ലോകവ്യാപാരരംഗം അപകടത്തില്‍

ലോകവ്യാപാരരംഗം അപകടത്തില്‍

ആഗോള സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് ലോകശക്തികളുടെ ബലാബലം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോകസമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ഇരുരാഷ്ട്രങ്ങളും ഉയര്‍ന്ന ഇറക്കുമതിത്തീരുവ ചുമത്താന്‍ ആരംഭിച്ചതിനെത്തുടര്‍ന്നുണ്ടായ സാഹചര്യമാണ് ശീതയുദ്ധസമാനസാഹചര്യം സൃഷ്ടിച്ചത്. ലോകം തന്നെ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്ന രൂക്ഷമായ സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധികളിലൂടെ പോകുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഇതു താങ്ങാനാകില്ലെന്നാണ് വിദഗ്ധമതം. ഈ പശ്ചാത്തലത്തില്‍ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നല്‍കുന്ന മുന്നറിയിപ്പിന് പ്രാധാന്യമേറുന്നു. ആഗോള സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കരിനിഴല്‍ വീണിരിക്കുന്നുവെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ് പ്രസ്താവിച്ചു. ലോകവ്യാപാര രംഗം തകര്‍ച്ചയുടെ വക്കിലാണ്. സര്‍ക്കാരുകള്‍ സംരക്ഷണവാദം ഒഴിവാക്കി നിയന്ത്രണം ഏറ്റെടുക്കാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു.

നിലവിലുള്ള സാഹചര്യം ആഗോളസമ്പദ്ഘടനയെ അസ്വസ്ഥപ്പെടുത്തുന്നതും മാന്ദ്യശേഷം പൊടുന്നനെ ഉണ്ടാകുന്ന മുന്നേറ്റം ഉപഭോക്താക്കളില്‍ ദാരിദ്ര്യം വിതയ്ക്കുന്നതുമായിരിക്കുമെന്ന് അവര്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ ലോകരാഷ്ട്രങ്ങളുടെ നിലപാട് ഏതായാലും നിരാശാജനകമാണ്. ലോക വ്യാപാര രംഗം കുത്തനെ ഇടിയുന്ന ശിക്ഷാ നടപടികളാണ് ലോകശക്തികള്‍ എടുക്കുന്നത്. എതിരാളികള്‍ക്കെതിരേയാണു നിലപാടെടുക്കുന്നതെന്ന് അവര്‍ക്ക് അവകാശപ്പെടാം. എന്നാല്‍ ഫലത്തില്‍ അത് അക്ഷന്തവ്യമായ, കൂട്ടായെടുത്ത നയത്തിന്റെ പരാജയമായിത്തീരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാണിജ്യതടസങ്ങള്‍ കുറയ്ക്കാനും അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനും നമുക്ക് ശ്രമങ്ങള്‍ ദ്വിഗുണീഭവിപ്പിക്കാം. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 150 ബില്യണ്‍ ഡോളറിന്റെ ചുങ്കം ചുമത്താനുള്ള അമേരിക്കന്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റീന്‍ ലഗാര്‍ഡിന്റെ പ്രസ്താവന.

ചൈനയുമായി 375 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് അമേരിക്ക നേരിടുന്നത്. അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കിടയിലും ഇരു രാഷ്ട്ര നേതാക്കളും സംഘര്‍ഷങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു വരുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും അമേരിക്ക ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്. ഇവ രണ്ടിന്റെയും ഇറക്കുമതി അമേരിക്കന്‍ വ്യവസായത്തെ തകര്‍ക്കുമെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചൈന തുടങ്ങിയതോടെയാണ് ലോക വ്യാപാരരംഗത്ത് ആശങ്കയ്ക്കു തുടക്കമായത്. ഏപ്രില്‍ ഒന്നിന് യുഎസില്‍ നിന്നുള്ള 128 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തിയത് അമേരിക്കയ്ക്ക് 300 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പഴവര്‍ഗങ്ങള്‍, സോയാബീന്‍, പന്നിയിറച്ചി, വീഞ്ഞ് തുടങ്ങിയവയ്ക്ക് ചുങ്കം ഏര്‍പ്പെടുത്താനുള്ള ചൈനയുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയോടുള്ള യുദ്ധപ്രഖ്യാപനം തന്നെ. അമേരിക്കന്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന 60 ശതമാനം സോയാബീനും ഉപയോഗിക്കുന്നത് ചൈനയാണ്. പന്നിയിറച്ചിയുടെയും വീഞ്ഞിന്റെയും കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണു സ്ഥിതി

