ടൂ വീലറില്‍ സ്വാതന്ത്ര്യം കണ്ടെത്തിയ സംരംഭക

ടൂ വീലറില്‍ സ്വാതന്ത്ര്യം കണ്ടെത്തിയ സംരംഭക

ചെന്നെ വീഥികളില്‍ സുരക്ഷയുടെ ബീക്കണ്‍ തെളിയിച്ചാണ് 23 വര്‍ഷമായി ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂളിന്റെ പ്രവര്‍ത്തനം. അറുപതാം വയസിലും അതിന്റെ അമരക്കാരിയായ ദുര്‍ഗ ചന്ദ്രശേഖരന്‍ പുതിയ വിദ്യാര്‍ത്ഥികളെ വളയം പിടിപ്പിക്കാന്‍ ചുറുചുറുക്കോടെ രംഗത്തുണ്ട്

ചെന്നെയിലെ ഓരോ വീടുകളിലും ചിരപരിതമായ പേരാണ് ദുര്‍ഗ ചന്ദ്രശേഖരന്‍. സ്ത്രീകളിലൂടെയാണ് ഈ പേരിന് വാനോളം പ്രശസ്തി. ഇതിനു കാരണം മറ്റൊന്നുമല്ല, അവരുടെ ഡ്രൈവിംഗ് സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നത് ദുര്‍ഗയുടെ ഡ്രൈവിംഗ് സ്‌കൂളിലൂടെയാണ്. കഴിഞ്ഞ 23 വര്‍ഷമായി ചെന്നൈയിലെ പതിനായിരക്കണക്കിന് സ്ത്രീകളെ സ്റ്റിയറിംഗ് പിടിക്കാന്‍ പഠിപ്പിക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂള്‍. ഇന്ന് അറുപതാം വയസിലും അതിന്റെ അമരക്കാരിയായ ദുര്‍ഗയുടെ ഡ്രൈവിംഗ് നൈപുണ്യത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഈ യാഥാര്‍ത്ഥ്യം അവിടെ പഠിച്ചിറങ്ങുന്ന ഓരോ സ്ത്രീകളും ശരിവെക്കുന്നുമുണ്ട്. ടൂ വീലറിനെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കിയ വനിതയാണ് ദുര്‍ഗ.

ദുര്‍ഗയുടെ തുടക്കം

1995ലാണ് ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂളിന്റെ തുടക്കം. തിരക്കേറിയ ചെന്നൈ വീഥികളിലൂടെ യാത്രചെയ്യാന്‍ ഓരോ സ്ത്രീക്കും ആത്മവിശ്വാസം പകരുന്ന സമീപനമാണ് ദുര്‍ഗയിലേക്ക് ഏവരെയും ആകര്‍ഷിക്കുന്നത്. ഒരു ബിസിനസ് സംരംഭക എന്നതിലുപരി ശക്തയായ ഒരു വനിത എന്ന നിലയില്‍ ഏറ്റവും മികച്ച ഉദാഹരണമാണിവര്‍. നാലു ദശാബ്ദക്കാലം മുമ്പ്, പതിനേഴാം വയസില്‍ വിവാഹിതയായി ചെന്നൈ നഗരത്തിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ ഇങ്ങനെ ആയിരുന്നില്ല. കുംഭകോണം സ്വദേശിനിയായ ആ നാടന്‍ പെണ്‍കുട്ടിക്ക് ചെന്നൈ പുതിയ അനുഭവമായിരുന്നു. ട്രെയിനും വലിയ കെട്ടിടങ്ങളുമൊക്കെ ആദ്യമായി കാണുന്നു. തുടര്‍ന്ന് രണ്ടു മക്കള്‍ ജനിച്ചതോടെ വീടുമായി മാത്രം ഇഴുകിചേര്‍ന്ന ആ പെണ്‍കുട്ടിക്ക് അന്ന് സൈക്കിള്‍ ഓടിക്കാന്‍ പോലുമറിയില്ലെന്നും ദുര്‍ഗ ഓര്‍ക്കുന്നു. ജോലിക്കായി ഗര്‍ഫിലേക്കു പോയ ഭര്‍ത്താവ് തിരികെ വന്നപ്പോള്‍ നല്‍കിയ സമ്മാനമാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടാക്കിയത്. ഒരു ടിവിഎസ് ചാംപ് ആയിരുന്നു ആ സമ്മാനം- ദുര്‍ഗ പറയുന്നു. ഭര്‍ത്താവാണ് സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ചത്. 20 ദിവസം കൊണ്ട് ദുര്‍ഗ അതില്‍ മാസ്റ്ററാവുകയും ചെയ്തു. അത് പില്‍ക്കാലത്ത് ഒരു സംരംഭക ജീവിതത്തിലേക്കുള്ള തുടക്കമാകുമെന്ന് അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും അവര്‍ പറയുന്നു.

