വളര്‍ച്ച തിരിച്ചു പിടിക്കുന്ന ഇന്ത്യ

വളര്‍ച്ച തിരിച്ചു പിടിക്കുന്ന ഇന്ത്യ

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന എഡിബിയുടെ വിലയിരുത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്. മാന്ദ്യ സൂചനകള്‍ക്ക് വിരാമമിട്ട് ഇന്ത്യ വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് അടിവരയിടുന്നു ഈ കണക്കുകള്‍

ഭാരതത്തിന്റെ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കിയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ 2014 മേയ് മാസത്തില്‍ അധികാരത്തിലേറിയത്. നയപരമായ നിശ്ചലാവസ്ഥയിലൂടെ കടന്നു പോയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പുത്തന്‍ ഉണര്‍വേകുന്നതാകും മോദിയുടെ ഭരണമെന്ന് ബിസിനസ് ലോകം കരുതി. അത്രമാത്രം പ്രശ്‌നബാധിതമായിരുന്നു മോദി അധികാരത്തിലേറുമ്പോള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ.

ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക രംഗം പല തരത്തിലുള്ള അവസ്ഥകളിലൂടെ ഈ കാലത്തിനിടയ്ക്ക് കടന്നുപോയി. ശുഭകരമായ നിരവധി സൂചനകള്‍ നല്‍കിയതായിരുന്നു തുടക്കം. എന്നാല്‍ നോട്ട് അസാധുവാക്കലിന്റെയും അതിനെ തുടര്‍ന്ന് നടപ്പിലാക്കിയ ചരക്കു സേവന നികുതി(ജിഎസ്ടി)യുടെയും ഫലമായി സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കപ്പെട്ടു. ഘടനാപരമായ പരിഷ്‌കരണങ്ങളെ തുടര്‍ന്ന് ഒരു സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന സാധാരണ മന്ദത മാത്രമേ ഇന്ത്യയിലും സംഭവിച്ചുള്ളൂവെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ്ടിയും നോട്ട് അസാധുവാക്കലും രാജ്യത്തിന് ഗുണം മാത്രമേ ചെയ്യൂവെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. ആ വാദത്തില്‍ അല്‍പ്പം കാര്യമുണ്ടായിരുന്നത് താനും.

അപ്രതീക്ഷിതമായ നോട്ട് അസാധുവാക്കല്‍ വിവിധ രംഗങ്ങളില്‍ കാര്യമായ മാന്ദ്യമുണ്ടാക്കി. ഓട്ടോ പോലുള്ള മേഖലകളെല്ലാം ഇതിന്റെ പ്രത്യാഘാതം ശരിക്കും അനുഭവിച്ചു. അത് കഴിഞ്ഞ് ജിഎസ്ടി എത്തിയതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ഇതെല്ലാം താല്‍ക്കാലികം മാത്രമായിരുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം ഇന്ത്യ വളര്‍ച്ചയുടെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായാണ് എഡിബി കണക്കാക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലാകട്ടെ ഇത് 7.6 ശതമാനമായി ഉയരുകയും ചെയ്യും. വളര്‍ച്ചാ അധിഷ്ഠിത നയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഊന്നലാണ് ഇന്ത്യയുടെ ഭാവി ശോഭനമാക്കുന്നതെന്നാണ് എഡിബിയുടെ വിലയിരുത്തല്‍.

ഏറ്റവും ശ്രദ്ധേയമായ കാര്യം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന അംഗീകാരം ഇന്ത്യ നിലനിര്‍ത്തുമെന്നതാണ്. ഇന്ത്യയുടെ സൂപ്പര്‍ പവര്‍ യാത്രയ്ക്ക് തുരങ്കം വെക്കാന്‍ സകല തന്ത്രങ്ങളും ചെലുത്തുന്ന ചൈനയുടെ 2018ലെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 6.6 ശതമാനവും 2019ലേത് 6.4 ശതമാനവുമായിരിക്കുമെന്നത് ഇന്ത്യക്ക് ഗുണം ചെയ്യും.

ജിഎസ്ടി സംബന്ധിച്ച സങ്കീര്‍ണതകള്‍ പൂര്‍ണമായും ഒഴിവാകുന്നതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇനിയും കൂടാനാണ് സാധ്യത. അതിനൊപ്പം വികസന നയപരിപാടികളില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുകയും വേണം. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുന്നത് മോദിയെ തീര്‍ച്ചയായും അസ്വസ്ഥനാക്കുന്നുണ്ടാകാം. എന്നാല്‍ വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ട് സാമ്പത്തിക നയങ്ങളില്‍ അയവ് വരുത്താന്‍ ശ്രമിക്കരുത്. അത് രാജ്യത്തിന്റെ വികസന കണക്കുകളെ പുറകോട്ടടിക്കും. ജിഎസ്ടി പോലുള്ള വമ്പന്‍ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്നതിലും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പോലുള്ളവയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിലുമായിരിക്കണം അദ്ദേഹത്തിന്റെ ശ്രദ്ധ.

2019ലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മാത്രമേ ഇന്ത്യയുടെ വളര്‍ച്ചയുടെ ദിശ ഇനി ഏത് രീതിയിലായിരിക്കും എന്ന് വ്യക്തതയോടെ പറയാന്‍ സാധിക്കൂ. സാമ്പത്തികമായി ഉണരുന്ന ഒരു രാജ്യത്ത് ജീവിക്കാനാണ് ജനങ്ങള്‍ക്ക് ആഗ്രഹം. എല്ലാവിധ വിഭജനരാഷ്ട്രീയ സമവാക്യങ്ങള്‍ക്കും അപ്പുറമാണത്. ഇത് കണക്കിലെടുത്താവണം മോദി തന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങള്‍ നടപ്പാക്കേണ്ടത്.

Comments

comments

Categories: Editorial, Slider