ചൈനയുടെ തീരുമാനം വന്ന് 24 മണിക്കൂര്‍ പിന്നിടും മുമ്പ് അമേരിക്ക അവിടെ നിന്നുള്ള കൂടുതല്‍ സാധനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചു. ചൈനീസ് ഇലക്ട്രോണിക്, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ തുടങ്ങി 1,333 സാധനങ്ങള്‍ക്കാണ് ഇത്തവണ അമേരിക്ക തീരുവ ചുമത്തിയത്. ചൈനയുടെ 500 കോടി ഡോളര്‍ മൂല്യമുള്ള ബിസിനസിനെ ഇത് ബാധിക്കും. 24 മണിക്കൂറിനകം 106 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കി ചൈനയും തിരിച്ചടിച്ചു. അമേരിക്കയ്ക്ക് കോടി ഡോളര്‍ നഷ്ടം ഏല്‍പ്പിച്ചു കൊണ്ടുള്ള തീരുമാനം. ഇരു രാജ്യങ്ങളും നടത്തുന്നത് എതിരാളികളുടെ ഉല്‍പ്പാദന, നിര്‍മാണരംഗങ്ങളില്‍ ശക്തമായ ആഘാതമേല്‍പ്പിക്കുന്ന നിര്‍ണായകനീക്കങ്ങളാണ്. ഇതിനെ കേവലം വ്യാപാരനയത്തിനേക്കാളുപരി യുദ്ധത്തിന്റെ തലത്തിലെത്തിക്കുന്നതും ഈ നീക്കങ്ങള്‍ തന്നെ.

അമേരിക്ക ചുങ്കം ഏര്‍പ്പെടുത്തിയ ഉരുക്ക്, അലുമിനിയം ഉല്‍പ്പാദകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. ഘനവ്യവസായങ്ങളില്‍ ലോകത്ത് അനിഷേധ്യസ്ഥാനമാണ് രാജ്യം വഹിക്കുന്നത്. നിര്‍മാണരംഗത്ത് ചൈനയെ തളര്‍ത്താന്‍ ഉദ്ദേശിച്ചാണ് അമേരിക്ക ഇലക്ട്രോണിക്, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് ചുങ്കം ചുമത്തിയത്. ഉന്നതസാങ്കേതികരംഗത്ത് ചൈനയുടെ മുന്നേറ്റം തടയാനും ലക്ഷ്യമിട്ട നടപടിയായിരുന്നു ഇത്. മെയ്ഡ് ഇന്‍ ചൈന 2025 എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സ്വപ്‌നപദ്ധതി ഭാവിയില്‍ അമേരിക്കന്‍ ശാസ്ത്രസാങ്കേതിക ഗവേഷണരംഗത്തിന് ഭീഷണിയാകുമെന്നു മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം. എന്നാല്‍ ഇതിനെയെല്ലാം വെല്ലുവിളിച്ചു കൊണ്ട് അമേരിക്കന്‍ കയറ്റുമതിവ്യവസായത്തിന്റെ വയറ്റത്തടിക്കുന്ന നിയമമാണ് ചൈന പുറപ്പെടുവിച്ചത്.

