വേള്‍ഡ് എക്‌സ്‌പോ 2020 ; ഇന്ത്യ ധാരണാപത്രം  ഒപ്പുവെച്ചു

വേള്‍ഡ് എക്‌സ്‌പോ 2020 ; ഇന്ത്യ ധാരണാപത്രം  ഒപ്പുവെച്ചു

ദുബായ്: ആഗോളതലത്തിലുള്ള നൂതന കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുകകയെന്ന ലക്ഷ്യത്തോടെ ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020 ല്‍ ഇന്ത്യന്‍ പവിലിയന്‍ ഒരുക്കുന്നതിനായി ഇന്ത്യയും വേള്‍ഡ് എക്‌സ്‌പോ 2020 ഉം ധാരണാപത്രം ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മനോജ് കെ ദ്വിവേദിയും ദുബായ് എക്‌സ്‌പോ 2020 ബ്യൂറോ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ നജീബ് മൊഹമ്മദ് അല്‍ അലി എന്നിവരുമാണ് കരാറില്‍ ഒപ്പുവെച്ചത്.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി, ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വിപുല്‍, ദുബായ് എക്‌സ്‌പോ ബോര്‍ഡ് ഡയറക്റ്റര്‍-ചീഫ് ഇന്റര്‍നാഷണല്‍ പാര്‍ട്ടിസിപ്പന്റ്‌സ് ഓഫീസര്‍ ഡോ താരേക് ഷയ്യ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആഗോളതലത്തില്‍ ക്രിയേറ്റിവിറ്റി, ഇന്നൊവേഷന്‍, സഹകരണം എന്നിവ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് അഞ്ചു വര്‍ഷത്തിലൊരിക്കലാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

കരാര്‍ പ്രകാരം 2020 ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ ഇന്ത്യക്ക് പവിലിയന്‍ ഒരുക്കുന്നതിനുള്ള സ്ഥലം ലഭ്യമാകും. 2025 ഓടെ അഞ്ചു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി മാറാന്‍ പദ്ധതിയിടുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ ഒരു അവസരമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന പവിലിയന്‍ ഇന്ത്യയിലെ ബഹിരാകാശ, ഫാര്‍മ, ഐടി, പുനരുപയോഗ എനര്‍ജി, ടെലികോം മേഖല എന്നിവിടങ്ങളിലെ മുന്നേറ്റങ്ങള്‍ അവതരിപ്പിക്കുന്നതിലാകും ശ്രദ്ധകേന്ദ്രീകരിക്കുക.

രാജ്യത്തെ മുന്‍നിര ബിസിനസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് ഇന്ത്യന്‍ പവിലിയന്റെ ഭാഗമാകും. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍, വ്യവസായിക സംഘടനകള്‍ എന്നിവരും 2020 ഒക്‌റ്റോബറില്‍ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള വേള്‍ഡ് എക്‌സ്‌പോ 2020 ല്‍ പങ്കെടുക്കും. ഇന്ത്യയുടെ പങ്കാളിത്തം അവിസ്മരണീയമാക്കുന്നതിന് സര്‍ക്കാരിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം സെക്രട്ടറി റിത ടിയോട്ടിയ വ്യവസായിക സംഘടനകളായ ഫിക്കി, സിഐഐ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.

Comments

comments

Categories: Business & Economy