സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പുമായി ‘ഓര്‍ക്കുട്ട്’ സ്ഥാപകന്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പുമായി ‘ഓര്‍ക്കുട്ട്’ സ്ഥാപകന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹലോ(hello) എന്ന പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പുമായെത്തിയിരിക്കുകയാണ് ഓര്‍ക്കുട്ട് സ്ഥാപകനും ടര്‍ക്കിഷ് കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ ഓര്‍ക്കുട്ട് ബയുകോക്ട്ടണ്‍. ഒരുകാലത്ത് ലോകമെങ്ങും, പ്രത്യേകിച്ച് ഇന്ത്യയിലും ബ്രസീലിലും ജനകീയമായിരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായിരുന്നു ഓര്‍ക്കുട്ട്. ഗൂഗിളിന്റേതായിരുന്നു ഓര്‍ക്കുട്ട്. ബയുകോക്ട്ടണ്‍ ഗൂഗിള്‍ സേവനം ചെയ്തിരുന്ന കാലത്താണ് ഓര്‍ക്കുട്ട് ഡവലപ്പ് ചെയ്‌തെടുത്തത്. എന്നാല്‍ ഫേസ്ബുക്ക് എത്തിയതോടെ ഓര്‍ക്കുട്ടിന്റെ ജനപ്രീതി നഷ്ടപ്പെടുകയും 2014 ജൂണ്‍ 30ന് ഓര്‍ക്കുട്ട് സേവനം അവസാനിപ്പിക്കുകയുമാണെന്നു ഗൂഗിള്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഡാറ്റ ദുരുപയോഗം ചെയ്ത സംഭവത്തെ തുടര്‍ന്നു ഫേസ്ബുക്ക് വിവാദച്ചുഴിയിലകപ്പെട്ടതും, നിരവധി പേര്‍ ഫേസ്ബുക്ക് എക്കൗണ്ട് ഉപേക്ഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ പുതിയ ആപ്പ് അവതരിപ്പിച്ചു കൊണ്ട് ഇദ്ദേഹമെത്തിയിരിക്കുന്നത്. ഈ ആപ്പ് ബ്രസീലില്‍ 2016-ല്‍ അവതരിപ്പിച്ചിരുന്നതാണ്. 35,000 യൂസര്‍മാര്‍ ഇപ്പോള്‍ ഈ ആപ്പിനുണ്ട്. ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേയിലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മൂന്നാം കക്ഷിയുമായി (തേഡ് പാര്‍ട്ടി) വ്യക്തി വിവരങ്ങള്‍ പങ്കുവയ്‌ക്കേണ്ടി വരില്ലെന്നാണു കമ്പനിയുടെ അവകാശവാദം. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് മൂന്നാം കക്ഷിയുമായി ചേര്‍ന്നായിരുന്നു. ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഏകദേശം 5.62 ലക്ഷം പേരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ അവതരിപ്പിച്ചതിനു ശേഷം യുഎസ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും ഹലോ ആപ്പ് അവതരിപ്പിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഓര്‍ക്കുട്ട് ഇന്ത്യയില്‍ വന്‍ ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ ഓര്‍ക്കുട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന ആപ്പും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: FK Special, Slider