എയര്‍ ഇന്ത്യയില്‍ താല്‍പര്യമറിയിച്ച് നാല് അന്താരാഷ്ട്ര കമ്പനികള്‍

എയര്‍ ഇന്ത്യയില്‍ താല്‍പര്യമറിയിച്ച് നാല് അന്താരാഷ്ട്ര കമ്പനികള്‍

ബ്രിട്ടീഷ് എയര്‍വേസും ലുഫ്ത്തന്‍സയും സിഗപ്പൂര്‍ എയര്‍ലൈന്‍സും മുന്‍ പന്തിയില്‍

ന്യൂഡെല്‍ഹി: നഷ്ടത്തിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വില്‍പനക്ക് വെച്ച പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്ത്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ അന്താരാഷ്ട്ര വിമാനകമ്പനികള്‍ രംഗത്തെത്തി. ഇവയെ കൂടാതെ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള ഒരു പ്രമുഖ വിമാനക്കമ്പനിയും ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉടമസ്ഥതയ്ക്കും നിയന്ത്രണത്തിനുമായുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഇന്ത്യയിലെ വിമാനക്കമ്പനികളുമായി ഈ വിദേശ എയര്‍ലൈനുകള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിട്ടുള്ളത്.

ഒരു വിദേശ കമ്പനിക്ക് എയര്‍ ഇന്ത്യയ്ക്കായി ബിഡ് ചെയ്യണമെങ്കില്‍ 51 ശതമാനം ഓഹരികള്‍ കൈവശമുള്ള ഒരു ഇന്ത്യന്‍ പങ്കാളി വേണം എന്നതാണ് നിയമം. ഈ മാനദണ്ഡം പാലിച്ചുകൊണ്ട് എയര്‍ ഇന്ത്യയ്ക്കു വേണ്ടി ബിഡു ചെയ്യുന്നതിനായി വിദേശ വിമാനക്കമ്പനികള്‍ കണ്‍സോഷ്യം രൂപീകരിക്കണം. ‘നാല് വിമാനക്കമ്പനികളും വളരെ സജീവമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഒരു ഇടത്തരം ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനിയുമായാണ് കണ്‍സോഷ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഒരു അന്താരാഷ്ട്ര വിമാന കമ്പനിയുടെ തലവന്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ഒരു പ്രമുഖ വ്യവസായ സ്ഥാപനവും ഇതിനായി താല്‍പര്യമറിയിച്ചിട്ടുണ്ട്’- പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത വൃത്തങ്ങള്‍ പറഞ്ഞു.

മല്‍സര രംഗത്തേക്ക് ചാടിവീണ ഒരു വിദേശ വിമാനക്കമ്പനിക്ക് നിലവില്‍ മറ്റൊരു ഇന്ത്യന്‍ വിമാനക്കമ്പനിയില്‍ ഓഹരികളുണ്ട്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് നിലവിലെ ഇവരുടെ പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വന്നേക്കും.

മല്‍സര രംഗത്തേക്ക് ചാടിവീണ ഒരു വിദേശ വിമാനക്കമ്പനിക്ക് നിലവില്‍ മറ്റൊരു ഇന്ത്യന്‍ വിമാനക്കമ്പനിയില്‍ ഓഹരികളുണ്ട്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് നിലവിലെ ഇവരുടെ പങ്കാളിയുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വന്നേക്കും.

വിപണിയിലെ ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (ഐഎജി) പറഞ്ഞു. വിസ്താരയുടെ (ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭം) വിപുലീകരണമാണ് തങ്ങളുടെ മുഖ്യ പരിഗണനയെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സും അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിര്‍ദിഷ്ട എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയിലെ താല്‍പര്യം ഉപേക്ഷിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ലുഫ്താന്‍സ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

നിലവിലെ നിബന്ധനകള്‍ പ്രകാരം ബിഡിംഗില്‍ താല്‍പര്യമില്ലെന്ന് ഇന്ത്യന്‍ കമ്പനികളായ ജെറ്റും ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ ആശങ്കപ്പെടുന്നില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ‘എയര്‍ ഇന്ത്യയ്ക്ക് 13 ശതമാനം വിപണി വിഹിതമുണ്ട്. എയര്‍ ഇന്ത്യയുമായുള്ള ഇന്‍ഡിഗോയുടെ സംയുക്ത ആഭ്യന്തര വിപണി വിഹിതം 50 ശതമാനം കവിയും. ഇത് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമായിരുന്നു’- ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇടപാടിന് കമ്മീഷന്റെ അംഗീകാരം കിട്ടിയാലും സംയുക്ത സംരംഭം കുത്തക സ്വഭാവമുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആരെങ്കിലും കോടതിയെ സമീപിച്ചേക്കുമായിരുന്നെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാരണംകൊണ്ടും ശക്തമായ ആഭ്യന്തര സാന്നിധ്യമുള്ളതിനാലുമാണ് എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും അന്താരാഷ്ട്ര സര്‍വീസുകള്‍ മാത്രം ഏറ്റെടുക്കാന്‍ ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. ഈ എയര്‍ലൈനുകള്‍ക്ക് പുറമേ സോവറിന്‍ ഫണ്ടുകളും ഏറ്റെടുപ്പിനായി മുന്നോട്ട് വരുന്നുണ്ട്.

5000 കോടി രൂപയോളമാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. മാര്‍ച്ച് 28ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം എയര്‍ലൈന്‍ വിഭാഗമായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എഐ സാറ്റ്‌സ് (എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനി) എന്നിവയ്ക്കുള്ള ബിഡര്‍മാര്‍ കമ്പനിയുടെ 24,576 കോടി രൂപ കടവും നിലവിലെ 8,816 കോടി രൂപയുടെ ബാധ്യതകളും ഏറ്റെടുക്കേണ്ടി വരും.

Comments

comments

Categories: Business & Economy