അതിവേഗ സാങ്കേതികതാ വളര്‍ച്ച  സാമൂഹ്യപ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും

അതിവേഗ സാങ്കേതികതാ വളര്‍ച്ച  സാമൂഹ്യപ്രത്യാഘതങ്ങള്‍ സൃഷ്ടിക്കും

കൊച്ചി: സാങ്കേതികവിദ്യയുടെ എല്ലാ രംഗങ്ങളിലെയും അതിവേഗ വളര്‍ച്ച വലിയ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതുണ്ടാക്കുന്ന അസമത്വവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കാര്യമായ നടപടികളുണ്ടാകണമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളില്‍ ലോകവ്യാപകമായുണ്ടാകുന്ന തടസങ്ങളും ചടുലമാറ്റങ്ങളും അവസരങ്ങള്‍ വ്യാപകമായി തുറക്കുന്നു എന്നതു ശരിയാണ്. ഉല്‍പ്പാദനത്തെയും പരമ്പരാഗത മേഖലകളെയും പണം നിയന്ത്രിക്കുന്ന അവസ്ഥ വരുന്നു. അതേസമയം തന്നെ മുന്‍കൂട്ടിക്കാണാനാവാത്ത സമാന്തരമായ അസമത്വവും വളരുന്നു. സാമൂഹ്യരംഗത്ത് ആഘാതങ്ങളുണ്ടാകുന്നു. പ്രകൃതിയുടെ സ്വാഭാവികതയെയും സമൂഹത്തെയും കണക്കിലെടുക്കാത്ത വളര്‍ച്ച പ്രതിസന്ധികള്‍ സൃഷ്ടിക്കും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.

പ്രശ്‌നങ്ങളെപ്പറ്റി ചിന്തിക്കുന്നവരെയല്ല, പ്രശ്‌നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടെത്തുന്നവരെയാണു രാജ്യത്തിന് ഇന്നാവശ്യമെന്ന് ആത്മീയാചാര്യനും ഇന്‍ഫിനിത്തിസം മൂവ്‌മെന്റിന്റെ സ്ഥാപകനുമായ മഹാത്രിയ റാ. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷനില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാറ്റത്തിനു തയാറാകണം. മാറ്റം കഠിനമായ പ്രക്രിയയാണ്. എന്നാല്‍ കുറഞ്ഞ സൗകര്യങ്ങളില്‍ നിന്നു കൂടിയ സൗകര്യങ്ങളിലേക്കു മാറണമെങ്കില്‍ ആ ചെറിയ കഠിനകാലത്തിലൂടെ കടന്നുപോയേ പറ്റൂ. ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജിയേക്കാള്‍ പ്രധാനം ട്രാന്‍സ്‌ഫോമേഷന്‍ ടെക്‌നോളജിയാണ്.

ആരോഗ്യം, ധനം, സ്‌നേഹം, സന്തോഷം, ആത്മീയത എന്നിവയുള്ള നേതാക്കളെയാണു രാജ്യം ആവശ്യപ്പെടുന്നത്. റോള്‍ മോഡലുകളില്ല എന്നതാണു യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നം. തൊഴിലും വിദ്യാഭ്യാസവുമാണു ദാരിദ്ര്യം ഇല്ലാതാക്കാനുള്ള വഴികള്‍. ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ടു സ്ഥായിയായ പ്രശ്‌നപരിഹാരമുണ്ടാകില്ല. നല്ല വ്യക്തികളുടെ കൈയില്‍ പണമുണ്ടായാല്‍ നന്മകള്‍ കൂടുതലായി സംഭവിക്കും. മോശം വ്യക്തിയുടെ കൈയിലെ പണം കൂടുതല്‍ മോശമായ കാര്യങ്ങള്‍ക്കേ വഴിവയ്ക്കൂ. സംരംഭകരാണ് ഒരു നാടിനെ മുന്നോട്ടു നയിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും മണിപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനുമായ ടി വി മോഹന്‍ദാസ് പൈ മുഖ്യപ്രഭാഷണം നടത്തി. ആത്മീയാചാര്യനും ഇന്‍ഫിനിത്തിസം മൂവ്‌മെന്റിന്റെ സ്ഥാപകനും പ്രഭാഷകനുമായ മഹാത്രിയ റാ, ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ഡയറക്റ്റര്‍ ജനറല്‍ രേഖ സേഥി, കോഴിക്കോട് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ എ അജയന്‍, ആലപ്പുഴ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെഎംഎ വൈസ് പ്രസിഡന്റ് ദിനേശ് തമ്പി സ്വാഗതവും സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ദേശീയ കണ്‍വെന്‍ഷന്‍ ഇന്നലെ സമാപിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പുമന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിലൂടെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. പ്രൊഫ. കെ വി തോമസ് എംപി, സംസ്ഥാന ചീഫ് സെക്രട്ടറി പോള്‍ ആന്റണി എന്നിവര്‍ സംബന്ധിച്ചു.

Comments

comments

Categories: More