ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്

കൊച്ചി: ഭൂമി കേസില്‍ ഹൈക്കോടതിയുടെ അനുകൂലമായ വിധിയെ ഹാരിസണ്‍സ് മലയാളം സ്വാഗതം ചെയ്യുന്നതായി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. ഹാരിസണ്‍സ് മലയാളത്തിനും പ്രതിസന്ധി നേരിടുന്ന പ്ലാന്റേഷന്‍ മേഖലക്കും ഏറെ ആശ്വാസകരമാണ് വിധി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തങ്ങളുടെ വാദം അംഗീകരിക്കുകയും സ്‌പെഷ്യല്‍ ഓഫീസറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഹാരിസണ്‍ മലയാളത്തിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാനാണ് സ്‌പെഷല്‍ ഓഫീസര്‍ നിര്‍ദേശിച്ചിരുന്നത്. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍സ് മലയാളം അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ ഓഫീസര്‍ നടപടികള്‍ തുടര്‍ന്നത്.

എന്നാല്‍ കേരള ഭൂപരിഷ്‌കരണ നിയമം, കേരള ഭൂ സംരക്ഷണ നിയമം , ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ്, ദി ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്റ്റ് എന്നിവ തെറ്റായി വ്യാഖ്യാനിച്ചാണ് സ്‌പെഷ്യല്‍ ഓഫീസര്‍ ഉത്തരവിറക്കിയതെന്നും ഇവ നിയമപരമായി നില നില്‍ക്കില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു.

ഒരു നൂറ്റാണ്ടിലേറെയായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എംഎല്‍ കൃത്യമായ നികുതിയൊടുക്കുന്നു എന്നു മാത്രമല്ല, സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുമില്ല. ഇതിന് വിരുദ്ധമായി ഒരു കോടതിയും എന്തെങ്കിലും നടപടി എടുത്തിട്ടുമില്ല. ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ് എച്ച്എംഎല്‍. നിയമപ്രകാരമുള്ള അംഗീകാരങ്ങളും ഭൂമി കൈവശം വെക്കുന്നതിനും ബിസിനസ് നടത്തുന്നതിനുമുള്ള എല്ലാ ലൈസന്‍സുകളും എച്ച്എംഎല്ലിനുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന ചട്ടക്കൂടിനകത്ത് നിന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഹൈക്കോടതി വിധിയോടെ എച്ച്എംഎല്ലിനും കമ്പനി കൈവശം വെക്കുന്ന ഭൂമിക്കും മുകളിലുള്ള എല്ലാ സംശയങ്ങളും തീര്‍ന്നതായി പ്രതീക്ഷിക്കുന്നു. യാതൊരു തടസ്സങ്ങളും കൂടാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വളര്‍ച്ചയിലും വികസനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിധി എച്ച്എംഎല്ലിന് സഹായകരമാകും.

ഇതുവഴി ആയിരകണക്കിന് തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും താല്‍പ്പര്യം സംരക്ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: More