ആരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

ആരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: ആരുടെയെല്ലാം ഇഷ്ടക്കേട് സമ്പാദിക്കേണ്ടിവന്നാലും വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ ഭാവിയെക്കരുതി സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധിക്കില്ല. ഭൂമി വിട്ടുനല്‌കേണ്ടി വരുമ്പോഴുള്ള വിഷമം മനസിലാക്കുന്നു. എന്നുകരുതി പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ സാധിക്കില്ല. ഭൂ മി നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണ്. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ മാതൃകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്ഥലം ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍ ചില ആളുകള്‍ അതിന് തടസം നില്‍ക്കുന്നുണ്ട്. അവരുടെ ഇഷ്ടക്കേട് സമ്പാദിച്ചായാലും ഭാവിയെക്കരുതി സമൂഹത്തിനും സര്‍ക്കാരിനും വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ട് പോകാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ ആരുടെ കൈവശവും ആവശ്യത്തിലധികം ഭൂമിയില്ല. അങ്ങനെയാകുമ്പോള്‍ വികസനത്തിനായി ഭൂമി വിട്ടു കൊടുക്കേണ്ടിവരുന്നത് പലര്‍ക്കും പ്രയാസമുണ്ടാക്കും. അത് സര്‍ക്കാര്‍ മനസിലാക്കുന്നു. എന്നുകരുതി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിപാരിഹാരം നല്‍കിയുള്ള പുനരധിവാസം ഉറപ്പുവരുത്തും. അത് സര്‍ക്കാരിന്റെ കടമയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തലപ്പാടി മുതല്‍ കാസര്‍കോടുവരെ നല്ലനിലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു കിലോമീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ 65 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാറുണ്ട്. എന്നാല്‍ കേരളത്തില്‍ ആറു കോടി രൂപവരെ നല്‍കേണ്ടിവരുന്നതായാണ് കേന്ദ്രം പറയുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും എങ്ങനെ സമവായത്തിലെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയില്‍ നിന്ന് അനുകൂല നിലപാടാണ് ഇക്കാര്യത്തില്‍ ലഭിച്ചിരിക്കുന്നത്.

 

Comments

comments

Categories: FK News