പഴവര്‍ഗങ്ങള്‍, സോയാബീന്‍, പന്നിയിറച്ചി, വീഞ്ഞ് തുടങ്ങിയവയ്ക്ക് ചുങ്കം ഏര്‍പ്പെടുത്താനുള്ള ചൈനയുടെ തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയോടുള്ള യുദ്ധപ്രഖ്യാപനം തന്നെ. അമേരിക്കന്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന 60 ശതമാനം സോയാബീനും ഉപയോഗിക്കുന്നത് ചൈനയാണ്. പന്നിയിറച്ചിയുടെയും വീഞ്ഞിന്റെയും കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയാണു സ്ഥിതി. ട്രംപിന് ഏറ്റവും കൂടുതല്‍ പിന്തുണയുള്ള മിച്ചിഗണ്‍, ഇയോവ, ഓഹിയോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സോയാബീന്‍ കര്‍ഷകരുള്ളത്. ചൈനയ്‌ക്കെതിരേയുള്ള ട്രംപിന്റെ തീരുമാനം തങ്ങളെയാണ് ഏറ്റവും കൂടുതലെന്നു മനസിലാക്കുന്നതോടെ സോയാബീന്‍ കര്‍ഷകര്‍ സമ്മര്‍ദ്ദമുയര്‍ത്തും. ഇതിനു പുറമെ കാര്‍, രാസവസ്തുക്കള്‍, എയര്‍ക്രാഫ്റ്റ് എന്നിവയ്ക്കും ചൈന ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഇതിനെല്ലാം പുറമെ തീരുമാനങ്ങള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ തന്നെ രംഗത്തു വന്നിരിക്കുന്നു. ലോകവ്യാപാരസംഘടനയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് അമേരിക്കന്‍ തീരുമാനമെന്ന് ചൈന ആരോപിക്കുന്നു. സഖ്യകക്ഷികളായ ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ക്യാനഡ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ യുഎസ് തീരുമാനത്തില്‍ പ്രതിഷേധമുയര്‍ത്തുകയും ഇളവ് ആവശ്യപ്പെടുകയും ചെയ്തു. തീരുമാനം മാറ്റിയില്ലെങ്കില്‍ ലോക വ്യാപാരസംഘടനയുടെ തര്‍ക്ക പരിഹാരസമിതിയില്‍ കേസ് കൊടുക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. അമേരിക്കന്‍ നിര്‍മിതമായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്കും ബൂര്‍ബോണ്‍ വിസ്‌കിക്കും ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ കാറുകള്‍ക്ക് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

ഏതായാലും ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത് ആഗോളസമ്പദ്‌രംഗത്തെ പ്രതിസന്ധിയില്‍ തളിച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കളും കേന്ദ്ര ബാങ്ക് അധികൃതരും വാഷിംഗ്ടണിലെ ഐഎംഎഫ് ആസ്ഥാനത്ത് കൂടിയാലോചനയ്ക്ക് തയാറെടുക്കുകയാണ്. ചൈനീസ് സാമ്പത്തികരംഗം ലോകത്തിനു മുമ്പില്‍ തുറന്നിടുന്നതു തുടരുമെന്നും ചില കാര്യങ്ങളില്‍ ഇറക്കുമതിത്തീരുവ കുറയ്ക്കുന്ന കാര്യങ്ങള്‍ പരിഗണിക്കാമെന്നും ഷി ജിന്‍ പിങ് വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ട ചില ഇളവുകള്‍ ട്രംപും അനുവദിക്കാന്‍ സന്നദ്ധനായി. ട്രംപിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന നിലപാടുകളോട് അമേരിക്കന്‍ പക്ഷപാതികളായ പാശ്ചാത്യലോകത്തിനു തന്നെ കടുത്ത നീരസമുണ്ട്. ട്രംപിനെതിരേയുള്ള വിമര്‍ശനമെന്നു വ്യഖ്യാനിക്കാവുന്ന ഭാഷയിലാണ് ക്രിസ്റ്റീന്‍ പോലും സംസാരിച്ചതെന്നതും ശ്രദ്ധേയം.