അക്കാലത്ത് സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് പോകുമ്പോള്‍ ഒരു ആവരണം എടുത്തുമാറ്റി സഞ്ചരിക്കുന്ന സ്വാതന്ത്ര്യമാണ് ദുര്‍ഗയ്ക്ക് അനുഭവപ്പെട്ടിരുന്നത്. അവര്‍ പോലുമറിയാതെ അയല്‍ക്കാരികളായ സ്ത്രീകള്‍ ദുര്‍ഗയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു. മൂന്ന് സ്ത്രീകളാണ് സ്‌കൂട്ടര്‍ പഠിക്കാനുള്ള ആഗ്രഹം അറിയിച്ച് എത്തിയത്, അവരെല്ലാം തന്നെ ഭര്‍ത്താക്കന്‍മാരോട് ഈ ആവശ്യം ഉന്നയിക്കാന്‍ ഭയപ്പെട്ടിരുന്നു. ആ ഉദ്യമം ദുര്‍ഗ ഏറ്റെടുത്തു. അങ്ങനെയാണ് ദുര്‍ഗ ഡ്രൈവിംഗ് ആദ്യമായി പഠിപ്പിക്കുന്നത്. താന്‍ മാസ്റ്ററായ സ്‌കൂട്ടറില്‍ അയല്‍ക്കാരികളെയും കൂളായി അവര്‍ പഠിപ്പിച്ചു. ” ഇന്ന് ഒരു സ്ത്രീ സ്‌കൂട്ടര്‍ ഓടിക്കുന്നത് വലിയ കാര്യമല്ല. എന്നാല്‍ 80 കാലഘട്ടങ്ങളില്‍ സ്ത്രീകള്‍ ഒരു വീട്ടമ്മയും അമ്മയും മാത്രമായിരുന്ന കാലഘട്ടമാണെന്നു കൂടി ഓര്‍ക്കണം. വളരെ കുറച്ചു സ്ത്രീകള്‍ മാത്രം ജോലിക്കായി പൊതുഗതാ സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന കാലമാണത്” ദുര്‍ഗം പറയുന്നു. ഡ്രൈവിംഗ് പഠനത്തിന്റെ തുടക്കം പിഴച്ചില്ല, ദുര്‍ഗയുടെ വീടിനു മുന്നില്‍ ടൂ വീലര്‍ പഠിക്കാനുള്ളവരുടെ തിരക്ക് അതോടെ ഏറി.

പുരുഷന്‍മാരുടെ ലോകത്തേക്കുള്ള കടന്നുവരവ്

കാല്‍നൂറ്റാണ്ടുകള്‍ക്കപ്പുറം ഡ്രൈവിംഗില്‍ പോലും പുരുഷന്‍മാര്‍ മാത്രം മാസ്റ്റര്‍ ആയ കാലത്താണ് ദുര്‍ഗ ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ തുനിഞ്ഞിറങ്ങിയത്. അതുകൊണ്ടുതന്നെ നിരവധി വെല്ലുവിളികളും തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ” സ്ത്രീകള്‍ക്ക് റോഡില്‍ പരിശീലനം നല്‍കുന്നത് കണ്ട് അന്നത്തെ പ്രശസ്തമായ ചില ഡ്രൈവിംഗ് സ്‌കൂളുകള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ പരാതി നല്‍കി. ഞാന്‍ ലൈസന്‍സ് ഇല്ലാതെ സ്ത്രീകള്‍ക്ക് ടൂ വീലര്‍ പരിശീലനം നല്‍കുന്നു എന്നതായിരുന്നു പരാതി”, ദുര്‍ഗ പറയുന്നു. അതോടെ 1995ല്‍ ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് നേടി വീടിനു പുറത്തായി അവര്‍ ഒരു ഡ്രൈവിംഗ് സ്‌കൂളിന് തുടക്കമിട്ടു.

ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂളിലെത്തുന്ന ഓരോ സ്ത്രീയെയും മാസ്റ്റര്‍ പഠിപ്പിക്കുന്നത് ഡ്രൈവിംഗ് പരിശീലനം മാത്രമല്ല, ഭയത്തെ അതിജീവിക്കാനും കരുത്തരായി ജീവിക്കാനുമുള്ള പാഠങ്ങള്‍ കൂടിയാണ്

ടൂ വീലര്‍ പഠിക്കാന്‍ മാത്രമായി ഡ്രൈവിംഗ് സ്‌കൂള്‍

തുടക്കകാലത്ത് ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂളിന് പ്രത്യേകതകള്‍ ഏറെയുണ്ടായിരുന്നു. കാര്‍ ഓടിക്കാനുള്ള പരിശീലനമല്ല, ആളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ടൂ വീലര്‍ പരിശീലനമാണ് ഇവിടെ നിന്നും നല്‍കിയിരുന്നത്. ”’ ലോകത്തുതന്നെ അക്കാലത്ത് ടൂ വിലര്‍ പഠിപ്പിക്കാന്‍ മാത്രമായി ഒരു ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങിയ ആദ്യ വ്യക്തി ഞാന്‍ ആയിരുന്നിരിക്കാം. അന്ന് ഞങ്ങള്‍ പത്രത്തില്‍ നല്‍കിയ പരസ്യവാചകം ‘ഡ്രൈവിംഗ് പുരുഷന്‍മാരുടെ കുത്തകാവകാശമല്ല’ എന്നതായിരുന്നു. പരസ്യം നല്‍കി ആദ്യ ആഴ്ചയില്‍ തന്നെ 60 കോളുകളാണ് എനിക്കു ലഭിച്ചത്” ദുര്‍ഗ പറയുന്നു. ആഭരണങ്ങള്‍ പണയം വെച്ചു ഡ്രൈവിംഗ് സ്‌കൂളിലേക്ക് ദുര്‍ഗ ഒരു സണ്ണി വാങ്ങി. റോഡപകകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ ഒരു സ്ത്രീയ്ക്കാണ് ഡ്രൈവിംഗ് സ്‌കൂള്‍ വഴി ആദ്യമായി പരിശീലനം നല്‍കിയത്. ആളുകള്‍ക്ക് റോഡ് സുരക്ഷയെ കുറിച്ച് മികച്ച പാഠങ്ങള്‍ കൂടി നല്‍കണമെന്ന് ആ സ്ത്രീയെ പരിശീലിപ്പിച്ചതിലൂടെ മനസിലാക്കാനായെന്നും ദുര്‍ഗ ഓര്‍മിക്കുന്നു. ദുര്‍ഗ ഡ്രൈവിംഗ് പരിശീലന മേഖലയില്‍ തുടര്‍ന്നു സജീവമായി. ക്ഷമയില്ലാത്ത ഭര്‍ത്താക്കന്‍മാരുടെ ടൂ വീലര്‍ ശിക്ഷണത്തില്‍ ഭയന്ന സ്ത്രീകളെല്ലാം ദുര്‍ഗയിലേക്ക് പരിശീലനത്തിനായി ഒഴുകിത്തുടങ്ങി. ഇക്കാലമിത്രയും 50000 ല്‍ പരം സ്ത്രീകളാണ് ദുര്‍ഗയിലൂടെ ബൈക്ക് പരിശീലനം നേടിയിരിക്കുന്നതെന്നും അവര്‍ പറയുന്നു. നിലവില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ടൂ വീലറിനൊപ്പം കാറുകളിലും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. 65 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ പരിശീലനം ലഭ്യമാകുന്നു.

