളര്‍ച്ച നേടിയ ഇന്ത്യയിലെ രണ്ട് ജനപ്രിയ ആപ്ലിക്കേഷനുകള്‍ കണ്ടന്റ് സ്ട്രീമിംഗ് സര്‍വീസായ നെറ്റ്ഫിക്സും, ഡേറ്റിംഗ് ആപ്പായ ടിന്ഡറുമാണ്. ചൈനീസ് ആപ്പുകളായ യുസിബ്രൗസര്, ഷെയര്‍ഇറ്റ്, വിഗൊ വീഡിയോ എന്നിവ സംയോജിത ഡൗണ്‍ലോഡുകളുടെ അടിസ്ഥാനത്തില്‍ ആദ്യ പത്തില്‍ ഇടം നേടി. കൂടാതെ ഫേസ്ബുക്ക്, മെസേിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയും ഡൗണ്‍ലോഡില്‍ മുന്പില് നില്ക്കുന്നവയാണ്.
ഡാറ്റ നിരക്കുകള്‍ ജനകീയവല്ക്കരിച്ചുള്ള റിലയന്‍സ് ജിയോയുടെ വരവും ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനവും ഉപഭോഗ ശൈലിയില്‍ വന്‍ മാറ്റത്തിന് വഴിവെച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ബ്സ്ക്രൈബര്‍മാരുടെ ശരാശരി ഡാറ്റ ഉപയോഗം 2017ല്‍ പ്രതിമാസം 1.6 ജിബിയിലേക്ക് വളര്‍ന്നുവെന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 2014ലെ 62 എംബിയെന്ന പ്രതിമാസ ഡാറ്റ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 25 മടങ്ങ് വളര്‍ച്ചയാണിത്.
2018ലെ ആദ്യപാദത്തില്‍ ഐഒഎസ്, ഗൂഗിള്‍ പ്ലേ എന്നിവയില്‍ നിന്നുള്ള സംയോജിത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 3.2 ബില്യണ്‍ ഡോളറുമായി യുഎസ് ഒന്നാം സ്ഥാനത്തുണ്ട്. 2.7 ബില്യണ്‍ ഡോളര്‍ വരുമാനവുമായി ജപ്പാന് രണ്ടാം സ്ഥാനത്താണുള്ളത്. 2.4 ബില്യണ്‍ ഡോളര്‍ (ഐഒഎസ് മാത്രം) വരുമാനവുമായി ചൈന മൂന്നാം സ്ഥാനത്തുണ്ട്. മൊബീല്‍ ഡൗണ്‍ലോഡ് പാറ്റേണുകളില്‍ മാറ്റം വരുത്തുന്നത് സമ്പൂര്‍ണ വരുമാന സൃഷ്ടിയില്‍ വേഗത പ്രാപിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്മാര്‍ട്ട്ഫോണുകളുടെ വില കുറയുന്നതും സ്വാകീര്യത വര്‍ധിക്കുന്നതും മൂലം ആപ്പ് ഡൗണ്‍ലോഡുകളുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തല്‍.