ആമസോണിനെ പിന്തള്ളി ഫ്‌ളിപ്കാര്‍ട്ടില്‍ പിടിമുറുക്കി വാള്‍മാര്‍ട്ട്

ആമസോണിനെ പിന്തള്ളി ഫ്‌ളിപ്കാര്‍ട്ടില്‍ പിടിമുറുക്കി വാള്‍മാര്‍ട്ട്

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ഫ്‌ളിപ്കാര്‍ട്ടാണ്

മുംബൈ: ആമസോണിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷ ഓഹരികള്‍ ആഗോള റീട്ടെയ്ല്‍ കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയമുള്ള നിയന്ത്രിത ഓഹരികള്‍ സ്വന്തമാക്കുന്നതിന് യുഎസ് കമ്പനികളായ ആമസോണും വാള്‍മാര്‍ട്ടും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്.

ഫ്‌ളിപ്കാര്‍ട്ട് ബോര്‍ഡ് അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ വാള്‍മാര്‍ട്ടുമായുള്ള ഇടപാടാണ് കൂടുതല്‍ വേഗത്തിലും സുഗമമായും നടത്താന്‍ സാധിക്കുന്നതെന്ന വിലയിരുത്തലാണുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സാന്നിധ്യമില്ലാത്തതിനാല്‍ ചില റെഗുലേറ്ററി തടസങ്ങള്‍ വാള്‍മാര്‍ട്ട് നേരിടുന്നുണ്ട്. ആമസോണാകട്ടെ രാജ്യത്തെ രണ്ടാമത്തെ വലിയ ഇ-കൊമേഴ്‌സ് കമ്പനിയും ഫ്‌ളിപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയുമാണ്. വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധത വാള്‍മാര്‍ട്ട് എക്‌സിക്യൂട്ടിവുകള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നതിനാലും ബിസിനസിനെ കൂടുതല്‍ മൂന്നോട്ട് നയിക്കാന്‍ അവര്‍ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും, ഫ്‌ളിപ്കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും വാള്‍മാര്‍ട്ടിനോട് തന്നെയാണ് താല്‍പ്പര്യം.
ചൈനീസ് വിപണി നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആധിപത്യം നേടാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയ്ക്ക് ഓഹരികള്‍ നേടുന്നതിനാണ് വാള്‍മാര്‍ട്ട് ശ്രമിക്കുന്നത്. സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ് തുടങ്ങി ഫ്‌ളിപ്കാര്‍ട്ടിലെ നിലവിലെ ഓഹരിയുടമസ്ഥരുടെ കൂടി താല്‍പ്പര്യമുനസരിച്ചാണ് കരാര്‍ തുക തീരുമാനിക്കുക. കമ്പനിയുടെ മൂന്നിലൊന്ന് ഓഹരികള്‍ക്ക് ഏകദേശം 7 ബില്യണ്‍ ഡോളര്‍ വരെ നല്‍കാന്‍ വാള്‍മാര്‍ട്ട് തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ കമ്പനിയാണ് വാള്‍മാര്‍ട്ടെങ്കിലും ആമസോണിന്റെ കടന്നുവരവോടെ കൂടുതല്‍ ഉപഭോക്താക്കളും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ചുവടുമാറിയത് കമ്പനിക്ക് തിരിച്ചടിയായിരുന്നു.
വാള്‍മാര്‍ട്ടിന്റെ നിക്ഷേപം തങ്ങളുടെ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടിനെ കൂടുതല്‍ ശക്തമാക്കുമെന്നും മേഖലയില്‍ മത്സരം വര്‍ധിക്കുമെന്നും തിരിച്ചറിഞ്ഞാണ് ഫഌപ്കാര്‍ട്ടിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ആമസോണ്‍ അതിവേഗ നീക്കം നടത്തിയത്. ഫ്‌ളിപ്കാര്‍ട്ടുമായുള്ള ഇടപാട് വിപണിയെ ഏകീകരിക്കുകയും ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെ സഹായിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വിലയിരുത്തല്‍.

വാള്‍മാര്‍ട്ടിനെ അപേക്ഷിച്ച് ആമസോണ്‍ മുന്നോട്ടുവെച്ച കരാര്‍ കൂടുതല്‍ സങ്കീര്‍മാണെന്ന് ഫ്‌ളിപ്കാര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു. വ്യത്യസ്ത ബ്രാന്‍ഡുകളായി രണ്ട് ഇ- കൊമേഴ്‌സ് സൈറ്റുകളും പ്രവര്‍ത്തിക്കുന്നത് തുടരുന്നതടക്കമുള്ള കാര്യങ്ങളില്‍ ആമസോണിന് സര്‍ക്കാര്‍ അധികൃതര്‍ ഇളവ് നല്‍കേണ്ടതായി വരും. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫ്‌ളിപ്കാര്‍ട്ടിനെ സംബന്ധിച്ച് 20 ബില്യണെന്ന പ്രൈസ്ടാഗ് വളരെ വലുതാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ഫ്‌ളിപ്കാര്‍ട്ടാണ്.

Comments

comments

Categories: Business & Economy