വെല്ലുവിളികള്‍ അതിജീവിച്ച ഡ്രൈവിംഗ് പരിശീലക

ഒരു ഡ്രൈവിംഗ് സ്‌കൂള്‍ ഒറ്റയ്ക്ക് നടത്തിക്കൊണ്ടു പോകുക എന്നത് അക്കാലത്ത് ഒരു സ്ത്രീയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. മറ്റ് ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും നിരവധി മല്‍സരങ്ങളും കോലാഹലങ്ങളും അഭിമുഖീകരിക്കേണ്ടിവരും. നിരവധിയാളുകള്‍ എന്റെ വഴിയില്‍ വിലങ്ങുതടിയായിട്ടുണ്ട്. പ്രത്യേകിച്ചും ഒരു സ്ത്രീയായ ഞാന്‍ എന്റെ ഡ്രൈവിംഗ് സ്വപ്‌നം മറ്റുള്ളവരിലേക്ക് പകരുന്നതും ആളുകള്‍ പ്രശ്‌നമാക്കി. ഇത്തരത്തില്‍ ഒരു സംരംഭക മേഖലയിലേക്ക് ഒരു സ്ത്രീ കടന്നുവന്നതായിരുന്നു ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. എനിക്കൊപ്പം നിന്ന ജോലിക്കാര്‍ പോലും മുന്നറിയിപ്പുകള്‍ തരാതെ സ്ഥാപനം വിട്ടുപോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാന്‍ കാണിച്ച കരുത്താണ് ഈ സംരംഭക മേഖലയില്‍ ഇന്നും നിലനില്‍ക്കാന്‍ പിന്തുണച്ചത്- ദുര്‍ഗ പറയുന്നു.

ദുര്‍ഗ ഡ്രൈവിംഗ് സ്‌കൂളിലെത്തുന്ന ഓരോ സ്ത്രീയെയും മാസ്റ്റര്‍ പഠിപ്പിക്കുന്നത് ഡ്രൈവിംഗ് പരിശീലനം മാത്രമല്ല, ഭയത്തെ അതിജീവിക്കാനും കരുത്തരായി ജീവിക്കാനുമുള്ള പാഠങ്ങള്‍ കൂടിയാണ്. ബൈക്ക് ഓടിക്കാന്‍ പഠിക്കുക എന്നത് ഒരു നൈപുണ്യ പരിശീലനം നേടുക മാത്രമല്ല, മറിച്ച് സ്വാതന്ത്ര്യ ബോധത്തോടെ അവരുടെ സ്വപ്‌നങ്ങള്‍ക്കു ചിറക് വിരിയിക്കാനുള്ള അവസരം കൂടിയാണെന്നും ദുര്‍ഗ പറയുന്നു.

ഇന്ന് എല്ലാത്തരം ടൂ വീലര്‍ പരിശീലനവും ദുര്‍ഗയില്‍ നല്‍കുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് മാത്രം ഓടിക്കാന്‍ കഴിയുന്ന ബൈക്ക് എന്നില്ല, സ്ത്രീകള്‍ വിചാരിച്ചാല്‍, അതിനുള്ള പരിശ്രമം നന്നായാല്‍ ഏതു ബൈക്കും സ്ത്രീകള്‍ക്കു വഴങ്ങുമെന്നും ദുര്‍ഗ പറയുന്നു. സ്വാതന്ത്യബോധവും ജീവിതാഭിലാഷവുമാണ് എന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനം. സമാന ചിന്താഗതികള്‍ നിരവധി സ്ത്രീകളിലേക്ക് എനിക്ക് പകര്‍ത്താനും കഴിഞ്ഞു. ബൈക്ക് പരിശീലനത്തിനൊപ്പം അവരുടെ സ്വപ്‌നങ്ങളാണ് ഓരോ സ്ത്രീയും നേടുന്നത്- ദുര്‍ഗ പറയുന്നു.

Comments

comments

Categories: Entrepreneurship