വാണിജ്യ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ രാജ്യങ്ങള്‍ക്ക് ആഭ്യന്തരനയങ്ങളില്‍ സ്വയം മാറ്റം വരുത്താവുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. തര്‍ക്കപരിഹാരത്തിന് രാജ്യാന്തര വേദികളെ ഉപയോഗപ്പെടുത്താനുമാകും. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും, എന്നാല്‍ ഒറ്റയ്ക്ക് നിന്നുകൊണ്ട് ആര്‍ക്കും കാര്യങ്ങള്‍ നടത്തിയെടുക്കാനാകില്ലെന്ന് ക്രിസ്റ്റീന്‍ പറഞ്ഞു. നീതിരഹിതമായ വ്യവഹാരങ്ങളിലൂടെ ഒരു രാജ്യത്തിന് ഇതര രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി അവസാനിപ്പിക്കാന്‍ തീരെ അവസരമില്ല. രാജ്യങ്ങള്‍ വരുമാനത്തേക്കാള്‍ ചെലവഴിക്കുന്നുവെന്നതാണ് ഇത്തരമൊരു അസന്തലുതാവസ്ഥയിലേക്കു നയിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ നിന്ന് നേട്ടം കൊയ്ത രാജ്യത്തിന് ഏറ്റവും മികച്ച മാതൃകയായി അമേരിക്കയെ ഉദാഹരിക്കാറുണ്ട്. രാജ്യത്തെ വ്യാപാര അസന്തുലിതാവസ്ഥയില്‍ നിന്നു കരകയറ്റാന്‍ പതിയെ പൊതുചെലവ് വെട്ടിക്കുറച്ചു കൊണ്ടു വരാനും വരുമാനം വര്‍ധിപ്പിക്കാനും അമേരിക്കന്‍ ഭരണകൂടത്തിനു കഴിയും. ഇത് ഭാവിയിലെ ധനകമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്നും ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ കടുത്ത വിമര്‍ശകയാണ് ക്രിസ്റ്റീന്‍. സാമ്പത്തിക കാര്യങ്ങളിലുള്ള ട്രംപിന്റെ തീരുമാനങ്ങളെ അവര്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ നികുതിയിളവു നിര്‍ദേശങ്ങള്‍ ലോകസാമ്പത്തിക രംഗത്തിന് ഭീഷണിയാകുമെന്ന് ദാവോസ് സാമ്പത്തിക ഉച്ചകോടിയില്‍ അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതുമാണ്. അമേരിക്കന്‍ ബാങ്ക് മെറില്‍ ലിന്‍ച് നടത്തിയ സര്‍വേയില്‍ വെറും അഞ്ചു ശതമാനം ആഗോള ഫണ്ട് മാനേജര്‍മാര്‍ മാത്രമാണ് അമേരിക്ക- ചൈന വാണിജ്യയുദ്ധത്തെ വിപണി നേരിടുന്ന അപകടമായി കാണുന്നുള്ളൂ. 45 ശതമാനം പേര്‍ നാണയപ്പെരുപ്പത്തെയും ഓഹരിവിപണിയുടെ തകര്‍ച്ചയെയുമൊക്കെ ഭീഷണിയായി കാണുമ്പോഴാണിത്. മാര്‍ച്ച് ഒന്നിന് ഉരുക്ക്, അലുമിനിയം എന്നിവയുടെ ഇറക്കുമതിത്തീരുവ സംബന്ധിച്ച പ്രഖ്യാപനം വ്യവസായ ലോകത്തിന് വലിയ ഞെട്ടലുളവാക്കിയിരുന്നു. അനായാസമായി വിജയം കൈപ്പിടിയിലൊതുക്കാമെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അത്.

ചൈനയുമായി 375 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് അമേരിക്ക നേരിടുന്നത്. അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കിടയിലും ഇരു രാഷ്ട്ര നേതാക്കളും സംഘര്‍ഷങ്ങള്‍ പടര്‍ത്താന്‍ ശ്രമിച്ചു വരുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും അമേരിക്ക ഇറക്കുമതിത്തീരുവ ചുമത്തിയതോടെയാണ് ആഗോള സാമ്പത്തികരംഗത്ത് പ്രശ്‌നങ്ങള്‍ തലപൊക്കാന്‍ തുടങ്ങിയത്

ഈ റിപ്പോര്‍ട്ട് വന്ന് ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഓഹരിവിപണി ഇടിഞ്ഞത്, നിക്ഷേപകരെ വിഷമസന്ധിയിലാക്കി. പലിശനിരക്ക് ഉയരുന്നത് ലോകസാമ്പത്തികവളര്‍ച്ചയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ കണക്കുകൂട്ടി. വാണിജ്യസംഘര്‍ഷങ്ങളുടെ തീവ്രത വര്‍ധിക്കുന്നതിനനുസരിച്ച്, വിദഗ്ധര്‍ വിപണിയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ കണക്കുകൂട്ടി. വാണിജ്യകിടമല്‍സരം ആഗോള സമ്പദ് വളര്‍ച്ചയെ പ്രതിവര്‍ഷം അര ശതമാനം മുതല്‍ ഒരു ശതമാനം വരെ താഴ്ത്തുമെന്ന് യൂണിക്രെഡിറ്റ് ബാങ്കിന്റെ എറിക് നീല്‍സണ്‍ പറയുന്നു. ഇത് ഓഹരിവിപണിയെ നിശ്ചിതമായ തിരുത്തലിലേക്ക് നയിക്കും. ഇത് കേന്ദ്രബാങ്കിന്റെ പദ്ധതികളെ തടസപ്പെടുത്തുന്നതിലേക്ക് നയിക്കുകയും ഓഹരി, കറന്‍സി വിപണികളെ മാസങ്ങളോളം തിരിച്ചും മറിച്ചും ഇട്ട് ഓടിക്കുകയും ചെയ്യും.

ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കോര്‍പ്പറേറ്റ് നികുതി പരിഷ്‌കരണങ്ങളെ നിക്ഷേപകര്‍ അഭിനന്ദിക്കുകയുണ്ടായി. കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വരുമാന വര്‍ധനവിനുള്ള ചില നടപടികള്‍ ഇതിന്റെ ആക്കം കുറയ്ക്കുമെങ്കിലും സമ്പന്ന രാജ്യമായ അമേരിക്കയ്ക്ക് ചുമത്താവുന്ന നികുതിയുടെ ശരാശരിയില്‍ താഴെയാണിത്. ഈ പരിഷ്‌കരണത്തിലൂടെ പത്തു വര്‍ഷത്തിനുള്ളില്‍ 330 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് അമേരിക്കന്‍ ബിസിനസിനുണ്ടാകാന്‍ പോകുന്നത്. കമ്പനികളും വ്യവസായങ്ങളുമായിരിക്കും പരിഷ്‌കരണത്തിന്റെ പ്രധാന ഗുണഭോക്താക്കളെങ്കിലും യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഭ്യന്തര കമ്പനികള്‍ക്കാണ് ഇതിന്റെ എല്ലാ ഗുണഫലങ്ങളും ലഭിക്കുക. മുന്‍കാല നികുതികളുടെ പേരില്‍ വരുംകാല നികുതിയടവില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിക്കും. ആസ്തികളായി കണക്കാക്കാമെങ്കിലും ഇവ താഴ്ന്ന കോര്‍പ്പറേറ്റ് നികുതി നിരക്കു കാരണം ചുരുങ്ങുന്ന അവസ്ഥയുണ്ട്. നിക്ഷിപ്ത ബാധ്യതകള്‍ ഉള്ള മറ്റു കമ്പനികളാകട്ടെ വന്‍ലാഭം കൈവരിക്കുകയും ചെയ്യുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോകസമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു

രാജ്യാന്തരരംഗത്ത് വലിയ സാന്നിധ്യമുള്ള അമേരിക്കന്‍ കമ്പനികളെ അപേക്ഷിച്ചും ഇത്തരം ചെറിയ കമ്പനികള്‍ക്കാകും കൂടുതല്‍ കാര്യക്ഷമമായ നികുതിനിരക്കുകള്‍ അനുഭവിക്കാന്‍ അവസരം ലഭിക്കുക. നികുതിനഷ്ടങ്ങളില്‍ നിന്ന് കോര്‍പ്പറേറ്റ് കമ്പനികളെ ഒഴിവാക്കാനാകുന്ന നിയമങ്ങളുടെ വലയം എന്നു പറയാവുന്ന ഫുള്‍ എക്‌സ്‌പെന്‍സിംഗ് പോലുള്ള വന്‍ ചെലവിടല്‍ പദ്ധതികളാണ് നിക്ഷേപചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനിമേധാവികള്‍ മുമ്പോട്ടു വെക്കാന്‍ നോക്കുന്നത്. ട്രംപിന്റെ സംരക്ഷിതനയ പ്രഖ്യാപനത്തെ പല നിക്ഷേപകരും കാണുന്നത് ഡോളര്‍ മൂല്യം കുറയ്ക്കാനുള്ള ശ്രമമായിട്ടാണ്. വ്യാപാരക്കമ്മി കുറച്ചുകൊണ്ടു വരാനുള്ള ശ്രമമാണിതെന്ന് അവര്‍ കരുതുന്നു. സാമ്പത്തിക ദേശീയവാദത്തിന്റെ ഉദയം വാണിജ്യ സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിനു സാധ്യത കൂട്ടുന്നുവെന്ന് നിക്ഷേപ വിദഗ്ധ സ്ഥാപനമായ ജിഎംഒയിലെ ബെന്‍ ഇന്‍കെര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു നിക്ഷേപകരെ സമയ പരിധി ചുരുക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

ഭാവിയിലെ ലാഭമെടുപ്പിനു വേണ്ടി അനിശ്ചിതത്വത്തെ ആശ്രയിച്ചാണ് മൂല്യം അനുമാനിക്കപ്പെടുന്നത് എന്നതിനാല്‍ ഓഹരികളെ സംബന്ധിച്ച് ഇതു പ്രശ്‌നമാകുന്നു. ദീര്‍ഘകാല ചരിത്രത്തെ ആശ്രയിച്ചല്ല മൂല്യനിര്‍ണയം നടത്തുന്നത്, മറ്റൊരു ദിശയിലേക്കു തെളിക്കുന്ന സാഹചര്യം കൂടി പരിഗണിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഇതേക്കുറിച്ച് ഇന്‍കെര്‍ അഭിപ്രായപ്പെടുന്നത്. ആഗോള വാണിജ്യയുദ്ധം ഒരു ശക്തമായ സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം മുന്നറിയിപ്പു തരുന്നു. ആഗോള സമ്പദ്‌രംഗം സംബന്ധിച്ച പ്രവചനങ്ങള്‍ തുടരുമ്പോഴും വളര്‍ച്ച ഇടറുന്നത് നികുതിയിളവുകള്‍ നല്‍കുന്ന ഉത്തേജനത്തിന്റെ പുറത്താണെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്റ്റര്‍ പറയുന്നു. കേന്ദ്രബാങ്കുകള്‍ക്ക് പലിശനിരക്കുകള്‍ ഉയര്‍ത്താനും ഇത് അവസരമൊരുക്കും.

Comments

comments

Categories: FK Special, Slider