സ്‌കൂള്‍ ഫീസ് നിയന്ത്രണം; യുപിയുടെ നടപടി സ്വാഗതാര്‍ഹം

സ്‌കൂള്‍ ഫീസ് നിയന്ത്രണം; യുപിയുടെ നടപടി സ്വാഗതാര്‍ഹം

സ്വകാര്യ സ്‌കൂള്‍ ഫീസ് നിയന്ത്രിച്ച് നിര്‍ത്താനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഉചിതമായത്

രാഷ്ട്രത്തിന്റെ വികസനത്തിന് അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് വിദ്യാഭ്യാസം. എന്നാല്‍ പലപ്പോഴും വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞ രീതിയില്‍ കിടക്കുന്നതായാണ് വാര്‍ത്തകള്‍ വരാറുള്ളത്. ഇതില്‍ ഏറ്റവും വലിയ പരാതിയാണ് സ്വകാര്യ സ്‌കൂളുകള്‍ വിദ്യാഭ്യാസത്തെ കൂടുതലായി വാണിജ്യവല്‍ക്കരിക്കുന്നു എന്നത്. ഫീസിന്റെ കാര്യത്തിലാണ് പല സ്‌കൂളുകളും മാതാപിതാക്കള്‍ക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ ബില്‍ പ്രസക്തമാകുന്നത്. സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് പുതിയ സംവിധാനം കൊണ്ടുവരുകയാണ് യുപി. സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ത്തുന്ന ഫീസ് ശക്തമായ നിരീക്ഷണത്തിന് വിധേയമാകും. സിബിഎസ്ഇ, ഐസിഎസ്ഇ, യുപി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ തുടങ്ങിയവയുമായി അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം തന്നെ ഇത് ബാധകമാകും. ഓര്‍ഡിനന്‍സ് ഫോര്‍ സെല്‍ഫ് ഫിനാന്‍സ്ഡ് ഇന്‍ഡിപ്പെന്‍ഡന്റ് സ്‌കൂള്‍സ് (റെഗുലേഷന്‍ ഓഫ് ഫീസ്) ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. റെഗുലേറ്ററി കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാതെ സ്‌കൂളുകള്‍ക്ക് ഇനി ഫീസ് ഉയര്‍ത്താന്‍ സാധി്ക്കില്ല. ഉപഭോക്തൃവില സൂചിക, സ്റ്റാഫിന്റെ സാലറി തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ ഫീസ് വര്‍ധന തീരുമാനിക്കുകയുള്ളൂ. ഫീസ് വര്‍ധിപ്പിക്കുന്ന അക്കാഡമിക് സെഷന് 60 ദിവസം മുമ്പ് തന്നെ പുതുക്കിയ ഫീസ് സ്‌കളൂകളുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും വേണം. മാത്രമല്ല, 7-8 ശതമാനം മാത്രമേ ഫീസില്‍ വര്‍ധന വരാന്‍ പാടുള്ളൂവെന്നതും മാതാപിതാക്കള്‍ക്ക് ഗുണം ചെയ്‌തേക്കും.

അഡ്മിഷന്‍ ഫീസിന്റെ കാര്യത്തിലും യുപി പല നിയന്ത്രണങ്ങളും വച്ചിട്ടുണ്ട്. ഓരോ വര്‍ഷം കൂടുന്തോറും അഡ്മിഷന്‍ ഫീസില്‍ മാറ്റം വരുത്താനോ സ്‌കൂള്‍ യൂണിഫോം പുതുക്കാനോ പാടില്ലെന്ന നിബന്ധനയും സര്‍ക്കാര്‍ വെക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തേക്ക് യൂണിഫോമിലോ ഫീസിലോ മാറ്റം വരുത്തുന്നത് വിലക്കുന്ന തരത്തിലാകും പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത അക്കാഡമിക് സെഷന്‍ തൊട്ട് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ നിബന്ധനകളില്‍ വീഴ്ച്ച വരുത്തുന്ന സ്‌കൂളുകള്‍ക്ക് കടുത്ത പിഴ ഈടാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരം വരെ റദ്ദാക്കുമെന്ന സന്ദേശവും യുപി സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

വാണിജ്യ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമിട്ട് സ്‌കൂളുകളെ കാണുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ഇടയാക്കുന്നതാണ് പുതിയ നിയമപരിഷ്‌കരണം എന്നു വേണം കരുതാന്‍. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഥമ ശ്രദ്ധ നല്‍കേണ്ടത്. യുപിയുടെ മുഖച്ഛായ മാറ്റുന്നതിനും വികസനാത്മക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വൈദഗ്ധ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിനും ബലം പകരുന്നത് മികവുറ്റ വിദ്യാഭ്യാസരംഗമാണ്. അതിന്റെ ദിശ തെറ്റി പോകാതിരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും ജാഗ്രത കാണിക്കണം. കൃത്യസമയത്ത് കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് യഥാവിധി നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്താനുള്ള സംവിധാനങ്ങള്‍ കൂടി യുപി സര്‍ക്കാര്‍ വിന്യസിക്കണം.

Comments

comments

Categories: Editorial, Slider