2018 ഔഡി ആര്‍എസ്5 കൂപ്പെ അവതരിപ്പിച്ചു

2018 ഔഡി ആര്‍എസ്5 കൂപ്പെ അവതരിപ്പിച്ചു

എക്‌സ് ഷോറൂം വില 1.10 കോടി രൂപ

ന്യൂഡെല്‍ഹി : ഔഡി ഇന്ത്യയില്‍ പുതു തലമുറ ആര്‍എസ്5 കൂപ്പെ പുറത്തിറക്കി. 1,10,65,000 രൂപയാണ് എക്‌സ് ഷോറൂം വില. രണ്ടാം തലമുറ ഔഡി ആര്‍എസ്5 കൂപ്പെയാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഔഡിയുടെ മറ്റ് പെര്‍ഫോമന്‍സ് മോഡലുകളെപ്പോലെ പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ആര്‍എസ്5 കൂപ്പെ.

പുതിയ പ്ലാറ്റ്‌ഫോമിലാണ് രണ്ടാം തലമുറ ഔഡി ആര്‍എസ്5 കൂപ്പെ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍ഗാമിയേക്കാള്‍ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റ്‌ഫോം കൂടാതെ ഓപ്ഷണല്‍ കാര്‍ബണ്‍ ഫൈബര്‍ റൂഫും പെര്‍ഫോമന്‍സ് 2 ഡോര്‍ കാറിന്റെ ഭാരം 60 കിലോയോളം കുറയുന്നതിന് സഹായിച്ചു. സ്‌പോര്‍ടി & അഗ്രസീവ് ബംപറുകള്‍, വലിയ എയര്‍ ഇന്‍ടേക്കുകള്‍, വലിയ ഫ്രണ്ട് ഗ്രില്ല്, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയാണ് മാറ്റങ്ങള്‍. 19 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേഡാണ്.

ചെറിയ 2.9 ലിറ്റര്‍ ടിഎഫ്എസ്‌ഐ വി6 ട്വിന്‍ ടര്‍ബോ എന്‍ജിന്‍ നല്‍കി എന്നതാണ് ഏറ്റവും വലിയ മാറ്റം

മുന്‍ഗാമിയിലുണ്ടായിരുന്ന വി8 എന്‍ജിന്‍ മാറ്റി ചെറിയ 2.9 ലിറ്റര്‍ ടിഎഫ്എസ്‌ഐ വി6 ട്വിന്‍ ടര്‍ബോ എന്‍ജിന്‍ നല്‍കി എന്നതാണ് ഏറ്റവും വലിയ പരിഷ്‌കാരം. 444 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നതാണ് ഈ എന്‍ജിന്‍. ആദ്യ തലമുറ മോഡലിനേക്കാള്‍ 170 എന്‍എം കൂടുതല്‍. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 3.9 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്ന നിലയില്‍ ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആര്‍എസ് ഡൈനാമിക് പാക്കേജ് ഉണ്ടെങ്കില്‍ ടോപ് സ്പീഡ് 280 കിലോമീറ്ററായി വര്‍ധിപ്പിക്കാം. 4 സീറ്റര്‍ കൂപ്പെയുടെ മുന്നില്‍ സ്‌പോര്‍ട്‌സ് സീറ്റുകളും ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീലും നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto