സെല്‍ഫി വിലക്ക് ക്വോക്കകളെ രക്ഷിക്കുമോ?

സെല്‍ഫി വിലക്ക് ക്വോക്കകളെ രക്ഷിക്കുമോ?

ഓസ്‌ട്രേലിയന്‍ വന്യജീവിയായ ക്വോക്കകളെ രക്ഷിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം

ഓസ്‌ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ചെറുജീവികളാണ് ക്വോക്കകള്‍. പൂച്ചയുടെ വലുപ്പം മാത്രമുള്ള സസ്യഭുക്കാണിത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലുള്ള പെര്‍ത്ത് സംസ്ഥാനത്തെ റോട്ട്‌നെസ്റ്റ് ദ്വീപാണ് ഇവയുടെ വിഹാരകേന്ദ്രം. കൗതുകം തോന്നിക്കുന്ന ഇവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സന്ദര്‍ശകര്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കായികതാരം റോജര്‍ ഫെഡറര്‍ നടി മാര്‍ഗറ്റ് റോബി തുടങ്ങിയവര്‍ ഇവയ്‌ക്കൊപ്പം നിന്നുള്ള ചിത്രങ്ങള്‍ ലക്ഷക്കണക്കിന് ആരാധകരുമായി പങ്കുവെക്കുന്നു.

ഇത്തരം ചിത്രങ്ങളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ക്വോക്ക സെല്‍ഫികള്‍ വിനോദസഞ്ചാരവ്യവസായത്തിന് വലിയ താങ്ങാകുന്നതായി പെര്‍ത്ത് സര്‍ക്കാരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ ഇവയുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്ന ഒരു സംഘം തന്നെ ഇത്തരം സെല്‍ഫികള്‍ക്കെതിരേ രംഗത്തു വന്നു. ഈ ജീവിയുടെ 22,000 ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഹബ്ബാണ് വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കപ്പെട്ട പല ചിത്രങ്ങളും ഈ ജീവികളെ നിന്ദ്യമായി ചിത്രീകരിക്കുന്നവയാണെന്ന് അവര്‍ വാദിക്കുന്നു.

ഹാഷ്ടാഗ് ക്വോക്കസെല്‍ഫി എന്ന പേരിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ഇതേപ്പറ്റി ഇന്‍സ്റ്റഗ്രാം ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും ഡിസംബറോടെ ഇത്തരം ഹാഷ്ടാഗുകളിലൂടെ മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ഹാനികരമായ പെരുമാറ്റങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെയും മൃഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്ന വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ എന്ന സന്നദ്ധസംഘടനയുടെയും പ്രചാരണങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

റോട്ട്‌നെസ്റ്റ് ദ്വീപില്‍ ക്വോക്കകള്‍ സുരക്ഷിതരാണ്. അവയെ മറ്റു ജീവികള്‍ ഭക്ഷണമാക്കാറില്ല. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഇവയ്ക്ക് ഭക്ഷണം നല്‍കുന്നതും സ്പര്‍ശിക്കുന്നതും നിരോധിച്ചിട്ടുമുണ്ട്. നിയമലംഘകര്‍ ക്രിമിനല്‍ കേസുകള്‍ നേരിടേണ്ടി വരും, ഒപ്പം 10,000 പൗണ്ട് പിഴയൊടുക്കുകയും വേണം. 2015-ല്‍ രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ ഒരു ക്വോക്കയെ ചുട്ടു കൊന്നു. നിരവധി മൃഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫോട്ടോ എടുക്കുന്നതു സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല.

മുന്നറിയിപ്പ് നീക്കം ചെയ്യാന്‍ ഇന്‍സ്റ്റഗ്രാമിനോട് റോട്ട്‌നെസ്റ്റ് ദ്വീപ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ സംരക്ഷണനടപടികളെക്കുറിച്ച് അറിയാനോ ജനങ്ങളില്‍ ഈ ജീവികളെക്കുറിച്ച് അവബോധമുണ്ടാക്കാനോ തടസം നില്‍ക്കുന്നതിനാലാണ് മുന്നറിയിപ്പ് നീക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് അവരുടെ വാദം. ക്വോക്കകളുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാണു തങ്ങളെന്നും അവര്‍ അവകാശപ്പെടുന്നു. ലോകത്ത് ക്വോക്കകളുടെ കൂടെ സെല്‍ഫിയെടുക്കാന്‍ പറ്റുന്നത് ഇവിടെ മാത്രമായതിനാലാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിയമങ്ങള്‍ ലഘൂകരിച്ചിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പോള്‍ പപാലിയ പ്രസ്താവിച്ചു.

വന്യജീവി ഗവേഷക കാതറീന്‍ ഹെര്‍ബെര്‍ട്ടിന്റെ അഭിപ്രായം ക്വോക്കകള്‍ക്ക് തീറ്റ നല്‍കുന്നത് ഉപദ്രവം ചെയ്യുമെങ്കിലും സെല്‍ഫികളെടുക്കുന്നതു കൊണ്ട് കുഴപ്പമൊന്നും വരില്ലെന്നാണ്. ചില സമയങ്ങളില്‍ മൃഗങ്ങളെ നമുക്കു സമീപിക്കാനാകും. മനുഷ്യരെ കണ്ടതു കൊണ്ട് അവ അസ്വസ്ഥത കാട്ടില്ല. എങ്കിലും അവയുടെ അന്തഃസംഘര്‍ഷങ്ങളെക്കുറിച്ച് പൂര്‍ണതോതില്‍ അറിയാന്‍ സാധിക്കില്ലെന്ന് ഹെര്‍ബര്‍ട്ട് പറയുന്നു. സന്ദര്‍ശകരാണ് ഇക്കാര്യത്തില്‍ ഔചിത്യം പാലിക്കേണ്ടത്. അടുത്തു ചെല്ലുമ്പോള്‍ അവ അസ്വസ്ഥരാകുന്നില്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതു കൊണ്ട് കുഴപ്പമില്ലെന്ന് ഗവേഷക ക്രിസ്റ്റീന്‍ കൂപ്പറും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ദ്വീപിലെത്തുന്ന സന്ദര്‍ശകര്‍ മിക്കവരും അവയ്ക്ക് ഭക്ഷണം നല്‍കാറുണ്ടെങ്കിലും അവയെ സ്പര്‍ശിക്കാന്‍ തുനിയാറില്ല. നിയമപരമായ മുന്നറിയിപ്പിന് ബഹുമാനിക്കുന്നവരാണ് സഞ്ചാരികള്‍. ഇത്തരം മുന്നറിയിപ്പുകള്‍ അല്‍പ്പം കൂടുതലാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഇന്റര്‍നെറ്റില്‍ ക്വോക്ക സെല്‍ഫികളേക്കാള്‍ ഒരുപാട് മോശം കാര്യങ്ങളുണ്ടെന്ന് അവര്‍ വാദിക്കുന്നു. ഒരു സെല്‍ഫിയെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഘാതങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ അവയ്ക്കു നേരിടുന്നുമുണ്ട്. ക്വോക്കകളെ പുറകെ നടന്ന് ഉപദ്രവിക്കുന്ന സഞ്ചാരികളെയൊന്നും കാണാനില്ല. അവ സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്നെങ്കില്‍ നില്‍ക്കട്ടെ, അല്ലെങ്കില്‍ പോകട്ടെ, അവയെ ആരും പിടിച്ചു നിര്‍ത്തുന്നില്ലെന്നാണ് സഞ്ചാരിയായ സാം പറയുന്നത്.

Comments

comments

Categories: FK Special, Slider