നുപുര്‍ മാലിക് ടാറ്റ സണ്‍സ് എച്ച്ആര്‍ മേധാവിയാകും

നുപുര്‍ മാലിക് ടാറ്റ സണ്‍സ് എച്ച്ആര്‍ മേധാവിയാകും

മുംബൈ: ടിസിഎസ് എച്ച് ആര്‍ ഡയറക്റ്റര്‍ (യുകെ,അയര്‍ലന്‍ഡ്) നുപുര്‍ മാലിക് ടാറ്റ വ്യവസായ സ്ഥാപനങ്ങളുടെ ഉടമസ്ഥ കമ്പനിയായ ടാറ്റ സണ്‍സിന്റെ പുതിയ എച്ച്ആര്‍ മേധാവിയാകും. 1997 മുതല്‍ ടിസിഎസില്‍ സേവനമനുഷ്ഠിക്കുന്ന മാലിക് നിലവിലെ എച്ച് ആര്‍ മേധാവിയായ എസ് പത്മനാഭന് പകരമായാണ് ചുമതലയേല്‍ക്കുക. കഴിഞ്ഞ 18 മാസമായി എച്ച് ആര്‍ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്തിരുന്നത് പത്മനാഭനായിരുന്നു.

2016 ഒക്‌റ്റോബറില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിയുടെ അടുത്തയാളായ എന്‍ എസ് രാജന്റെ പിന്‍ഗാമിയായിട്ടായിരുന്നു പത്മനാഭന്റെ നിയമനം. 2013ല്‍ ഇവൈയില്‍ നിന്നുമാണ് ടാറ്റയിലേക്ക് രാജനെ മിസ്ട്രി നിയമിച്ചത്.

നേതൃത്വ സംഘത്തെ ശക്തിപ്പെടുത്തുന്നതിന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് മാലികിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. 2017 ഫെബുവരിയില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് ടിസിഎസ് സിഇഒ ആയിരുന്നു ചന്ദ്രശേഖരന്‍.
എന്നാല്‍ ടാറ്റ സണ്‍സിലെ സുപ്രധാന പദവികളിലെല്ലാം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നതില്‍ കമ്പനിയിലെ ചില ആളുകള്‍ക്ക് അസംതൃപ്തിയുണ്ടെന്നും പ്രവര്‍ത്തന സംസ്‌കാരത്തിലെ മാറ്റം സംബന്ധിച്ച് രത്തന്‍ ടാറ്റയോട് ചിലര്‍ പരാതിപ്പെട്ടുവെന്നുമാണ് സൂചന.

60 വയസുകാരനായ പത്മനാഭന്‍ കമ്പനിയുടെ എച്ച്ആര്‍ നയ പ്രകാരം മേയ് മാസത്തിലാണ് വിരമിക്കുന്നത്. ടാറ്റ സണ്‍സ് ഗ്രൂപ്പ് ചീഫ് എത്തിക്‌സ് ഓഫീസര്‍ മുകുന്ദ് രാജന്‍ അടുത്തിടെ രാജിവെച്ചതിനെ തുടര്‍ന്ന് ആ വിഭാഗത്തിന്റെ മേല്‍നോട്ടവും പത്മാനാഭനാണ് നിര്‍വഹിക്കുന്നത്. ടാറ്റ ബിസിനസ് എക്‌സലന്‍സ് ഗ്രൂപ്പിന്റെ ചെയര്‍മാനും പത്മനാഭനാണ്. ഈ പദവികളില്‍ പകരം ആര് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാര്‍ക്കുള്ള വിരമിക്കല്‍ പ്രായം 70 വയസാണെന്നതിനാല്‍ ടാറ്റ കെമിക്കല്‍സ് പോലെയുള്ള ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡില്‍ പത്മനാഭന്‍ തുടരും.

Comments

comments

Categories: Business & Economy