എംഎന്‍പി ചട്ടങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നവീകരിക്കുമെന്ന് ട്രായ്

എംഎന്‍പി ചട്ടങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ നവീകരിക്കുമെന്ന് ട്രായ്

മൊബീല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷകള്‍ 2017ല്‍ 64 മില്യണായി കുത്തനെ ഉയര്‍ന്നു

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ചട്ടങ്ങള്‍ ഉടന്‍ നവീകരിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). കൂടുതല്‍ ഉപഭോക്തൃ സൗഹൃദമായ ഈ നയം അടുത്ത രണ്ട് മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു. നിലവില്‍ തെറ്റായ യുപിസി (യുണിക് പോര്‍ട്ടിംഗ് കോഡ്), ബാലന്‍സ് പ്രശ്‌നങ്ങള്‍ എന്നിവ മൂലം വലിയൊരു വിഭാഗം പോര്‍ട്ടിംഗ് അഭ്യര്‍ത്ഥനകളും തള്ളിക്കളയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബീല്‍ നമ്പര്‍ മാറാതെ ടെലികോം സേവനദാതാവിനെ മാറ്റാന്‍ ഉപയോക്താവിന് അവസരം നല്‍കുന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം.

ഓപ്പറേറ്റര്‍മാര്‍ പെട്ടെന്ന് നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത്, സബ്‌സ്‌ക്രൈബര്‍മാരുടെ പ്രീപെയ്ഡ് ബാലന്‍സ് കൈമാറ്റം എന്നിവയടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപകമായ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഈ മാസം ആദ്യം എംഎന്‍പി പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ട്രായ് നിര്‍ദേശങ്ങള്‍ തേടിയിരുന്നു.

എംഎന്‍പിയില്‍ ഉപഭോക്താക്കള്‍ക്ക് തടസങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലെന്നും പോര്‍ട്ട് ചെയ്യല്‍ പ്രക്രിയയ്ക്ക് രണ്ടാഴ്ച എടുക്കരുതെന്നും ശര്‍മ പറഞ്ഞു. പ്രത്യേക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ വേഗത്തില്‍ തന്നെ ഒരു മൊബീല്‍ നമ്പര്‍ മറ്റൊരു ഓപ്പറേറ്ററിലേക്ക് പോര്‍ട്ട് ചെയ്യേണ്ടതാണ്. ഒരു ടെലികോം സേവനദാതാവില്‍ നിന്ന് മറ്റൊന്നിലേക്ക് മൊബില്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്ന പ്രക്രിയ ഉപഭോക്തൃ സൗഹൃദവും ചെലവ് കുറഞ്ഞതുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ എംഎന്‍പി നിരക്ക് 19 രൂപയില്‍നിന്നു നാലു രൂപയാക്കി ട്രായ് കുറച്ചിരുന്നു.

2011 മുതലാണ് രാജ്യത്ത് മൊബീല്‍ നമ്പര്‍ പോര്‍ട്ടിംഗ് സംവിധാനം നിലവില്‍ വന്നത്. ഏകദേശം 345 മില്യണ്‍ പോര്‍ട്ടിംഗ് ആവശ്യങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. 2011ല്‍ 6.5 മില്യണായിരുന്ന എംഎന്‍പി അപേക്ഷകള്‍ 2017ല്‍ 64 മില്യണായി കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) വ്യക്തമാക്കുന്നു.

ടെലികോം മേഖലയില്‍ ദ്രുതഗതിയിലുള്ള ഏകീകരണം നടക്കുന്നതിനാലാണ് ചട്ടങ്ങള്‍ പുനഃക്രമീകരിക്കുന്നത് ആവശ്യമായി വന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എയര്‍സെല്‍ തുടങ്ങിയ കമ്പനികള്‍ സേവനങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ എംഎന്‍പി മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് നിര്‍ബന്ധിതരായിരിക്കുന്നത്. ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ കടന്നുവന്നതിനെ തുടര്‍ന്ന് ആ സേവനം ഉപയോഗപ്പെടുത്തുന്നതിന് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ നിരവധി ഉപഭോക്താക്കള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍,വോഡഫോണ്‍ ഇന്ത്യ എന്നിവ അനധികൃതമായി തള്ളിക്കളഞ്ഞുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Comments

comments

Categories: Business & Economy